മലയിന്‍കീഴ്(തിരുവനന്തപുരം): മോദി ഇല്ലായിരുന്നെങ്കില്‍ ജീവന് പോലും തിരികെക്കിട്ടില്ലായിരുന്നു. ഇപ്പോഴും ഖത്തറിലെ ഇരുളടഞ്ഞ തടവറയില്‍ കഴിയേണ്ടി വന്നേനെ. മോദിയുടെ നയതന്ത്രത്തില്‍ പുനര്ജന്മം കിട്ടിയത് എനിക്കു മാത്രമല്ല, രാജ്യത്തെ എട്ടു കുടുംബങ്ങള്‍ക്ക്. സന്തോഷം പങ്കിടുന്നത് കോടിക്കണക്കിനു ജനങ്ങള്‍, ഖത്തറില്‍ നിന്നു ജയില്‍ മോചിതനായെത്തിയ മുന്‍ നാവിക ഉദ്യോഗസ്ഥന് ആര്. രാഗേഷ് ഗോപകുമാര്‍ പറഞ്ഞു.
നരുവാമൂട് ഇളമാനൂര്‍ക്കോണം ‘നിഹാരത്തില്‍’ ഏറെ നാളുകള്‍ക്കു ശേഷം ആനന്ദം അലയടിച്ചു. നിരാശയും സങ്കടവും കരിനിഴല്‍ വീഴ്ത്തിയ ഒന്നര വര്‍ഷം. അപ്രതീക്ഷിതമായി പ്രിയപ്പെട്ടവന് തിരികെയെത്തിയപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ഖത്തറിലെ അമീറിനോടും പറഞ്ഞാല്‍ തീരാത്ത കടപ്പാട്.
ഖത്തറില്‍ ആദ്യം വധശിക്ഷ. പിന്നീട് അപ്പീലിലൂടെ 25 വര്‍ഷം തടവുശിക്ഷയായി. എന്നാല്‍ ഭാരതത്തിന്റെ നയതന്ത്ര വിജയത്തിലൂടെ കഴിഞ്ഞ ദിവസം സ്വതന്ത്രനായി തിരിച്ചു നാട്ടില്‍. ഭാര്യ ചിത്രയുടെയും മകള്‍ നിഹാരയുടെയും അമ്മ രമാദേവിയുടെയും അരികിലെത്തിയത് ചൊവ്വാഴ്ച രാത്രിയില്‍. ഭഗവതിനട യുപി സ്കൂള്‍ അദ്ധ്യാപികയാണ് ചിത്ര. നീഹാര പാങ്ങോട് സൈനിക സ്കൂള്‍ 10-ാം ക്ലാസ് വിദ്യാര്‍ഥി.
ഒന്നരക്കൊല്ലം രാഗേഷ് ജയിലിലായിരുന്നപ്പോള്‍ ചിത്ര മുട്ടാത്ത വാതിലുകളുണ്ടായിരുന്നില്ല. കേന്ദ്രമന്ത്രി വി. മുരളീധരന്റെ ഇടപെടല്‍ കുടുംബത്തിനു പ്രതീക്ഷ നല്കി. വിദേശകാര്യ മന്ത്രാലയവും പ്രധാനമന്ത്രിയുടെ ഓഫീസും വിഷയത്തില്‍ ഇടപെട്ടു. പതിനെട്ടു മാസം ജയിലില്‍ കഴിഞ്ഞപ്പോള്‍ ചിത്ര മകളുമൊത്ത് ഖത്തറിലെത്തി ഭര്‍ത്താവിനെ കാണുമായിരുന്നു, ജയിലില്‍ നിന്ന് ഉറ്റവരെ വിളിക്കാന്‍ ആഴ്ചയില്‍ ഒരു ദിവസം 10 മിനിറ്റ് അനുവദിച്ചിരുന്നു. പിന്നീടിത് മൂന്നുവട്ടമാക്കി.
മോചിതരാകുന്നത് 20 മിനിറ്റ് മുമ്പു മാത്രമാണ് ജയില്‍ അധികൃതര്‍ പോലുമറിഞ്ഞതെന്ന് രാഗേഷ് പറഞ്ഞു. ഖത്തറിലെ ഭാരത അംബാസഡര്‍ വിപുല്‍ ജയിലിലെത്തി എട്ടു നാവികരെയും അദ്ദേഹത്തിന്റെ വീട്ടിലെത്തിച്ചു. ഭക്ഷണത്തിനു ശേഷം അവിടെ നിന്നു ദല്‍ഹി വരെ എംബസി ഡപ്യൂട്ടി ചീഫ് സന്ദീപ് ഒപ്പമുണ്ടായിരുന്നു.
രാഗേഷിനെ വീട്ടിലെത്തി ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കര്‍ എംപിയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും സന്ദര്‍ശിച്ചു. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.വി. രാജേഷും സന്നിഹിതനായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: