ന്യൂദൽഹി: ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജമ്മു കശ്മീർ സന്ദർശിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ മാസം 20ന് പ്രധാനമന്ത്രി ജമ്മു കശ്മീർ സന്ദർശിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിലെ സഹമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു. തന്റെ പാർലമെൻ്റ് മണ്ഡലമായ ഉധംപൂരിൽ എത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
തിരഞ്ഞെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ് പ്രധാനമന്ത്രി ജമ്മു കശ്മീർ സന്ദർശിക്കണമെന്ന് ഞങ്ങൾ ആഗ്രഹിച്ചുവെന്ന് സിംഗ് പറഞ്ഞു. ഫെബ്രുവരി 20 ന് അദ്ദേഹത്തിന്റെ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. സന്ദർശന വേളയിൽ അദ്ദേഹം വിവിധ പദ്ധതികൾ ആരംഭിക്കുകയും ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയും ചെയ്യുമെന്നും സിംഗ് ഉധംപൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഇതിനു പുറമെ സാംബയിലെ വിജയ്‌പൂരിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്), റിയാസി ജില്ലയിലെ ചെനാബിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലം, ഉധംപൂരിലെ ദേവിക പദ്ധതി, ഐഐഎം ജമ്മു, ഷാപൂർ-കണ്ടി ഡാം പദ്ധതി എന്നിവയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
2014 ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിലെ ദർശനത്തിന് ശേഷമാണ് തുടക്കം കുറിച്ചതെന്ന് പറഞ്ഞ ജിതേന്ദ്ര പ്രധാനമന്ത്രിയുടെ മുൻഗണനാ പട്ടികയിൽ ജമ്മു കശ്മീർ, പ്രത്യേകിച്ച് ഉധംപൂർ എപ്പോഴും നിലനിൽക്കുമെന്ന് പറഞ്ഞു.
ഉധംപൂരിലും കത്തുവയിലും വന്ദേ ഭാരത് ട്രെയിൻ നിർത്തിയിടണമെന്ന ജനങ്ങളുടെ ആവശ്യം അംഗീകരിച്ച റെയിൽവേ മന്ത്രിയോട് ജിതേന്ദ്ര നന്ദി പറഞ്ഞു. ഇത് സർക്കാരിന്റെ ചരിത്രപരമായ തീരുമാനമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഇതിനു പുറമെ കത്തുവ സ്റ്റേഷനിൽ വന്ദേ ഭാരത് ട്രെയിനിന് സ്റ്റോപ്പ് നൽകണമെന്ന നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം പ്രധാനമന്ത്രി മോദി നിറവേറ്റിയെന്നും അദ്ദേഹം എടുത്തു പറഞ്ഞു.
ഉധംപൂർ റെയിൽവേ സ്റ്റേഷന്റെ പേര് വീരചരമം പ്രാപിച്ച ക്യാപ്റ്റൻ തുഷാർ മഹാജന്റെ പേരിൽ മാറ്റണമെന്ന തങ്ങളുടെ ആവശ്യം അംഗീകരിച്ചതിന് പ്രധാനമന്ത്രിയോട് സിംഗ് നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ഇത് രാജ്യത്ത് ആദ്യമായിട്ടാണ് വീരമൃത്യു വരിച്ച ഒരു സൈനികന്റെ പേരിൽ റെയിൽവേ സ്റ്റേഷൻ യാഥാർത്ഥ്യമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: