ഡെറാഡൂൺ: ഭാരതത്തിന്റെ ആദ്യത്തെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫായിരുന്ന അന്തരിച്ച ജനറൽ ബിപിൻ റാവത്തിന്റെ പ്രതിമ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് തിങ്കളാഴ്ച ഡെറാഡൂണിൽ അനാച്ഛാദനം ചെയ്തു. ഭാവി തലമുറയ്‌ക്ക് പ്രചോദനമായി നിലകൊള്ളുന്ന ധീരനായ സൈനികനായിരുന്നു ജനറൽ റാവത്തെന്ന് പ്രതിരോധമന്ത്രി പരാമർശിച്ചു. ടോൺസ് ബ്രിഡ്ജ് സ്കൂളിലാണ് അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.
“ജനറൽ റാവത്തിന്റെ വിയോഗം രാഷ്‌ട്രത്തിന് നികത്താനാവാത്ത നഷ്ടമാണ്. അദ്ദേഹത്തിന്റെ അവസാന നിമിഷങ്ങളിൽ പോലും അദ്ദേഹം ഡ്യൂട്ടിയിലായിരുന്നു, രാജ്യത്തെ സേവിച്ചു, അദ്ദേഹത്തിന്റെ പ്രതിബദ്ധതയും അർപ്പണബോധവും രാജ്യസ്നേഹവും അവസാനം വരെ അനുഭവിച്ചറിയാൻ കഴിഞ്ഞു,” – മന്ത്രി പറഞ്ഞു. 2021 ഡിസംബർ 8 ന് തമിഴ്‌നാട്ടിലെ കൂനൂരിന് സമീപം ഹെലികോപ്റ്റർ അപകടത്തിലാണ് ജനറൽ റാവത്തും ഭാര്യ മധുലിക റാവത്തും മറ്റ് 12 സൈനികരും മരിച്ചത്. രാജ്യത്തിന്റെ സൈനിക പാരമ്പര്യത്തിന്റെ യഥാർത്ഥ പ്രതീകമായിരുന്നു ജനറൽ റാവത്തെന് അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ സൈനിക ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട പരിഷ്കാരങ്ങളിലൊന്നായ ആദ്യത്തെ സിഡിഎസായി ജനറൽ റാവത്തിനെ നിയമിച്ചതെന്ന് പ്രതിരോധ മന്ത്രി ചൂണ്ടിക്കാട്ടി. കൂടാതെ സൈനികരുടെ അന്തസ്സ് ഉയർത്തിപ്പിടിക്കുന്നതും അവരുടെ സംഭാവനകളെ മാനിക്കുന്നതും സർക്കാരിന്റെ കടമയാണെന്ന് സിംഗ് വിശേഷിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ തങ്ങൾ നമ്മുടെ സൈനികരുടെ വീര്യത്തെയും ത്യാഗത്തെയും ബഹുമാനിക്കുകയാണ്. അത്യാധുനിക ആയുധങ്ങളും പ്ലാറ്റ്‌ഫോമുകളും ഉപയോഗിച്ച് സായുധ സേനയെ സർക്കാർ സജ്ജീകരിക്കുമ്പോൾ, ധീരഹൃദയന്മാർക്ക് ഉചിതമായ ആദരാഞ്ജലി അർപ്പിക്കാൻ ദൽഹിയിൽ ദേശീയ യുദ്ധസ്മാരകവും നിർമ്മിച്ചിട്ടുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
സ്‌കൂൾ കോംപ്ലക്‌സിനുള്ളിൽ പ്രതിമ സ്ഥാപിക്കുക എന്ന ആശയത്തെ അഭിനന്ദിച്ച സിംഗ്, സായുധ സേനയുടെ വീര്യത്തിന്റെ കഥകൾ കുട്ടികളിലേക്ക് എത്തിക്കുകയും അവരിൽ രാജ്യസ്‌നേഹവും അർപ്പണബോധവും വളർത്തുകയുമാണ് ലക്ഷ്യമെന്ന് പറഞ്ഞു. നമ്മുടെ സമൂഹത്തിലും സംസ്‌കാരത്തിലും പ്രതിമകൾക്ക് കാര്യമായ പ്രാധാന്യമുണ്ട്. ഇത് നമ്മുടെ സമ്പന്നമായ പൈതൃകത്തിന്റെ ഭാഗമാണ്, ഇത് ഭാവിയിലേക്കുള്ള പ്രചോദനം കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു.
ഇതിന് പുറമെ സ്‌കൂളുകൾ വിദ്യാഭ്യാസം മാത്രമല്ല, വിദ്യാർത്ഥികളുടെ വ്യക്തിത്വം രൂപപ്പെടുത്തുകയും ചെയ്യുന്നു. രാഷ്‌ട്രപിതാവ് മഹാത്മാഗാന്ധി, മുൻ രാഷ്‌ട്രപതി എപിജെ അബ്ദുൾ കലാം, ജനറൽ ബിപിൻ റാവത്ത് തുടങ്ങിയ വ്യക്തികളിൽ നിന്ന് ഓരോ വിദ്യാർത്ഥിക്കും പഠിക്കാനും രാഷ്‌ട്രനിർമ്മാണത്തിൽ സംഭാവന നൽകാനും കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: