ന്യൂദല്‍ഹി : കര്‍ഷകരുടെ ദില്ലി ചലോ മാര്‍ച്ചിനിടെ ഹരിയാന അതിര്‍ത്തിയില്‍ സമരക്കാര്‍ക്ക് നേരെ പൊലീസ് ഡ്രോണ്‍ ഉപയോഗിച്ച് കണ്ണീര്‍വാതകം പ്രയോഗിച്ചു. കാല്‍നടയായി എത്തിയ കര്‍ഷകരെ കസ്റ്റഡിയിലെടുത്തു. ട്രാക്ടറുകളും പിടിച്ചെടുത്തു. സിംഘു അതിര്‍ത്തിയില്‍ കൂടുതല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തി.
കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ മുന്‍നിര്‍ത്തി ചെങ്കോട്ട അടച്ചു. പൊലീസുമായുളള സംഘര്‍ഷ പശ്ചാത്തലത്തിലും കൂടുതല്‍ കര്‍ഷകര്‍ സമരത്തിനായി എത്തുകയാണ്.
ഇന്നലെ രാത്രി കേന്ദ്രമന്ത്രിമാരുമായി കര്‍ഷക സംഘടനകള്‍ നടത്തിയ അഞ്ചു മണിക്കൂര്‍ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സമരവുമായി മുന്നോട്ടു പോകാന്‍ കര്‍ഷകര്‍ തീരുമാനിച്ചത്.
പഞ്ചാബിലെ ഫത്തേഗഡ് സാഹിബില്‍ നിന്നാണ് ചലോ ദില്ലി മാര്‍ച്ച് രാവിലെ തുടങ്ങിയത്. അന്‍പത് കര്‍ഷക സംഘടനകള്‍ സംയുക്തമായാണ് മാര്‍ച്ച് നടത്തുന്നത്. ഫത്തേഗഡ് സാഹിബില്‍ മാത്രം 1700 ട്രാക്ടറുകളാണ് മാര്‍ച്ചിനായി എത്തിച്ചത്. അതിര്‍ത്തി ജില്ലകളില്‍ ഹരിയാന സര്‍ക്കാര്‍ ഇന്റര്‍നെറ്റ് റദ്ദാക്കി. സമരത്തില്‍ പങ്കെടുക്കുന്ന ഹരിയാനയിലെ കര്‍ഷകരുടെ പാസ്പോര്‍ട്ട് റദ്ദാക്കുമെന്നും ട്രാക്ടര്‍ പിടിച്ചെടുക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇന്നലെ കേന്ദ്ര മന്ത്രിമാരായ പിയൂഷ് ഗോയല്‍, അര്ജുന് മുണ്ട, നിത്യാനന്ദ റായി എന്നിവരുമായി കര്‍ഷക സംഘടനകള്‍ ചര്‍ച്ച നടത്തി. രാത്രി പതിനൊന്നിന് അവസാനിച്ച ചര്‍ച്ചയില്‍ പഴയ സമരകാലത്ത് എടുത്ത കേസുകള്‍ റദ്ദാക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയെങ്കിലും താങ്ങുവിലയ്ക്ക് നിയമസാധുത നല്കുന്ന നിയമം ഈ സര്‍ക്കാരിന്റെ കാലത്ത് ഇനി പാസാകില്ല എന്നാണ് മന്ത്രിമാര്‍ അറിയിച്ചത്. താങ്ങുവിലയുടെ കാര്യത്തില്‍ നടപടിയില്ലാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍ . അറുപത് വയസ് കഴിഞ്ഞ കര്‍ഷകര്‍ക്ക് പതിനായിരം രൂപ പെന്ഷന് നല്‍കണം എന്ന ആവശ്യവും കര്‍ഷക സംഘടനകള്‍ ഉന്നയിക്കുന്നുണ്ട്. സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്തേ കര്‍ഷകരുടെ ആവശ്യങ്ങളില്‍ തീരുമാനം എടുക്കാന്‍ കഴിയൂ എന്ന് കേന്ദ്ര കൃഷിമന്ത്രി അര്ജുന് മുണ്ട വ്യക്തമാക്കി.
അതേസമയം സമരത്തിന് എല്ലാ പിന്തുണയും പ്രഖ്യാപിച്ച ദല്‍ഹി സര്‍ക്കാര്‍ കര്‍ഷകര്‍ അതിര്‍ത്തി കടന്നെത്തിയാല്‍ ദില്ലിയില്‍ സൗകര്യങ്ങള്‍ ഒരുക്കുമെന്ന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: