ന്യൂദല്‍ഹി: രാജ്യദ്രോഹക്കുറ്റം ചുമത്തി ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ട് നാവികരും 109-ാം ദിനം സ്വന്തം രാജ്യത്ത് മടങ്ങിയെത്തി. സമാനതകളില്ലാത്ത ഈ നയതന്ത്ര വിജയം സാധ്യമായത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും നടത്തിയ നിരന്തര നയതന്ത്ര നീക്കങ്ങളിലൂടെ.
ഖത്തര്‍ അമീറുമായി ഡിസംബറില്‍ യുഎഇ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് നടത്തിയ ചര്‍ച്ചയിലെ തീരുമാനപ്രകാരമാണ് നാവികരുടെ മോചനം ഇന്നലെയോടെ പൂര്‍ത്തിയായത്. ഖത്തര്‍ അമീറുമായുള്ള മോദിയുടെ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഖത്തര്‍ അപ്പീല്‍ കോടതി നാവികരുടെ വധശിക്ഷ റദ്ദാക്കുകയും ജയില്‍ ശിക്ഷ മാത്രമാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ എട്ടുപേരെയും നിരുപാധികം മോചിപ്പിച്ചത്.
മൂന്നു മുതല്‍ 25 വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിച്ച നാവികര്‍ അവസാന നിമിഷം മാത്രമാണ് മോചിതരാവുന്നുവെന്ന വിവരം അറിയുന്നത്. ജയിലിലെത്തിയ ഭാരത എംബസി ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയപ്പോഴാണ് നാവികരും വിവരം അറിഞ്ഞത്. തുടര്‍ന്ന് നേരെ വിമാനത്താവളത്തിലേക്ക് നാവികരുമായി എംബസി ഉദ്യോഗസ്ഥര്‍ എത്തുകയും ഖത്തര്‍-ദല്‍ഹി ഇന്‍ഡിഗോ വിമാനത്തില്‍ ഇവരെ കയറ്റി ദല്ഹിയിലെത്തിക്കുകയുമായിരുന്നു. ഇന്നലെ പുലര്‍ച്ചെ രണ്ടുമണിയോടെ നാവികര്‍ രാജ്യത്ത് മടങ്ങിയെത്തുംവരെ വിവരങ്ങള്‍ അതീവ രഹസ്യമായിരുന്നു.
പ്രധാനമന്ത്രി മോദിയുടെ ഗള്‍ഫ് സന്ദര്‍ശനം ആരംഭിക്കുന്നതിന് മുമ്പായി തന്നെ നാവികരെ മടക്കിയെത്തിക്കാനായത് കേന്ദ്രസര്‍ക്കാരിന്റെ നേട്ടമായി. ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനായി അബുദാബിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പുറപ്പെടും. നാവികരുടെ മോചനത്തിനായി നിരവധി തവണയാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ കഴിഞ്ഞ മാസങ്ങളില്‍ ഖത്തര്‍, യുഎഇ സന്ദര്‍ശിച്ചത്. സൈന്യത്തില്‍ ഉന്നത റാങ്കുകളില്‍ സേവനമനുഷ്ഠിച്ച നാവികരുടെ മോചനം ഭാരതത്തിന്റെ ഏറ്റവും വലിയ ആവശ്യമാണെന്നും അവരുടെ സംരക്ഷണം ഉറപ്പുവരുത്താന്‍ ഏതറ്റംവരെയും പോകുമെന്നുമുള്ള സന്ദേശം ഖത്തറിന് കൈമാറാനും ഗള്‍ഫ് രാജ്യങ്ങള്‍ വഴി സമ്മര്‍ദ്ദം ശക്തമാക്കാനും കേന്ദ്രസര്‍ക്കാരിനായി.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറയുന്നതായും അദ്ദേഹം വ്യക്തിപരമായി നടത്തിയ ഇടപെടലുകളാണ് മോചനത്തിന് വഴിതുറന്നതെന്നും ദല്‍ഹിയില്‍ മടങ്ങിയെത്തിയ നാവികസേനാ മുന്‍ കമാന്‍ഡര്‍ പ്രതികരിച്ചു. പ്രധാനമന്ത്രി മോദിയില്ലായിരുന്നെങ്കില്‍ ഞങ്ങള്‍ സ്വതന്ത്രരാവില്ലായിരുന്നുവെന്ന് മറ്റൊരു നാവിക ഉദ്യോഗസ്ഥനും പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: