ബെംഗളൂരു: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടക തൂത്തുവാരാന്‍ സംസ്ഥാന ബിജെപി നേതൃത്വത്തിന് വിജയ ഫോര്‍മുലയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി വോട്ടാക്കി മാറ്റി ജെഡിഎസുമായുള്ള പാര്‍ട്ടിയുടെ സഖ്യം 28 സീറ്റുകളിലും വിജയിക്കുമെന്ന് ഉറപ്പാക്കണമെന്നാണ് നിര്‍ദേശം. ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി അംഗങ്ങളുമായും പാര്‍ട്ടിയുടെ മൈസൂരു ക്ലസ്റ്റര്‍ നേതാക്കളുമായും അമിത് ഷാ കൂടിക്കാഴ്ച നടത്തി.
അതേസമയം സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നിട്ടില്ല. ജെഡിഎസുമായുള്ള സീറ്റ് പങ്കിടല്‍ വ്യവസ്ഥകള്‍ ഡല്‍ഹി തലത്തില്‍ തീരുമാനിക്കുമെന്ന് കര്‍ണാടക ബിജെപി യൂണിറ്റ് അധ്യക്ഷന്‍ ബി.വൈ വിജയേന്ദ്ര പറഞ്ഞു.
മൈസൂരു, മാണ്ഡ്യ, ഹാസന്‍, ചാമരാജനഗര്‍ ലോക്‌സഭാ മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് പാര്‍ട്ടിയുടെ മൈസൂര്‍ ക്ലസ്റ്റര്‍. അമിത് ഷായുടെ മൈസൂരു സന്ദര്‍ശനം വിജയകരമായിരുന്നു. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ 28 സീറ്റുകളും എന്‍ഡിഎയ്‌ക്ക് ലഭിക്കാന്‍ അനുകൂല സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു.
നരേന്ദ്ര മോദിയുടെ ജനപ്രീതി വോട്ടാക്കി മാറ്റുന്നതിനുള്ള കര്‍മ്മ പദ്ധതിയെക്കുറിച്ചുള്ള നിര്‍ദേശങ്ങള്‍ അദ്ദേഹം നല്‍കി. എല്ലാ ബൂത്തിലും 10 ശതമാനം വോട്ട് വര്‍ധിപ്പിക്കാന്‍ ശ്രമിക്കണമെന്നും വിജയേന്ദ്ര കൂട്ടിച്ചേര്‍ത്തു.
അമിത് ഷായുടെ കര്‍മപദ്ധതി ബൂത്ത് തലത്തില്‍ ഫലപ്രദമായി നടപ്പാക്കിയാല്‍ സംസ്ഥാനത്തെ എല്ലാ ലോക്‌സഭാ സീറ്റുകളിലും ബി.ജെ.പിക്കും ജെ.ഡി.എസിനും വിജയിക്കാനാകുമെന്ന് യോഗങ്ങളില്‍ പങ്കെടുത്ത എല്ലാ നേതാക്കള്‍ക്കും ആത്മവിശ്വാസമുണ്ടെന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
അദ്ദേഹത്തിന്റെ മാര്‍ഗനിര്‍ദേശപ്രകാരം ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് പ്രവര്‍ത്തകര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ സന്ദര്‍ശനം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നേതാക്കളിലും
ആവേശം പകര്‍ന്നിട്ടുണ്ടെന്നും വിജയേന്ദ്ര പറഞ്ഞു.
2019 ലെ തെരഞ്ഞെടുപ്പില്‍, കര്‍ണാടകയില്‍ നിന്നുള്ള മൊത്തം 28 ലോക്‌സഭാ സീറ്റുകളില്‍ 26ലും ബിജെപി വിജയിച്ചിരുന്നു. മാണ്ഡ്യയില്‍ നിന്ന് പാര്‍ട്ടി പിന്തുണച്ച സ്വതന്ത്രയായ സുമലത അംബരീഷ് ഉള്‍പ്പെടെയാണിത്. കോണ്‍ഗ്രസിനും ജെഡിഎസിനും ഓരോ സീറ്റ് മാത്രമാണ് ലഭിച്ചത്. ഇപ്പോള്‍ ബിജെപിയുമായി സഖ്യത്തിലേര്‍പ്പെട്ടിരിക്കുന്ന ജെഡിഎസ് അന്ന് കോണ്‍ഗ്രസുമായി ചേര്‍ന്നാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ഇത് പാര്‍ട്ടിയുടെ സംസ്ഥാന നേതാക്കളും ഡല്‍ഹി തലത്തില്‍ ഇരു പാര്‍ട്ടികളുടെയും നേതൃത്വവും ചര്‍ച്ച ചെയ്യും. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള
കോണ്‍ഗ്രസ് സര്‍ക്കാര്‍, സംസ്ഥാനത്തോട് കേന്ദ്രം കാണിക്കുന്നുവെന്ന് പറയുന്ന അനീതിയെ വസ്തുതകള്‍ സഹിതം നിരത്തി ഫലപ്രദമായി നേരിടാനും ശരിയായ സന്ദേശം ജനങ്ങ
ളിലേക്ക് എത്തിക്കാനും പാര്‍ട്ടി കോര്‍കമ്മിറ്റി യോഗം തീരുമാനിച്ചതായി മുതിര്‍ന്ന ബിജെപി നേതാവും പാര്‍ട്ടി മുന്‍ ദേശീയ ജനറല്‍ സെക്രട്ടറിയുമായ സി.ടി രവി പറഞ്ഞു.
നികുതി വിഭജനത്തിലും ഗ്രാന്റ്-ഇന്‍-എയ്ഡിലും കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തോട് അനീതി കാണിക്കുന്നുവെന്നും നിരവധി വികസന പദ്ധതികള്‍ക്ക് അനുമതി നല്‍കുന്നതില്‍ കാലതാമസം വരുത്തിയെന്ന് കോണ്‍ഗ്രസ് സര്‍ക്കാര്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം കള്ളമാണെന്ന് ബിജെപി വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: