കൊല്‍ക്കത്ത: സ്ത്രീകള്‍ക്കെതിരെ സുന്ദര്‍ബനിലെ സന്ദേശ് ഖാലിയില്‍ അരങ്ങേറിയ കൊടുംക്രൂരതകള്‍ക്കെതിരെ സാംസ്കാരികസമൂഹം പ്രതികരിക്കണമെന്ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് ഡോ. ജിസ്നു ബസു ആവശ്യപ്പെട്ടു.
പ്രാകൃതമായ രീതിയിലാണ് സന്ദേശ്ഖാലിയിലെ അതിക്രമങ്ങള്‍. വിഷയം പൊതുസമൂഹം ഗൗരവത്തോടെ കാണണം. ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ സാംസ്കാരിക സമൂഹം തയാറായില്ലെങ്കില്‍ ബംഗാളില്‍ ജനജീവിതം ദുസ്സഹമാകുന്ന സാഹചര്യമാണ് ഉണ്ടാവുകയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭാരതത്തിന്റെയാകെ നവോത്ഥാനത്തിനും സാംസ്കാരിക മുന്നേറ്റത്തിനും ചുക്കാന്‍ പിടിച്ചത് ബംഗാളിലെ ഹൈന്ദവാചാര്യന്മാരും സമരനായകരുമാണ്. രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യസമരത്തില്‍ ബംഗാളിന്റെ പങ്ക് വളരെ വലുതാണ്. ആ സമൂഹത്തിന് നേരെയാണ് ഇപ്പോള്‍ ഉന്മൂലനനീക്കം നടക്കുന്നത്. ബംഗാളിഹിന്ദു സമൂഹത്തിന്റെ നിലനില്പിന് നേരെയാണ് ഭീഷണി ഉയരുന്നത്. അപകടകരമായ ഈ സാഹചര്യത്തെ നേരിടാന്‍ ജനങ്ങള്‍ തയാറാകണമെന്ന് പ്രാന്തകാര്യവാഹ് പറഞ്ഞു.
അതിനിടെ സന്ദേശ് ഖാലിയില്‍ തൃണമൂല്‍ അതിക്രമങ്ങള്ക്കിരകളായ സ്ത്രീകളെ സന്ദര്‍ശിച്ച് ദേശീയ പട്ടികജാതി കമ്മിഷന്. ചെയര്മാന് കമ്മിഷന് അരുണ്‍ ഹാല്‍ദര്‍, അംഗം അഞ്ജുബാല എംപി എന്നിവരുടെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥ സംഘം സന്ദേശ് ഖാലിയിലെത്തിയത്. ഞെട്ടിപ്പിക്കുന്ന അതിക്രമങ്ങളാണ് അവിടെ അരങ്ങേറിയതെന്ന് അഞ്ജുബാല പറഞ്ഞു.
സംഭവത്തില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് അരുണ്‍ ഹാല്‍ദര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: