എഴുതി കൊടുത്തേ സഭയില്‍ ആരോപണം ഉന്നയിക്കാവൂ എന്ന നിബന്ധന വന്നിട്ട് കുറച്ചുകാലമേ ആയുള്ളൂ. അതിനുശേഷം മന്ത്രിമാര്‍ക്കെതിരെ ആരോപണമുന്നയിക്കാന്‍ സ്പീക്കര്‍ക്ക് എഴുതിക്കൊടുത്ത് ഉന്നയിക്കാവുന്നതാണ്. എഴുത്തിന്റെ ആധികാരികത ആരും നോക്കാറില്ല. ഒറിജിനല്‍ രേഖ വേണമെന്ന് മറ്റൊരു സ്പീക്കറും ആവശ്യപ്പെടുന്നത് കേട്ടതേയില്ല. പക്ഷേ മുഖ്യമന്ത്രിക്കെതിരെ മാത്യു കുഴല്നാടന് നല്കിയ രേഖ ഫോട്ടോസ്റ്റാറ്റായിപ്പോയി. അതുകൊണ്ട് അനുവദിക്കാന്‍ നിര്‍വാഹമില്ലെന്നറിയിച്ച സ്പീക്കര്‍ ഷംസീര്‍, കുഴല്‍നാടന്റെ മൈക്ക് ഓഫാക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. എന്താ സംഭവം അല്ലേ?
ഇതിനിടയില്‍ മാത്യു കുഴല്നാടന് പറയുന്നുണ്ടായിരുന്നു, ‘പ്രതിപക്ഷ നേതാവിനെതിരെ പി.വി. അന്‍വര്‍ ആരോപണം ഉന്നയിക്കുമ്പോള്‍ രേഖയൊന്നും ഹാജരാക്കിയില്ലല്ലൊ. അതുകൊണ്ടുതന്നെ അന്‍വറിന്റെ ആരോപണം ചീറ്റിപ്പോയില്ലെ എന്ന്.’ മുഖ്യമന്ത്രിയുടെയും തൈക്കണ്ടിവീണയുടേയും പേരിലെ ആരോപണം അങ്ങിനെ ചീറ്റാതെ പോകട്ടെ എന്ന് ഷംസീര്‍ കരുതിക്കാണുമോ എന്തോ! ആരോപണത്തെക്കുറിച്ച് വീണയില്‍ നിന്ന് ഒരു പൊട്ടലും ചീറ്റലും കണ്ടിട്ടേയില്ല. പ്രതിപക്ഷനേതാവ് വി.ഡി. സതീശന് 150 കോടി രൂപ കോഴസ്വീകരിച്ചു എന്നും മീന്‍വണ്ടിയിലാണത് എത്തിയതെന്നുമാണ് ആരോപണം. മാത്യുവിന്റെ ആരോപണവും സ്പീക്കറുടെ നിലപാടും പ്രതിപക്ഷം കാര്യമായെടുത്തില്ല. എടുത്തിരുന്നുവെങ്കില്‍ ഒരു പ്രതിഷേധത്തില്‍ പ്രതിപക്ഷം നിര്‍ത്തുമായിരുന്നോ? മുഖ്യമന്ത്രിയും പ്രതിപക്ഷവും തമ്മിലൊരു കൊടുക്കല്‍ വാങ്ങല്‍ ഇടപാടുണ്ടോ എന്ന സംശയമാണ് ഇത് ബലപ്പെടുത്തുന്നത്.
മാസപ്പടി വിഷയത്തില്‍ യഥാര്‍ത്ഥ പ്രതി മുഖ്യമന്ത്രി തന്നെയാണെന്ന് കുഴല്‍നാടന്റെ ആരോപണം. 2016 ഡിസംബര്‍ മുതല്‍ തുടര്‍ന്നുള്ള എല്ലാ മാസത്തിലും വീണാ വിജയന് മാസപ്പടി ലഭിച്ചെന്നും സിഎംആര്‍എല്ലിനെ സഹായിക്കാന്‍ കരിമണല്‍ ഖനന നയത്തില്‍ മുഖ്യമന്ത്രി തിരുത്ത് വരുത്തിയെന്നും മാത്യു കുഴല്നാടന് ആരോപണമുണ്ട്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ വീണയ്ക്ക് മാസത്തില്‍ അഞ്ച് ലക്ഷം രൂപ സിഎംആര്‍എല്‍ നല്കി. സിഎംആര്‍എല്ലിന്റെ ഏറ്റവും വലിയ ആവശ്യം എന്നത് ലീസ് അനുവദിച്ച് കിട്ടണം എന്നതാണ്. 2017 മുതല്‍ ഈ അഞ്ച് ലക്ഷത്തിന് പുറമെ മൂന്ന് ലക്ഷം രൂപ വീതം എക്സാലോജിക് എന്ന കമ്പനിയിലേക്ക് സിഎംആര്‍എല്‍ കൊടുത്തുകൊണ്ടിരുന്നു. 2004 മുതലുള്ള സര്‍ക്കാരുകള്‍ എടുത്ത സമീപനം കരിമണല്‍ ഖനനം പൊതുമേഖലയില്‍ മാത്രം മതിയെന്നാണ്.
സിഎംആര്‍എല്ലിന് പാട്ടത്തിനു അനുമതി നല്കാന് പിണറായി സര്‍ക്കാര്‍ വ്യവസായ നയത്തില്‍ മാറ്റം വരുത്തുകയായിരുന്നു. സിഎംആര്‍എല്ലിന് പാട്ടത്തിന് അനുവദിച്ച പ്രദേശം ഏറ്റെടുക്കാന്‍ സര്‍ക്കാരിന് സുപ്രീംകോടതി അധികാരം നല്‍കിയിട്ടും ചെയ്തില്ല. ഇതിനിടെ 2019ല്‍ കേന്ദ്രസര്‍ക്കാര്‍ ആറ്റമിക് ധാതു ഖനനം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മാത്രമാക്കി. തുടര്‍ന്ന് ആ വര്‍ഷം ഏപ്രിലില്‍ സിഎംആര്എല്ലിനുള്ള പാട്ട അനുമതി റദ്ദാക്കി. അന്ന് സിഎംആര്‍എല്‍ മുഖ്യമന്ത്രിക്ക് കത്തു നല്കി. മുഖ്യമന്ത്രി വ്യവസായ സെക്രട്ടറിയോട് നോട്ട് തയാറാക്കാന്‍ ആവശ്യപ്പെട്ടു.
സിഎംആര്‍എല്‍ നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ അവര്‍ക്കായി കരിമണല്‍ ഖനന അനുമതി ഉറപ്പാക്കാന്‍ മുഖ്യമന്ത്രി അസാധാരണമായി ഇടപെട്ടു. മുന്‍ കരാര്‍ റദ്ദാക്കിയ ഫയല്‍ പുനഃപരിശോധിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. മുഖ്യമന്ത്രി ഫയല്‍ പരിശോധിക്കുകയാണെന്ന് വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി 2019ല്‍ എഴുതി. നിയമോപദേശം തേടാന്‍ മുഖ്യമന്ത്രി അധ്യക്ഷനായി യോഗം ചേര്‍ന്നു. വിഷയത്തില്‍ നിയമസഭയില്‍ മുഖ്യമന്ത്രിക്ക് മറുപടി പറയാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനാണ് സ്പീക്കര്‍ കഴിഞ്ഞ ദിവസം തനിക്ക് അനുവദിച്ചു കിട്ടിയ സമയത്ത് നടത്തിയ ഇടപെടല്‍ എന്നും മാത്യു ആരോപിച്ചു.
സിഎംആര്‍എല്‍ കമ്പനിയുമായുള്ള പണമിടപാടുകള്‍ സംബന്ധിച്ച് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് (എസ്എഫ്ഐഒ) ആവശ്യപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ വീണയുടെ എക്സാലോജിക് കമ്പനിയോടു കര്‍ണാടക ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുകയാണ്. അന്വേഷണം റദ്ദാക്കണമെന്ന വീണയുടെ ഹര്‍ജിയില്‍, വിധി പറയുംവരെ അറസ്റ്റ് പാടില്ലെന്നും കോടതി നിര്‍ദേശിച്ചു. അന്വേഷണം പ്രാഥമിക ഘട്ടത്തില്‍ മാത്രമാണെന്നും കടുത്ത നടപടിയുണ്ടാകില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. റജിസ്ട്രാര്‍ ഓഫ് കമ്പനീസ് അന്വേഷണം പ്രഖ്യാപിച്ചശേഷം എസ്എഫ്ഐഒ സമാന്തര അന്വേഷണം നടത്തുന്നത് നിയമപരമല്ലെന്നും ആരോപിക്കപ്പെടുന്ന കുറ്റങ്ങള്‍ ‘സീരിയസ് ഫ്രോഡ്’ അല്ലെന്നുമാണ് എക്സാലോജിക് വാദിച്ചത്. സിഎംആര്‍എല്ലുമായി ബന്ധപ്പെട്ട് 135 കോടി രൂപയുടെ ക്രമക്കേട് ആദായനികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ടെങ്കില്‍ സുതാര്യമല്ലാത്ത ഒട്ടേറെ ഇടപാടുകള്‍ നടന്നിരിക്കാമെന്നും പൊലീസിനെയും മറ്റും ഇടപെടുത്താന്‍ അധികാരമുള്ള എസ്എഫ്ഐഒ തന്നെ അന്വേഷിക്കേണ്ടതുണ്ടെന്നും കേന്ദ്രം വാദിച്ചു. സമാനമായുള്ള നിരൂപണവും തീരുമാനവും തന്നെയാണ് കേരള ഹൈക്കോടതിയും നടത്തിയിട്ടുള്ളത്.
എക്സാലോജിക് സൊല്യൂഷന്‍സ് കമ്പനിയുമായുള്ള പണമിടപാടു സംബന്ധിച്ച് സിഎംആര്‍എല്ലിനോടു വിശദീകരണം തേടിയതിന്റെ രേഖ ഹാജരാക്കാന്‍ കെഎസ്ഐഡിസിയോട് ഹൈക്കോടതി ആവശ്യപ്പെട്ടു. സിഎംആര്‍എല്ലിനോടു വിശദീകരണം തേടിയെങ്കിലും മറുപടി ലഭിച്ചില്ലെന്നു കെഎസ്ഐഡിസി അറിയിച്ചതിനെ തുടര്‍ന്നാണ് ജസ്റ്റിസ് ദേവന് രാമചന്ദ്രന് ഈ നിര്‍ദേശം നല്‍കിയത്. കെഎസ്ഐഡിസി സാവകാശം തേടിയതിനെത്തുടര്‍ന്ന് ഹര്‍ജി 26നു പരിഗണിക്കാന്‍ മാറ്റിവച്ചിട്ടുണ്ട്. സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസിന്റെ (എസ്എഫ്ഐഒ) അന്വേഷണം നിര്‍ത്തണമെന്ന് കെഎസ്ഐഡിസി ആവശ്യപ്പെടുന്നത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി ചോദിച്ചു. പണമിടപാട് ആരോപണം ശരിയെങ്കില്‍, കേരള സര്‍ക്കാര്‍ സ്ഥാപനമായ കെഎസ്ഐഡിസിയുടെ പണമാണു പാഴാക്കിയിരിക്കുന്നത്. സിഎംആര്‍എല്ലില്‍ കെഎസ്ഐഡിസിക്കു നോമിനി ഡയറക്ടറുണ്ട്. സ്വതന്ത്ര ഡയറക്ടറെക്കാള്‍ ഉത്തരവാദിത്വം ഇക്കാര്യത്തിലുണ്ട്. വ്യവസായങ്ങള്‍ക്കു പണം നല്കുന്ന സാമ്പത്തിക സ്ഥാപനമായ കെഎസ്ഐഡിസിയുടെ വിശ്വാസ്യതയെയും ക്രെഡിറ്റ് റേറ്റിങ്ങിനെയും അന്വേഷണം ബാധിക്കുമെന്ന് കെഎസ്ഐഡിസി വിചിത്രമായ വാദമാണ് നിരത്തിയത്. ഏതായാലും ഈ വാദം കേന്ദ്രം അംഗീകരിച്ചില്ല. എസ്എഫ്ഐഒ അന്വേഷണം ആവശ്യപ്പെട്ട് ഷോണ്‍ ജോര്‍ജ് നല്കിയ ഹര്‍ജി 26നു പരിഗണിക്കാന്‍ മാറ്റിയ സാഹചര്യത്തില്‍ രണ്ടുംകൂടി കൂട്ടിക്കുഴച്ച് രംഗം വഷളാക്കുമെന്ന് തീര്‍ച്ച. ഇതൊന്നും കളിക്കാനിട്ട പന്തലല്ലെന്നുറപ്പ്. കളികാര്യമാകും തീര്‍ച്ച.
പ്രതികരിക്കാൻ ഇവിടെ എഴുതുക: