ഇസ്ലാമാബാദ്: പാകിസ്ഥാന്‍ പൊതുതെരഞ്ഞെടുപ്പില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടന്നെന്ന് ആരോപിച്ച് ഇമ്രാന്‍ ഖാന്റെ പാകിസ്ഥാന്‍ തെഹ്‌രീക്-ഇ-ഇന്‍സാഫ് (പിടിഐ) പ്രവര്‍ത്തകര്‍ രാജ്യ വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചു. റാവല്‍പിണ്ടിയില്‍ ജില്ലാ തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഓഫീസിന് മുന്‍പില്‍ പിടിഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ലാത്തിചാര്‍ജ്ജ് നടത്തുകയും കണ്ണീര്‍വാതക ഷെല്ലുകള്‍ പ്രയോഗിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഓഫീസിലേക്കുള്ള എല്ലാ റോഡുകളും പോലീസ് ബ്ലോക്ക് ചെയ്തിരുന്നു. പാകിസ്ഥാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ സിന്ധിലെ ഓഫീസും പിടിഐ പ്രവര്‍ത്തകര്‍ ബ്ലോക്ക് ചെയ്തു.
പിടിഐ പ്രവര്‍ത്തകര്‍ പെഷാവര്‍- ഇസ്ലാമബാദ് മോട്ടോര്‍വേ ഉപരോധിച്ചു. ഞായാറാഴ്ച അര്‍ദ്ധരാത്രി 12 മുതല്‍ പ്രവര്‍ത്തകര്‍ ടോള്‍ പ്ലാസ വഴിയുള്ള വാഹനഗതാഗതം തടഞ്ഞു. ആയിരങ്ങള്‍ പങ്കെടുത്ത പ്രതിഷേധങ്ങളുടെ ചിത്രങ്ങള്‍ പിടിഐ പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. അഴിമതിക്കേസില്‍ ഇമ്രാന്‍ ഖാന്‍ ശിക്ഷിക്കപ്പെട്ട് ജയിലിലായതാണ് പിടിഐക്ക് തിരിച്ചടിയായത്. തെരഞ്ഞെടുപ്പില്‍ ഒരു ബ്ലോക്കായി മത്സരിക്കുന്നതില്‍ നിന്ന് പിടിഐയെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിലക്കിയിരുന്നു. തുടര്‍ന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്ക് പിടിഐ പിന്തുണ നല്‍കുകയായിരുന്നു.
ഇമ്രാന്റെ പാര്‍ട്ടി പിന്‍തുണയ്‌ക്കുന്ന 101 സ്വതന്ത്ര സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. ഭൂരിപക്ഷത്തിന് 32 സീറ്റിന്റെ കുറവ്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ 133 സീറ്റാണ് വേണ്ടത്. സൈന്യത്തിന്റെ പിന്‍തുണയുള്ള മുന്‍ പ്രധാനമന്ത്രി നവാസ് ഷെറീഫിന്റെ പാകിസ്ഥാന്‍ മുസ്ലിം ലീഗിന് 75 സീറ്റും മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ മകന്‍ ബിലാവല്‍ ഭൂട്ടോ നയിക്കുന്ന പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിക്ക് 54 സീറ്റും ലഭിച്ചു.
ഇതിനിടെ പിടിഐ സ്വതന്ത്രരെ നവാസ് ഷെറീഫിന്റെ പിഎംഎല്‍-എന്‍ ല്‍ ചേരാന്‍ നിര്‍ബന്ധിച്ചതായും പിടിഐ ആരോപിച്ചു. വിജയിച്ച് ഏഴ് സ്വതന്ത്രരുടെ അടുത്ത ഈ ആവശ്യവുമായി പോലീസ് എത്തിയിരുന്നുവെന്നാണ് പിടിഐ ആരോപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: