രാജ്കോട്ട്: മുന്‍നിര താരങ്ങളുടെ അഭാവത്തില്‍ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന് ഭാരതം ഇന്ന് ഇറങ്ങുന്നു. അഞ്ച് ടെസ്റ്റുകളുടെ പരമ്പര 1-1 എന്ന നിലയിലാണ്. ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടും രണ്ടാം ടെസ്റ്റില്‍ ഭാരതവും വിജയിച്ചു.
ആദ്യ രണ്ട് ടെസ്റ്റുകളില്‍ നിന്ന് അവധിയെടുത്ത് മാറിനിന്ന വിരാട് കോഹ്ലി പരമ്പരയിലെ ബാക്കിയുള്ള ടെസ്റ്റുകളിലും കളിക്കാനിറങ്ങില്ലെന്നത് ഭാരതത്തിന് തിരിച്ചടിയാണ്. മധ്യനിരയിലെ വിശ്വസ്തന് കെ.എല്‍. രാഹുലും മൂന്നാം ടെസ്റ്റിനിറങ്ങില്ല. ആദ്യ ടെസ്റ്റിനിടെയേറ്റ പരിക്ക് മാറാത്തതാണ് രാഹുലിന് തിരിച്ചടിയായത്. ആദ്യ രണ്ട് ടെസ്്റ്റുകളില്‍ കളിക്കാതിരുന്ന പേസ് ബൗളര്‍ മുഹമ്മദ് ഷമി മൂന്നാം ടെസ്റ്റില്‍ കളിക്കുമെന്ന് വാര്‍ത്തയുണ്ടായിരുന്നെങ്കിലും ഇന്ന് താരവും കളിക്കാനിറങ്ങില്ല. ജസ്പ്രിത് ബുംറ ഇന്ത്യന്‍ ടീമിനൊപ്പം ചേര്ന്നില്ലെന്നുള്ളതാണ് ആരാധകരെ ആശങ്കപ്പെടുത്തുന്ന മറ്റൊരു വാര്‍ത്ത. എന്നാല്‍ അദ്ദേഹം തിരിച്ചെത്തുമെന്നും ആശങ്കപ്പെടാനില്ലെന്നും ടീം മാനേജ്മെന്റ് വൃത്തങ്ങള്‍ അറിയിച്ചു.
രാഹുലും കോഹ്ലിയും ഇല്ലാത്ത ഭാരത നിരയില്‍ ആരൊക്കെ കളിക്കാനിറങ്ങുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇരുവരുടേയും അഭാവം മാത്രമല്ല പ്രശ്നം. വിക്കറ്റ് കീപ്പര്‍ കെ.എസ്. ഭരത് ഫോമിലുമല്ല. സര്‍ഫ്രാസ് ഖാനും ധ്രുവ് ജുറെലും ഇന്ന് ടെസ്്റ്റ് അരങ്ങേറ്റം കുറിക്കാനാണ് സാധ്യത.
ഓപ്പണര്‍മാരായി രോഹിത് ശര്‍മ-യശസ്വി ജയ്സ്വാള്‍ സഖ്യം തുടരും. രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സില്‍ ഡബിള്‍ സെഞ്ചുറി നേടിയ യശസ്വി മികച്ച ഫോമിലാണ്. മൂന്നാമതായി ശുഭ്മാന്‍ ഗില്‍. രണ്ടാം ഇന്നിങ്സില്‍ സെഞ്ചുറിയടിച്ച ശുഭ്മാന്‍ ഗില്ലും ഫോമിലേക്കുയര്‍ന്നത് ഭാരതത്തിന്റെ ആത്മവിശ്വാസം ഉയര്‍ത്തും. കോഹ്ലിയുടെ അഭാവത്തില്‍ കഴിഞ്ഞ ടെസ്റ്റില്‍ അരങ്ങേറ്റം നടത്തിയ രജത് പടീദാര്‍ നാലാം നമ്പറില്‍ തന്നെയിറങ്ങിയേക്കും. അഞ്ചമനായി സര്‍ഫറാസ് ഖാന് എത്തിയേക്കും. രാഹുലിന്റെ പരിക്ക് ഭേദമാകാത്തത് 26 വയസുകാരനായ സര്‍ഫറാസിന് ഗുണം ചെയ്യും. കഴിഞ്ഞ മൂന്ന് ആഭ്യന്തര സീസണുകളില്‍ രഞ്ജി ട്രോഫിയിലടക്കം മികച്ച പ്രകടനം നടത്തിയത് സര്‍ഫ്രാസിന് അനുകൂല ഘടകമാകും. ധ്രുവ് ജുറെലും അരങ്ങേറുമെന്നാണ് റിപ്പോര്‍ട്ട്. വിക്കറ്റ് കീപ്പര്‍ കെ.എസ്. ഭരതിന് പകരമായിട്ടായിരിക്കും 23 വയസുകാരനായ ധ്രുവ് എത്തുക.
രവീന്ദ്ര ജഡേജ തിരിച്ചെത്തുന്നതോടെ അക്സര്‍ പട്ടേലിന് സ്ഥാനം നഷ്ടമായേക്കും. അര്. അശ്വിനൊപ്പം കുല്‍ദീപ് യാദവിന് ഒരവസരം കൂടി നല്‍കാനാണ് സാധ്യത. ഒരു വിക്കറ്റ് കൂടി നേടിയാല്‍ അശ്വിന് 500 വിക്കറ്റ് ക്ലബില്‍ ഇടം നേടും. ബുംറയ്ക്കൊപ്പം മുഹമ്മദ് സിറാജും പേസ് എറിയാനെത്തും.
ഇംഗ്ലണ്ട് നിരയില്‍ പേസര്‍ മാര്‍ക് വുഡ് തിരിച്ചെത്തും. ഇതോടെ 41-കാരന് ജെയിംസ് ആന്ഡേഴ്സനൊപ്പം വുഡ് ഇംഗ്ലണ്ടിന്റെ പേസ് ആക്രമണത്തിന് നേതൃത്വം നല്‍കും. 140 കി.മീ മുകളില്‍ തുടര്‍ച്ചയായി പന്തെറിയുന്ന വുഡിന്റെ സാന്നിധ്യം ഇന്ത്യന്‍ മുന്നേറ്റനിരയ്ക്ക് വെല്ലുവിളിയാകും. രാജ്കോട്ടിലെ പിച്ച് തുടക്കത്തില്‍ പേസര്‍മാരെ തുണയ്ക്കുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഇംഗ്ലണ്ട് ഒരു പേസറെക്കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. മാര്‍ക് വുഡിന്റെ വരവോടെ സ്പിന്നര്‍ ഷൊഐബ് ബഷീറിന് സ്ഥാനം നഷ്ടമാകുന്നത്. ഇതോടെ രണ്ട് പേസര്‍മാരുമായാണ് ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിനിറങ്ങുക. ടോം ഹാര്‍ട്ലി, റെഹാന് അഹമ്മദ് എന്നിവരാണ് ടീമിലെ സ്പിന്നര്‍മാര്‍. ഇംഗ്ലീഷ് നായകന് ബെന്‍ സ്റ്റോക്സ് തന്റെ 100-ാം ടെസ്റ്റിനാണ് ഇന്നിറങ്ങുക.
സാധ്യതാ ഇലവന് ഭാരതം: രോഹിത് ശര്‍മ, യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, രജത് പടിദാര്‍, സര്‍ഫറാസ് ഖാന്, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെല്‍, ആര് അശ്വിന്, ജസ്പ്രിത് ബുമ്ര, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്.
ഇംഗ്ലണ്ട്: സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ജോണി ബെയര്‍സ്റ്റോ, ബെന്‍ സ്റ്റോക്സ്, ബെന്‍ ഫോക്സ്, റെഹാന് അഹമ്മദ്, മാര്‍ക് വുഡ്, ടോം ഹാര്‍ട്ലി, ജെയിംസ് ആന്ഡേഴ്സണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: