തിരുവനന്തപുരം: സാമ്പത്തിക രംഗത്ത് പിന്നിലായിരുന്ന ഇന്ത്യ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേ നേതൃത്വത്തില്‍ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയിലേക്ക് നീങ്ങുകയാണെന്ന് കേന്ദ്ര വിദേശകാര്യ പാര്‍ലമെന്ററി കാര്യ സഹമന്ത്രി വി. മുരളീധരന്.
കേന്ദ്ര ഗവണ്മെന്റിന്റെ വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലും നിയമനം നല്‍കുന്നതിന് ആവിഷ്കരിച്ച റോസ്ഗര് മേളയുടെ 12ാം ഘട്ട പരിപാടിയില്‍ തിരുവനന്തപുരം പള്ളിപ്പുറം സിആര്‍പിഎഫ് ഗ്രൂപ്പ് സെന്ററിലെ മെന്‍സ് ക്ലബില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ 10 വര്‍ഷത്തെ ശ്രമഫലമായി ലോകത്തെ ശക്തമായ 5 സമ്പദ്വ്യവസ്ഥകളില് ഒന്നായി ഇന്ത്യ മാറിയെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന് ചൂണ്ടിക്കാട്ടി. ഇന്ന് രാജ്യം 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയിലേക്കുള്ള യാത്രയിലാണ്. സ്വാതന്ത്ര്യം ലഭിച്ച് 100 വര്‍ഷം തികയുന്ന 2047ഇല് ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റുക എന്നതാണ് ലക്ഷ്യമെന്നും രാജ്യത്തിന്റെ ഈ യാത്രയുടെ ഭാഗമാകാനുള്ള അവസരമാണ് പുതുതായി റിക്രൂട്ട് ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്ക് ലഭിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സി ആര് പി എഫ് സംഘടിപ്പിച്ച ചടങ്ങില്‍ 105 ഉദ്യോഗാര്‍ഥികള്‍ നിയമന ഉത്തരവ് കൈപ്പറ്റി. 25 പേര്‍ക്ക് മന്ത്രി നേരിട്ട് ഉത്തരവുകള്‍ കൈമാറി. സിആര്‍പിഎഫ്, ഇപിഎഫ്ഒ, പ്രതിരോധ അക്കൗണ്ട് വകുപ്പ്, ദക്ഷിണ റെയില്‍വേ, തപാല്‍ വകുപ്പ്, എസ്ബിഐ, ജിഎസ്ടി വകുപ്പ് എന്നിവിടങ്ങളിലേക്കാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം ലഭിച്ചത്.
രാജ്യത്ത് 47 ഇടങ്ങളിലായി നടന്ന റോസ്ഗര് മേള പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്തു. രാജ്യത്തൊട്ടാകെ ഒരു ലക്ഷത്തിലധികം ഉദ്യോഗാര്‍ഥികള്‍ക്കാണ് നിയമന ഉത്തരവ് വിതരണം ചെയ്തത്. പ്രധാനമന്ത്രിയുടെ പ്രസംഗം ചടങ്ങില്‍ തത്സമയം സംപ്രേക്ഷണം ചെയ്തു.
പള്ളിപ്പുറം സിആര്‍പിഎഫ് ഗ്രൂപ്പ് സെന്റര്‍ ഡിഐജി വിനോദ് കാര്‍ത്തിക്, ഡിഐജി (മെഡിക്കല്‍) ഡോ. എം നക്കീരന്‍, പള്ളിപ്പുറം സിആര്‍പിഎഫ് ഗ്രൂപ്പ് സെന്റര്‍ കമാന്‍ഡന്‍ഡ് രാജേഷ് യാദവ്, ഡെപ്യൂട്ടി കമാന്‍ഡന്റ് സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് മുന്‍ഗണന നല്‍കാനുള്ള പ്രധാനമന്ത്രിയുടെ പ്രതിബദ്ധതയുടെ പൂര്‍ത്തീകരണത്തിലേക്കുള്ള ചുവടുവെപ്പാണ് റോസ്ഗര് മേള. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും യുവജനങ്ങളുടെ ശാക്തീകരണത്തിനും ദേശീയ വികസനത്തില്‍ അവരുടെ പങ്കാളിത്തത്തിനും അവസരങ്ങള്‍ പ്രദാനം ചെയ്യുന്നതിനും റോസ്ഗര് മേള ലക്ഷ്യം വെക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: