കൊച്ചി: തൃപ്പൂണിത്തുറ പുതിയകാവില്‍ വെടിമരുന്ന് ശേഖരം പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ട് എറണാകുളം ജില്ലാ ഭരണകൂടം. സംഭവം സബ് കളക്ടര്‍ അന്വേഷിക്കും. സ്ഫോടനത്തില്‍ പൊലീസ് അന്വേഷണം നടക്കുന്നുണ്ട്.
സ്ഫോടനത്തെ തുടര്‍ന്ന് ക്ഷേത്ര ഭാരവാഹികളടക്കം നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.സ്ഫോടക വസ്തു നിയമപ്രകാരമുള്‍പ്പെടെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. അതിനിടെ, കരാറുകാര്‍ക്കെതിരെ തിരുവനന്തപുരം പോത്തന്‍കോട് പൊലീസും കേസെടുത്തു. അനധികൃതമായി സ്ഫോടക വസ്തുക്കള്‍ സൂക്ഷിച്ചതിനാണ് കേസെടുത്തത്.കരാറുകാരന് ആദര്‍ശിന്റെ സഹോദരന്റെ പേരില്‍ വാടകക്കെടുത്ത വീട്ടിലാണ് സഫോടക വസ്തുക്കള്‍ ശേഖരിച്ചത്.
സ്ഫോടനത്തില്‍ രണ്ട് പേരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ നാല് പേര് കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഉഗ്രസ്ഫോടനത്തില്‍ വീട് തകര്‍ന്നവരെ പുതിയകാവിലെ ഓഡിറ്റോറിയത്തിലേക്ക് മാറ്റി പാര്‍പ്പിച്ചു. മറ്റ് ചിലര്‍ ബന്ധുവീടുകളിലേക്കും താമസം മാറി. സ്ഫോടനത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം പുതിയകാവ് ക്ഷേത്രകമ്മിറ്റിക്കാണെന്നാണ് തൃപ്പൂണിത്തുറ നഗരസഭ കൗണ്‍സിലര്‍മാര്‍ പറയുന്നത്.
വീട് തകര്‍ന്നവര്‍ക്കും മറ്റും ക്ഷേത്രകമ്മറ്റി നഷ്ടപരിഹാരം നല്‍കണമെന്നാണ് ആവശ്യം. സ്ഫോടനത്തില്‍ എട്ട് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. 40 വീടുകള്‍ക്ക് ബലക്ഷയമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: