തൃശ്ശൂർ: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും പ്രതിഷേധവുമായി എസ്എഫ്ഐ. വിവിധയിടങ്ങളിലായി 15 പേരെ പോലീസ് അറസ്റ്റ് ചെയ്തു. എസ് എഫ് ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗം സ്വാലിഹ്, വിഷ്ണു ആർ എന്നിവരടക്കമുള്ളവരെയാണ് അറസ്റ്റ് ചെയ്ത് നീക്കിയത്. മെഡിക്കൽ കോളജിന് മുന്നിൽ വച്ചാണ് അറസ്റ്റ് ചെയ്തത്. തൃശൂർ മെഡിക്കൽ കോളേജിൽ ആരോഗ്യ സർവകലാശാല ബിരുദദാന ചടങ്ങിനെത്തിയതായിരുന്നു ഗവർണർ.
ഗവർണർ എത്തുന്നതറിഞ്ഞ് രാമനിലയത്തിൽ നിന്നും മെഡിക്കൽ കോളേജിലേക്കുള്ള വഴിയിൽ പലയിടത്തും എസ്എഫ്ഐ പ്രവർത്തകർ കാത്തു നിൽപ്പുണ്ടായിരുന്നു.
ഗവർണറുടെ വാഹനം കടന്നു പോകുമ്പോൾ രണ്ട് പ്രവർത്തകർ കരിങ്കൊടിയും മുദ്രാവാക്യം വിളികളുമായി ഓടിയെത്തി പ്രതിഷേധിക്കുകയായിരുന്നു. ഇതോടെ എസ്.പി അടക്കമുള്ള പോലീസ് സംഘം ഓടിയെത്തി ഇവരെ ബലം പ്രയോഗിച്ച് അ റസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
വിവിധ പരിപാടികളിൽ പങ്കെടുക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നലെയാണ് തൃശ്ശൂരിലെത്തിയത്. പ്രതിഷേധം ഉണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിട്ടുള്ളത്. ഇന്നലെ വൈകിട്ട് ടൗൺഹാൾ പരിസരത്ത് നിന്ന് അഞ്ച് എസ്എഫ്ഐ പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്ത് കരുതൽ തടങ്കലിലാക്കിയിരുന്നു. സിആർപിഎഫ് സുരക്ഷ ഏർപ്പെടുത്തിയ ശേഷം ആദ്യമായാണ് ഗവർണർ ഇന്നലെ ജില്ലയിൽ എത്തിയത്.
ഇന്ന് പേരകം വിദ്യാനികേതൻ സ്കൂൾ വാർഷികത്തിലും നാളെ വാടാനപ്പള്ളി എങ്ങണ്ടിയൂരിൽ ചരിത്രകാരൻ വേലായുധൻ പണിക്കശേരിയുടെ നവതിയാഘോഷം ഉദ്ഘാടനച്ചടങ്ങിലും ഗവർണർ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: