തമ്പാനൂര്‍: തിരുവനന്തപുരം നഗരത്തില്‍ ജനങ്ങളുടെ കുടിവെള്ളം മുട്ടിച്ചുകൊണ്ട് ജല അതോറിറ്റിക്ക് നിത്യതലവേദനയായിരിക്കുകയാണ് പ്രിമോ പൈപ്പുകള്‍. പ്രിമോ എന്നാണ് സുപരിചിതമായ പേരെങ്കിലും ഇതിന്റെ ശരിക്കുള്ള പേര് പ്രീ സ്‌ട്രെസ്ഡ് കോണ്‍ക്രീറ്റ് പൈപ്പ് എന്നാണ്. പ്രിമോ എന്ന കമ്പനി ഉണ്ടാക്കുന്നതുകൊണ്ട് ഈ പേരില്‍ അറിയപ്പെടുന്നു എന്ന് മാത്രം.
നഗരത്തില്‍ 900 എംഎം, 400 എംഎം അളവുകളിലുള്ള പ്രീമോ പൈപ്പുകളില്‍ കൂടി കുടിവെള്ള വിതരണം നടത്തുന്നുണ്ട്. പേരൂര്‍ക്കടയില്‍ നിന്ന് അമ്പലംമുക്കുവഴി മണ്‍വിള വരെ എത്തുന്ന ദീര്‍ഘദൂര പൈപ്പ് ലൈന്‍ 900 എംഎം പ്രിമോ ആണ്. പൈപ്പ് കടന്നുപോകുന്ന ഈ ഭാഗങ്ങളില്‍ എണ്ണമറ്റ തവണയാണ് പൊട്ടല്‍ ഉണ്ടായിട്ടുള്ളത്. മണ്‍വിള ടാങ്കില്‍ നിന്ന് മറ്റ് സ്ഥലങ്ങളിലേക്ക് വെള്ളം എത്തിക്കുന്നത് പിവിസി ലൈനുകളിലൂടെയാണ്. കവടിയാര്‍ ജല അതോറിറ്റി സെക്ഷനില്‍ നിന്നും വിതരണം ചെയ്യുന്നത് 400 എംഎം പ്രിമോ പൈപ്പ് വഴിയാണ്. ഇതിനൊപ്പം ഊളമ്പാറ, ശാസ്തമംഗലം, പൈപ്പിന്‍മൂട്, പട്ടം, മുറിഞ്ഞപാലം, പരുത്തിപ്പാറ, ഉള്ളൂര്‍, മെഡിക്കല്‍ കോളജ്, കുടപ്പനക്കുന്ന്, എംഎല്‍എ റോഡ് തുടങ്ങിയ ഭാഗങ്ങളിലൊക്കെ പ്രിമോ പൈപ്പിന്റെ സാന്നിധ്യമുണ്ട്. വലുപ്പക്കൂടുതല്‍ കൊണ്ടുതന്നെ റോഡ് കുഴിച്ച് വളരെ ആഴത്തിലാണ് പ്രിമോ പൈപ്പുകള്‍ സ്ഥാപിക്കുന്നത്. വെള്ളക്കെട്ട്, മണ്ണിലെ നനവ്, വാഹനങ്ങളുടെ മര്‍ദ്ദം തുടങ്ങിയവ എന്നിവയുടെ അനുപാതംവച്ച് ഇവയുടെ കാലാവധി 20 വര്‍ഷം മുതല്‍ 30 വര്‍ഷം വരെയാണ്.
നഗരത്തില്‍ സ്ഥാപിക്കപ്പെട്ട പ്രിമോ പൈപ്പുകള്‍ എല്ലായിടത്തും ഒരേസമയത്തുതന്നെയാണ് സ്ഥാപിച്ചത്. ഇവയെല്ലാം ഒരേ സമയത്ത് മാറ്റണം എന്നത് ജല അതോറിറ്റിക്ക് കടുത്ത വെല്ലുവിളിയാണ്. ഏകദേശം 300 കോടിയാണ് നഗരത്തില്‍ വിവിധ സ്ഥലങ്ങളില്‍ കൂടി കടന്നുപോകുന്ന പ്രിമോ പൈപ്പുകള്‍ മാറ്റി സ്ഥാപിക്കാന്‍ വേണ്ടത്. ദീര്‍ഘദൂര പദ്ധതിയായ പേരൂര്‍ക്കട-മണ്‍വിള ലെയിന്‍ മാറ്റി സ്ഥാപിക്കുന്നതിന് 80 കോടി രൂപ മാത്രമാണ് അനുവദിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഈ പണി ആരംഭിക്കണമെങ്കില്‍ നിലവില്‍ കുടപ്പനക്കുന്നില്‍ നിന്ന് പാതിരപ്പള്ളി-മഠത്തുനട-നാലാഞ്ചിറ ശ്രീകാര്യം എംഎല്‍എ റോഡ് ഭാഗത്ത് നടക്കുന്ന പുതിയ പ്രിമോ പൈപ്പ് സ്ഥാപിക്കല്‍ പണി പൂര്‍ത്തിയാകണം.
പ്രിമോ പൈപ്പുകള്‍ മാറ്റിയാല്‍ പിന്നെ അവിടെ സ്ഥാപിക്കേണ്ടത് പുതിയ ഡക്ടയില്‍ അയണ്‍ പൈപ്പാണ്. ഡിഐ പൈപ്പുകള്‍ക്ക് ചെലവ് കൂടുതലാണ്. പക്ഷേ ദീര്‍ഘകാലം ഈട് നില്‍ക്കും. 40 വര്‍ഷം വരെയാണ് ഇവയുടെ ആയുസ്സ്. യഥാ സമയത്ത് പൈപ്പുകള്‍ മാറ്റി സ്ഥാപിക്കാത്തത് മൂലം അറ്റകുറ്റപ്പണിക്ക് ജല അതോറിറ്റിക്ക് വേണ്ടിവരുന്നത് ഭീമമായ തുകയാണ്. ഓരോ കാലത്തും ചെലവിടുന്ന തുകയെല്ലാം കൂടി ചേര്‍ത്തു വെച്ചാല്‍ നഗരത്തിലെ പ്രിമോ പൈപ്പുകള്‍ മാത്രം മാറ്റി സ്ഥാപിക്കാന്‍ വേണ്ടിവരുന്ന തുക കഴിച്ചു മിച്ചം വരും. ഡക്ടയില്‍ അയണ്‍ പൈപ്പുകള്‍ സ്ഥാപിക്കാന്‍ പ്രിമോ പൈപ്പുകള്‍ സ്ഥാപിക്കുന്നതിനേക്കാള്‍ സമയം കുറച്ചു മതി. അരുവിക്കരയില്‍ നിന്നുള്ള ജലവിതരണം നഗരത്തിലൂടെ സുഗമമായി നടക്കണമെങ്കില്‍ നാശാവസ്ഥയിലുള്ള പൈപ്പുകള്‍ എല്ലാം മാറ്റി സ്ഥാപിക്കേണ്ടതുണ്ട്.
ദിവസങ്ങള്‍ക്കു മുമ്പ് അമ്പലംമുക്കില്‍ പ്രീമോ പൈപ്പ് പൊട്ടി രണ്ടുദിവസം ജനങ്ങളുടെ കുടിവെള്ളം മുട്ടിയിരുന്നു. ഇതേ ഭാഗത്തുതന്നെ അറ്റകുറ്റപ്പണിക്ക് ശേഷം വീണ്ടും ചോര്‍ച്ച ഉണ്ടായത് ജല അതോറിറ്റി രഹസ്യമാക്കി വച്ചിരിക്കുകയാണ്. പൊതുജനങ്ങളുടെ കുടിവെള്ളത്തിനുള്ള അവകാശം സംരക്ഷിക്കാനാണ് അതോറിറ്റിയുടെ ഭാഗത്തുനിന്ന് ശ്രമം ഉണ്ടാകേണ്ടത്. ജല അതോറിറ്റിയുടെ ഭാഗത്തുനിന്ന് ഇതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും നിശ്ചിത കാലയളവിനുള്ളില്‍ പൈപ്പ് മാറ്റിസ്ഥാപിക്കല്‍ പണി പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നില്ല.
പ്രശാന്ത് നികുഞ്ജം
പ്രതികരിക്കാൻ ഇവിടെ എഴുതുക: