ദുബായ്: എല്ലാവരേയും ഉള്‍ക്കൊള്ളുന്ന സര്‍ക്കാരുകളാണ് ഇന്ന് ആവശ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക സര്‍ക്കാര്‍ ഉച്ചകോടിയില്‍ ഭാവി സര്‍ക്കാരുകളെ രൂപപ്പെടുത്തുക എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സര്‍ക്കാരുകള്‍ എല്ലാവരെയും ഉള്‍ക്കൊള്ളണം, എല്ലാവരെയും ഒപ്പം കൊണ്ടുപോകണം. സുതാര്യവും അഴിമതി മുക്തവുമാകണം. ഭരണവേഗത വര്‍ധിപ്പിക്കാന്‍ സങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തണം. സര്‍ക്കാരിന്റെ അഭാവമോ സര്‍ക്കാരിന്റെ സമ്മര്‍ദ്ദമോ ഉണ്ടാകരുതെന്നും മോദി പറഞ്ഞു.
ഭാരതത്തില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ജനങ്ങള്‍ക്ക് സര്‍ക്കാരിലുള്ള വിശ്വാസം വര്‍ധിച്ചു. ജനങ്ങള്‍ക്ക് സര്‍ക്കാരിന്റെ ഉദ്ദേശത്തിലും പ്രതിബദ്ധതയിലും വിശ്വാസമുണ്ട്. ജനങ്ങളെ മുന്നില്‍കണ്ട് ഭരിക്കുന്ന സര്‍ക്കാരാണ് ഭാരതത്തിലുള്ളത്. ഗ്ലോബല്‍ സൗത്തിന്റെ ശബ്ദം കേള്‍ക്കണം, അവരുടെ പ്രശ്നങ്ങള്‍ മുന്നോട്ടു കൊണ്ടുവരണം. ആവശ്യമുള്ള രാജ്യങ്ങളെ സഹായിക്കണം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ക്രിപ്റ്റോ കറന്‍സി, സൈബര്‍ ക്രൈം തുടങ്ങി ഉയര്‍ന്നുവരുന്ന വെല്ലുവിളികള്‍ക്കായി ആഗോളതലത്തില്‍ തന്നെ പരിഹാരങ്ങള്‍ കണ്ടെത്തണം. വിവിധ രൂപത്തിലുള്ള ഭീകരത മനുഷ്യരാശിക്ക് മുന്നില്‍ ഓരോ ദിവസവും പുതിയ വെല്ലുവിളികള്‍ കൊണ്ടുവരുന്നു. കാലാവസ്ഥാ വെല്ലുവിളികളും കാലത്തിനനുസരിച്ച് വ്യാപകമാവുകയാണെന്നും അദ്ദേഹം പറഞ്ഞു. വിശ്വ ബന്ധു എന്ന നിലയില്‍ ഭാരതം ആഗോള പുരോഗതിക്ക് സംഭാവന നല്‍കുന്നത് തുടരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി ഉച്ചകോടിയില്‍ പങ്കെടുത്തത്. പത്ത് രാജ്യങ്ങളിലെ പ്രസിഡന്റുമാരും പത്ത് രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരും 120ലധികം രാജ്യങ്ങളില്‍ നിന്നുള്ള സര്‍ക്കാര്‍ പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുത്തു. 2018ലെ ലോക സര്‍ക്കാര്‍ ഉച്ചകോടിയിലും മുഖ്യാതിഥിയായി പ്രധാനമന്ത്രി പങ്കെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: