കേരളത്തിലെ ലക്ഷോപലക്ഷം ബിജെപി പ്രവര്‍ത്തകരുടെ സ്വപ്‌നസാക്ഷാത്ക്കാരമാണിന്ന്. ഇന്നാണ് ബിജെപി സംസ്ഥാന കാര്യാലയമായ കെ.ജി. മാരാര്‍ ഭവനില്‍ പാലുകാച്ചല്‍. രാവിലെ 11.30നും 12നുമിടയിലെ മുഹൂര്‍ത്തത്തിലാണ് ചടങ്ങ്. രണ്ടര പതിറ്റാണ്ട് മുമ്പ് തൈക്കാട് വാങ്ങിച്ച 55 സെന്റ് സ്ഥലത്താണ് 60,000 ചതുരശ്ര അടിയുള്ള മാരാര്‍ജി ഭവന്‍ നിര്‍മ്മിച്ചത്. സി.കെ. പത്മനാഭന്‍ സംസ്ഥാന പ്രസിഡന്റും പി.പി. മുകുന്ദന്‍ സംഘടനാ ജനറല്‍ സെക്രട്ടറിയുമായിരുന്നപ്പോഴാണ് സ്ഥലം വാങ്ങിയത്. 2000 മുതല്‍, നിലവിലുണ്ടായിരുന്ന കെട്ടിടത്തില്‍ മാരാര്‍ജി ഭവന്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. ചീഫ് സെക്രട്ടറിയായിരുന്ന എസ്. പത്മകുമാറിന്റെയും കേന്ദ്രമന്ത്രി എസ്. കൃഷ്ണകുമാറിന്റെയും കുടുംബവീടായിരുന്നു ഇത്. കോണ്‍ഫറന്‍സ് ഹാളും നിരവധി മുറികളുമുള്ള പുതിയ കെട്ടിടം ആധുനിക സംവിധാനങ്ങളെല്ലാം ഉള്‍ക്കൊള്ളുന്നതാണ്.
താഴത്തെ രണ്ട് നിലകള്‍ വാഹനങ്ങളുടെ പാര്‍ക്കിങിനായി മാറ്റിവച്ചിട്ടുണ്ട്. മുകളിലേക്ക് അഞ്ചുനിലകളുമുണ്ട്. കെ.ജി.മാരാരുടെ അര്‍ദ്ധകായ വെങ്കല പ്രതിമയും കെട്ടിടത്തിന്റെ കോര്‍ട്ടിയാര്‍ഡില്‍ സ്ഥാപിച്ചിട്ടുണ്ട്. കേരളീയ നാലുകെട്ട് മാതൃകയിലുള്ള കോര്‍ട്ടിയാഡാണിവിടെയുള്ളത്. ശ്യാമ പ്രസാദ് മുഖര്‍ജി, ദീന്‍ ദയാല്‍ ഉപാധ്യായ എന്നിവരുടെയും പ്രതിമകളുണ്ട്. പത്രസമ്മേളനം, ഓഡിറ്റോറിയം, കോണ്‍ഫറന്‍സ്, ലൈബ്രറി എന്നവയ്‌ക്കും കേന്ദ്രനേതാക്കള്‍, പ്രസിഡന്റ്, ജനറല്‍സെക്രട്ടറിമാര്‍, വിവിധ മോര്‍ച്ച ഭാരവാഹികള്‍, എന്നിവര്‍ക്കും അഞ്ച് നിലകളിലായി സൗകര്യങ്ങളുണ്ട്. പുസ്തക ലൈബ്രറി, ഈ-ലൈബ്രറി തുടങ്ങിയവയ്‌ക്കും പ്രത്യേക സൗകര്യങ്ങളുണ്ട്. അതിഥികള്‍ക്ക് താമസിക്കാനുള്ള സൗകര്യവും ജിവനക്കാര്‍ക്കുള്ള ഡോര്‍മെറ്ററികളുമുണ്ട്. പുതിയ മാരാര്‍ജി ഭവന്റെ ഔപചാരികമായ ഉദ്ഘാടന ചടങ്ങ് പിന്നീടു നടക്കും.
അധ്യാപകനായിരുന്ന കെ.ജി. മാരാര്‍ ജോലി രാജിവച്ച് ഭാരതീയ ജനസംഘത്തിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനായി. ജനസംഘത്തിന്റെ ജനറല്‍ സെക്രട്ടറി വരെയായി ഉയര്‍ന്ന മാരാര്‍ജി അടിയന്തിരാവസ്ഥയില്‍ മിസ തടവുകാരനായിരുന്നു. ബിജെപി രൂപംകൊണ്ടപ്പോള്‍ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ച് സംസ്ഥാന പ്രസിഡന്റുവരെയായി. ഒരു പൊതുപ്രവര്‍ത്തകന്‍ എങ്ങനെയായിരിക്കണമെന്നതിന്റെ ഉത്തമ മാതൃകയായിരുന്നു കെ.ജി. മാരാര്‍ജി. എംഎല്‍എയോ മന്ത്രിയോ ഒന്നുമല്ലാതിരുന്നിട്ടും അദ്ദേഹത്തിന് കേരളസമൂഹത്തിലുണ്ടായ സ്ഥാനം അസൂയാവഹമായിരുന്നു. മേല്‍പ്പറഞ്ഞ സ്ഥാനങ്ങള്‍ നേടാനാവാത്തത് അദ്ദേഹത്തിന്റെ കുറവുകൊണ്ടായിരുന്നില്ല. കുറുക്കുവഴി രാഷ്‌ട്രീയം കയ്യാളാന്‍ അദ്ദേഹമോ അദ്ദേഹം ഉള്‍പ്പെട്ട പ്രസ്ഥാനമോ ഒരിക്കലും തയ്യാറായില്ല എന്നതുകൊണ്ടുമാത്രമാണ്. അധികാരം കൈപ്പറ്റല്‍ സ്വയമൊരു ലക്ഷ്യമായി കരുതിയില്ല. മാരാര്‍ജിയെ സംബന്ധിച്ചിടത്തോളം മേല്‍പ്പറഞ്ഞ പരിമിതികള്‍ എല്ലാമുണ്ടായിട്ടും നിയമസഭയ്‌ക്ക് പുറത്തുനിന്നുകൊണ്ട് കരുത്തുറ്റ അനൗദ്യോഗിക പ്രതിപക്ഷമായി പ്രവര്‍ത്തിക്കുന്നതില്‍ വിജിയിച്ചു എന്നതാണദ്ദേഹത്തിന്റെ മഹത്വം. അതിനദ്ദേഹത്തെ സജ്ജമാക്കിയത് ബോധപൂര്‍വ്വം വളര്‍ത്തിയെടുത്ത ഗുണവിശേഷങ്ങളായിരുന്നു. ഏതു രാഷ്‌ട്രീയ പ്രവര്‍ത്തകനും മാതൃകയാക്കാവുന്ന ഒട്ടനവധി ഗുണവിശേഷങ്ങളുടെ ഉടമയായിരുന്നു മാരാര്‍ജി.
ബാല്യം മുതല്‍ക്കേ രാഷ്‌ട്രീയ സ്വയം സേവകസംഘത്തിന്റെ ധ്യേയവാദം ജീവിതവ്രതമാക്കിയ മുതിര്‍ന്ന പ്രവര്‍ത്തകരുടെ ശിക്ഷണം. അത് അദ്ദേഹത്തിന്റെ പെരുമാറ്റത്തെ സരളവും സജ്ജവുമാക്കി. മരണം വരെ അത് നിലനിര്‍ത്താനും അദ്ദേഹം ശ്രദ്ധിച്ചു. അധികാര പ്രാപ്തിയെക്കുറിച്ചും അതിനാവശ്യമായ കുറുക്കുവഴികളെയും കൂട്ടുമുന്നണികളെക്കുറിച്ചും ചിന്തിച്ച് കര്‍മ്മപഥത്തില്‍ നിന്നും മനസ്സ് വ്യതിചലിപ്പിക്കാന്‍ നേരം കിട്ടിയില്ല. സ്വന്തം ആദര്‍ശത്തിലും പ്രസ്ഥാനത്തിലും അചഞ്ചലമായി നിന്ന് പ്രവര്‍ത്തിക്കാന്‍ സാധിച്ചത് അദ്ദേഹത്തിന്റെ വിജയരഹസ്യത്തിന്റെ മുഖ്യവിഷയം തന്നെ. ഫലാപേക്ഷ കൂടാതെ സ്വധര്‍മ്മം അനുഷ്ഠിക്കുന്ന കര്‍മയോഗിയെപ്പോലെ നിരന്തരം സഞ്ചരിച്ചുകൊണ്ടേയിരുന്നു.
അധ്യയനശീലമായിരുന്നു മാരാര്‍ജിയുടെ മറ്റൊരു ഗുണവിശേഷം. ബഹുഭൂരിപക്ഷം രാഷ്‌ട്രീയക്കാരും അന്നത്തെ വര്‍ത്തമാന പത്രങ്ങളോ ആനുകാലികങ്ങളോ അല്ലാതെ മറ്റൊന്നും വായിക്കുകയോ പഠിക്കുകയോ ചെയ്യേണ്ടതില്ല എന്ന മനോഭാവക്കാരാണ്. ഇതിനൊരു അപവാദമായിരുന്നു മാരാര്‍ജി. അനുദിനം വാര്‍ത്തകളും വിമര്‍ശനങ്ങളും ചൂടോടെ പിന്തുടരുന്നതോടൊപ്പം ഗൗരവമേറിയ വിഷയങ്ങളെക്കുറിച്ച് അടിസ്ഥാനപരമായ പഠനങ്ങളും അദ്ദേഹം നടത്തിക്കൊണ്ടിരുന്നു. വായനയിലും പഠനങ്ങളിലും ചര്‍ച്ചയിലും കൂടി ലഭിച്ച അറിവ് ലേഖനങ്ങളിലും പ്രസംഗങ്ങളിലും കൂടി മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കാനും അദ്ദേഹം ശ്രദ്ധിച്ചു. പ്രസംഗകലാരംഗത്ത് അപൂര്‍വ്വം പേര്‍ക്ക് മാത്രമേ മാരാര്‍ജിയുടെ സമീപത്തെങ്കിലും എത്താന്‍ കഴിഞ്ഞിട്ടുള്ളൂ എന്നുതന്നെ പറയാം.
നാടകീയവും നര്‍മം നിറഞ്ഞതുമായിരുന്ന അദ്ദേഹത്തിന്റെ പ്രസംഗശൈലി. പ്രസംഗം എത്ര നീണ്ടുപോയാലും സമയംപോയതറിയാതെ ശ്രോതാക്കള്‍ രസിച്ചുകേട്ടുകൊണ്ടിരിക്കും. അക്കൂട്ടത്തില്‍ അനുയായികള്‍ മാത്രമല്ല എതിരാളികള്‍ പോലുമുണ്ടാകും. നിരന്തരം ആശയവിനിമയത്തിന് പ്രസംഗത്തോടൊപ്പം പ്രസ്താവന, ലേഖനം എന്നിവ കൂടി പ്രയോജനപ്പെടുത്തും. മാരാര്‍ജിയുടെ ഗുണങ്ങള്‍ക്ക് മകുടം ചാര്‍ത്തുന്നതാണ് അദ്ദേഹത്തിന്റെ മനുഷ്യപ്പറ്റ്. അകൃത്രിമമായ സ്‌നേഹംകൊണ്ട് വീര്‍പ്പുമുട്ടിക്കുന്ന മാരാര്‍ജിയുടെ സുഹൃദ് വലയത്തില്‍ ധാരാളം മാധ്യമപ്രവര്‍ത്തകരുമുണ്ടായിരുന്നു. അരനൂറ്റാണ്ടിനടുത്ത് സജീവമായി രാഷ്‌ട്രീയ രംഗത്ത് നിറഞ്ഞ മാരാര്‍ജിക്ക് ആറടിമണ്ണോ കേറിക്കിടക്കാന്‍ ഒരു കൂരയോ ഉണ്ടായിരുന്നില്ല. ആ മാരാര്‍ജിയുടെ സ്മരണയ്‌ക്ക് എന്തുകൊണ്ടും അനുയോജ്യമാണ് ബിജെപിയുടെ പുതിയ ആസ്ഥാനമന്ദിരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: