അബുദാബി : അബുദാബിയിലെ ബാപ്സ് ഹിന്ദു ശിലാക്ഷേത്രത്തിന്റെ ഉദ്ഘാടന വേള സർവമത ഐക്യദാർഢ്യത്തിൻ്റ നേർക്കാഴ്ചയായി മാറി. ദുബായിലെ പ്രശസ്ത ഗുരുദ്വാര 5,000 ‘ലങ്കാർ’ ഭക്ഷണമാണ് ബുധനാഴ്ച ഇവിടെ വിതരണം ചെയ്തത്. ഗുരു നാനാക്ക് ദർബാർ ഗുരുദ്വാരയുടെ കമ്മിറ്റി ചെയർമാൻ സുരേന്ദർ സിംഗ് കാന്ധാരിയാണ് ഇക്കാര്യം അറിയിച്ചത്.
യുഎഇ അധികാരികൾ എല്ലാ മതങ്ങളോടും കാണിക്കുന്ന നല്ല ചിന്തയിലൂടെയുള്ള സമീപനത്തിനും അവരുടെ ഐക്യത്തിനും സഹിഷ്ണുതയ്‌ക്കും വേണ്ടിയുള്ള പ്രതിബദ്ധതയ്‌ക്ക് നന്ദി പറയാനുള്ള തങ്ങളുടെ വഴി കൂടിയാണിതെന്ന് കാന്ധാരി പറഞ്ഞു. ബാപ്സ് സ്വാമിനാരായൺ സൻസ്തയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആത്മീയ ഗുരുവായ മഹന്ത് സ്വാമി മഹാരാജിന്റെ സാന്നിധ്യത്തിലാണ് ഭക്ഷണം വിളമ്പിയത്.
അയ്യായിരത്തിലധികം ക്ഷണിതാക്കൾ പങ്കെടുത്ത സമർപ്പണ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ക്ഷേത്രം ഉദ്ഘാടനം ചെയ്തത്. ദുബായ്-അബുദാബി ഷെയ്ഖ് സായിദ് ഹൈവേയിൽ നിന്ന് അൽ റഹ്ബയ്‌ക്ക് സമീപം അബുദാബിയിലെ മുറൈഖയിൽ 27 ഏക്കർ സ്ഥലത്ത് 700 കോടി രൂപ ചെലവിൽ ബാപ്സ് സൻസ്തയാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ഗൾഫ് മേഖലയിലെ തന്നെ ഏറ്റവും വലിയ ക്ഷേത്രമാണ് ബാപ്സ് ഹിന്ദു ക്ഷേത്രം. ദുബായിൽ മറ്റ് മൂന്ന് ഹിന്ദു ക്ഷേത്രങ്ങളുമുണ്ട്.
അതേ സമയം യുഎഇയിൽ ഭാരതീയരുടെ എണ്ണം അനുദിനം വർധിച്ചു കൊണ്ടിരിക്കുകയാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നത്. 3.5 ദശലക്ഷം ഭാരതീയരെങ്കിലും യുഎഇയിലുണ്ടെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: