ന്യൂഡല്‍ഹി: ഖത്തറില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട മുന്‍ ഇന്ത്യന്‍ നാവികരെ വിട്ടയയ്‌ക്കാന്‍ ഇടപെട്ടത് ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്‍ ആണെന്ന സുബ്രഹ്മണ്യന്‍ സ്വാമിയുടെ പോസ്റ്റില്‍ പ്രതികരിച്ച് ഷാരൂഖ് ഖാന്‍.
ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നത് കഴിവുറ്റ നേതാക്കളാണ്. തനിക്ക് ഈ നീക്കങ്ങളില്‍ പങ്കാളിത്തം ഇല്ലെന്നും ഷാരൂഖ് ഖാന്‍ പറഞ്ഞു. ഖത്തറിലെ ഇന്ത്യന്‍ നാവികരെ വിട്ടയ്‌ക്കാന്‍ ഇടപെട്ടത് ഷാരൂഖ് ഖാനാണെന്നും പ്രധാനമന്ത്രി ഖത്തറില്‍ ഷാരൂഖിനെയും കൊണ്ടുപോകണമെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചിരുന്നു. ഇത് വാര്‍ത്തയായതിനെ തുടര്‍ന്നാണ് ഷാരൂഖ് പ്രതികരണവുമായി രംഗത്തെത്തിയത്.
പതിനെട്ട് മാസത്തെ നിയമപോരാട്ടത്തിനൊടുവിലാണ് ഇന്ത്യന്‍ നാവികരായിരുന്ന എട്ട് പേരെ മോചിപ്പിക്കാന്‍ ഖത്തര്‍ തയാറായത്. വധശിക്ഷയ്‌ക്ക് വിധിച്ച എട്ട് ഇന്ത്യക്കാരെയാണ് മോദി സര്‍ക്കാരിന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് ഖത്തര്‍ സ്വതന്ത്രരാക്കിയത്. ‘പ്രധാനമന്ത്രി നരേന്ദ്രമോദിജിയുടെ ഒറ്റ ഇടപെടല്‍ കൊണ്ടാണ് താന്‍ വീട്ടിലെത്തിയതെന്നും അതില്‍ പ്രധാനമന്ത്രിയോട് കടപ്പാടുണ്ടെന്നും’ വിട്ടയച്ച മുന്‍നാവികരിലൊരാളായ രാഗേഷ് ഗോപകുമാര്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
ഖത്തര്‍ ഇന്ത്യയുടെ അപ്പീല്‍ അംഗീകരിച്ചതോടെയാണ് കേസില്‍ പുരോഗതികള്‍ ആരംഭിച്ചത്. ഡിസംബര്‍ ഒന്നിന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് ശേഷമായിരുന്നു രാജ്യം കാത്തിരുന്ന സുപ്രധാന തീരുമാനത്തിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: