എക്‌സാലോജിക് സൊലൂഷന്‍സും സ്വകാര്യ കമ്പനിയായ സിഎംആര്‍എല്ലും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ച് കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിനു കീഴിലുള്ള എസ്എഫ്‌ഐഒ നടത്തുന്ന അന്വേഷണം റദ്ദാക്കണമെന്ന ആവശ്യം കര്‍ണാടക ഹൈക്കോടതിയും, ഈ അന്വേഷണ പരിധിയില്‍നിന്ന് തങ്ങളെ ഒഴിവാക്കണമെന്ന കെഎസ്‌ഐഡിസിയുടെ ആവശ്യം കേരള ഹൈക്കോടതിയും നിരസിച്ചത് ആരോപണവിധേയരായ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയ്‌ക്കും വലിയ തിരിച്ചടിയാണ്. എസ്എഫ്‌ഐഒയുടെ അന്വേഷണം തടയാനാവില്ലെന്ന് വ്യക്തമാക്കിയ കര്‍ണാടക ഹൈക്കോടതി സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് ഏജന്‍സി ആവശ്യപ്പെട്ട മുഴുവന്‍ രേഖകള്‍ നല്‍കാനും നിര്‍ദ്ദേശിച്ചിരിക്കുകയാണ്. അന്വേഷണം സല്‍പ്പേരിന് കളങ്കം വരുത്തുമെന്നു പറഞ്ഞാണ് കെഎസ്‌ഐഡിസി കോടതിയെ സമീപിച്ചത്. എന്നാല്‍ ശരിയായ അന്വേഷണം നടത്തേണ്ടത് കെഎസ്‌ഐഡിസിയുടെ താല്‍പര്യമല്ലേയെന്ന് ചോദിച്ച കേരള ഹൈക്കോടതി, സ്ഥാപനത്തെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കണമെങ്കില്‍ നിരപരാധിത്വം തെളിയിക്കേണ്ടത് ആവശ്യമാണെന്നു വ്യക്തമാക്കിയത് ശ്രദ്ധേയമാണ്. കെഎസ്‌ഐഡിസിയുടെ ഹര്‍ജി സ്ഥാപിതതാല്‍പര്യമാണെന്ന് കോടതിക്ക് തോന്നിയിരിക്കുന്നു. മുഖ്യമന്ത്രിയുടെ മകളായ വീണയുടെ ബെംഗളൂരുവിലെ സ്ഥാപനമായ എക്‌സാലോജിക്ക് സൊലൂഷന്‍സിന് സേവനമൊന്നും നല്‍കാതെ മാസപ്പടി നല്‍കിയ സിഎംആര്‍എല്ലില്‍ കേരളാ പൊതുമേഖലാ സ്ഥാപനമായ കെഎസ്‌ഐഡിസിക്ക് ഓഹരിയുണ്ട്. ഇക്കാരണത്താലാണ് വീണയ്‌ക്കും മറ്റുമെതിരായ അനേ്വഷണം കെഎസ്‌ഐഡിസിയിലേക്കും നീണ്ടത്.
എക്‌സാലോജിക്കിന്റെ ഉടമയായ വീണ സ്വന്തം നിലയ്‌ക്കും കമ്പനിയുടെ പേരിലും കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലില്‍നിന്നും അനധികൃതമായി പണം കൈപ്പറ്റിയെന്ന് കേന്ദ്ര ആദായനികുതി വകുപ്പ് കണ്ടെത്തിയിരുന്നു. പണം നല്‍കിയ കാര്യം സിഎംആര്‍എല്‍ തന്നെയാണ് വെളിപ്പെടുത്തിയത്. ഇടനിലക്കാരായ രാഷ്‌ട്രീയനേതാക്കള്‍ക്കും പണം നല്‍കിയതായി സിഎംആര്‍എല്‍ കമ്പനി അധികൃതര്‍ സമ്മതിക്കുകയുണ്ടായി. ഇക്കൂട്ടത്തില്‍ ‘പിവി’ എന്ന ചുരുക്ക പ്പേരുകാരനുമുണ്ട്. ഇത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കരുതപ്പെടുന്നു. തെളിവുശേഖരണത്തിന്റെ ഭാഗമായി സിഎംആര്‍എല്ലിലും കെഎസ്‌ഐഡിസിയിലും എസ്എഫ്‌ഐഒ പരിശോധന നടത്തുകയുണ്ടായി. മൂന്നു സ്ഥാപനങ്ങളെ കേന്ദ്രീകരിച്ച് ഒരേസമയം നടക്കുന്ന അന്വേഷണം പല വിവരങ്ങളും പുറത്തുകൊണ്ടുവരുമെന്ന ഭയം ആരോപണവിധേയര്‍ക്കുണ്ട്. ഇത് എങ്ങനെയും തടയുകയാണ് ഹര്‍ജിക്കാരുടെ തന്ത്രം. രണ്ട് ഹൈക്കോടതികളും നല്‍കിയ ഉത്തരവുകള്‍ ഇതിന് തിരിച്ചടിയാണ്. രണ്ട് ഉത്തരവുകളും ഒരേ ദിവസംതന്നെയുണ്ടായി എന്നതും ഒരു സവിശേഷതയാണ്. കോടതികളില്‍ ഹാജരാവുന്നതിന് ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങിക്കുന്ന അഭിഭാഷകനെ വാദിക്കാന്‍ കൊണ്ടുവന്നിട്ടുള്ളത് പിടിയിലാകുമെന്ന ആരോപണവിധേയരുടെ ഭയത്തെയാണ് കാണിക്കുന്നത്. അധികാര ദുരുപയോഗത്തിലൂടെ സര്‍ക്കാരിന്റെ വ്യവസായ നയത്തില്‍ മാറ്റം വരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ സിഎംആര്‍എല്ലിന് ആനുകൂല്യം നല്‍കിയെന്നും, ഇതിന്റെ പ്രത്യുപകാരമാണ് മകള്‍ക്ക് ലഭിച്ചതെന്നുമുള്ള വെളിപ്പെടുത്തലുണ്ടായിരിക്കുന്നു. ഇത്തരം നിയമവിരുദ്ധമായ നിരവധി കാര്യങ്ങള്‍ പുറത്തുവരുമെന്ന് മുഖ്യമന്ത്രി ഭയക്കുന്നുണ്ട്.
തനിക്കും മകള്‍ക്കുമെതിരായ അഴിമതിയാരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും ഇതുവരെ പറഞ്ഞുപോന്നതിന്റെയെല്ലാം പൊള്ളത്തരം പുറത്താവുകയാണ്. മകളുടെ കമ്പനിക്കെതിരായ ആരോപണങ്ങള്‍ക്കൊന്നും അടിസ്ഥാനമില്ലെന്നും, തന്നോടുള്ള രാഷ്‌ട്രീയ വിരോധംകൊണ്ട് വീട്ടുകാരെ വിവാദത്തിലേക്ക് വലിച്ചിട്ടാല്‍ അംഗീകരിക്കില്ലെന്നുമൊക്കെയാണ് മുഖ്യമന്ത്രി നിയമസഭയില്‍ ധാര്‍മികരോഷം കൊണ്ടത്. തന്റെ കൈകള്‍ ശുദ്ധമാണെന്നും അവകാശപ്പെടുകയുണ്ടായി. എങ്കില്‍പ്പിന്നെ എന്തിനാണ് അന്വേഷണത്തെ ഭയപ്പെടുന്നതെന്ന ചോദ്യത്തിന് മറുപടിയില്ല. മുഖ്യമന്ത്രിയുടെ മകളായതുകൊണ്ട് സ്വന്തമായി ബിസിനസ് ചെയ്യാനുള്ള അവകാശം നിഷേധിക്കാനാവില്ലെന്നും, ഇതിന്റെ പേരില്‍ യുവസംരംഭകയെ വേട്ടയാടുന്നത് അംഗീകരിക്കാനാവില്ലെന്നുമൊക്കെ സിപിഎം വാദിക്കുകയുണ്ടായി. തനിക്കെതിരായ ആരോപണങ്ങള്‍ക്കൊന്നും ഇതേ മകള്‍ ഒന്നും പറയുന്നില്ല, എല്ലാം അച്ഛനെ ഏല്‍പ്പിച്ചിരിക്കുകയാണ്. നികുതിപ്പണം എടുത്ത് കേസ് നടത്തുകയും ചെയ്യുന്നു. മുഖ്യമന്ത്രിയുടെ മകളായതുകൊണ്ടാണ് വീണയ്‌ക്ക് മാസപ്പടി ലഭിച്ചതെന്ന് ആദായനികുതി വകുപ്പിന്റെ ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലുണ്ട്. ഇതൊക്കെ കണ്ടില്ലെന്നു നടിച്ച് മാസപ്പടി ആരോപണം മാധ്യമസൃഷ്ടിയാണെന്ന് പറയുന്ന സിപിഎം അന്വേഷണത്തെ പിന്തുണയ്‌ക്കുകയാണ് വേണ്ടത്. മറ്റ് പല അഴിമതിയുടെയും കാര്യത്തിലെന്നപോലെ മകള്‍ മാസപ്പടി കൈപ്പറ്റിയതിന്റെയും കാരണഭൂതന്‍ മുഖ്യമന്ത്രിതന്നെയാണെന്ന് വരുന്നു. അന്വേഷണം സമയബന്ധിതമായി മുന്നോട്ടുപോകാന്‍ അനുവദിക്കുകയും സത്യം വെളിപ്പെടുകയും വേണം. ആരോപണവിധേയര്‍ മുഖ്യമന്ത്രിയും മകളുമായതുകൊണ്ട് അന്വേഷണം പാടില്ലെന്ന നിലപാട് അംഗീകരിക്കാനാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: