തിരുവനന്തപുരം: വിദേശസര്‍വകലാശാലയെ സിപിഎം അനുകൂലിക്കുന്നില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. സര്‍ക്കാരിന് പാര്‍ട്ടി നിലപാടുകള്‍ മുഴുവന്‍ നടപ്പിലാക്കാനാകില്ലെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദേശ സര്‍വകലാശാലയും സ്വകാര്യ മൂലധനവും പരിശോധിക്കാം എന്ന് മാത്രമാണ് ബജറ്റില്‍ പറഞ്ഞത്. വിദേശ സര്‍വകലാശാലയുടെ കാര്യത്തില്‍ എന്ത് വേണമെന്ന് നിലപാടെടുക്കണം എന്നാണ് ചര്‍ച്ച. ചില കാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ലാതെ നടപ്പിലാക്കിക്കൊണ്ട് വിദേശ സര്‍വകലാശാലകളുടെ കാര്യം ചര്‍ച്ച ചെയ്യണം എന്നാണ് നിലപാടെന്നും ഗോവിന്ദന്‍ പറഞ്ഞു.
വിദ്യാഭ്യാസ രംഗത്ത് സ്വകാര്യ മൂലധനം നേരത്തെ ആരംഭിച്ചതാണ്. സ്വകാര്യ മേഖലയെ ഫലപ്രദമായി ഉപയോഗിക്കണം. ഏങ്ങനെ ഉപയോഗിക്കണം എന്നതിലാകണം ശ്രദ്ധ. പൊതുവിദ്യാഭ്യാസം നിലനിര്‍ത്തണം. തുല്യത വേണം, സുതാര്യതയും വേണം. പാര്‍ട്ടിയുടെ നയം ഒരു വശത്ത് നില്‍ക്കെ ആ പരിമിതിയില്‍ നിന്ന് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ എന്ത് ചെയ്യാനാകുമെന്നാണ് ചര്‍ച്ചയാകേണ്ടത്. വിദേശ സര്‍വകലാശാല നിലപാടില്‍ വേണ്ടത് തുറന്ന നിലപാടാണെന്നും എം.വി ഗോവിന്ദന്‍ വ്യക്തമാക്കി.
വിദേശ സർവകലാശാല വിഷയത്തിൽ സിപിഐ എതിർപ്പ് അറിയിച്ചതിന് പിന്നാലെയാണ് സിപിഎം പുനരാലോചനയ്‌ക്ക് തയാറായത്. വിഷയത്തിൽ നയപരമായി വിയോജിപ്പുണ്ടൈന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ അറിയിച്ചു. മുന്നണിയിൽ ചർച്ചവേണമെന്നാണ് സിപിഐയുടെ ആവശ്യം.
സിപിഎം പൊളിറ്റ് ബ്യൂറോ വിഷയം ചർച്ച ചെയ്യും. ലോക് സഭാ തെരഞ്ഞെടുപ്പിന്ന ശേഷമായിരിക്കും ചർച്ച. ബജറ്റിലെ വിദേശ സർവകലാശാല വിഷയത്തിൽ വ്യാപകമായി വിയോജിപ്പും വിമർശനവും ഉയർന്നിരുന്നു. സിപിഐ സംസ്ഥാന കൗൺസിലിൽ എതിർപ്പ് ഉയർന്നിരുന്നു. മുന്നണി ചർച്ച ചെയ്യാതെ നിർദേശം നടപ്പിലാക്കരുതെന്നാണ് സിപിഐയുടെ ആവശ്യം. തുടർന്നാണ് വിഷയത്തിൽ ചർച്ചകൾ തുടരാൻ സിപിഎം കടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: