തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയും സര്‍ക്കാരിന്റെ ധൂര്‍ത്തും ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കിടയിലും അതൃപ്തിയും രോഷവും പടര്‍ത്തുന്നു. തങ്ങള്‍ക്ക് ലഭിക്കാനുള്ള ക്ഷാമബത്ത മുടങ്ങുക കൂടി ചെയ്തതോടെയാണ് അവര്‍ക്കിടയിലെ അതൃപ്തി രൂക്ഷമായത്.
ക്ഷാമബത്ത (ഡിഎ) കുടിശ്ശിക ആവശ്യപ്പെട്ട് ഐഎഎസ് ഓഫീസേഴ്സ് അസോസിയേഷന് ചീഫ് സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും കത്ത് നല്കി. ജൂലൈയില്‍ കേന്ദ്രസര്‍ക്കാര്‍ ഡിഎ 42 ശതമാനത്തില്‍ നിന്ന് 46 ശതമാനമായി ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇത് സംസ്ഥാനത്ത് മാത്രം നടപ്പാക്കിയില്ല. ഡിഎ വര്‍ദ്ധന നല്കാന് നിസാര തുക മതി.
രാജ്യത്താകമാനമുള്ള കണക്കെടുത്താല്‍ പോലും ഒന്നരകോടിയില്‍ താഴെയാണ് ചിലവ്. സംസ്ഥാനത്ത് ലക്ഷങ്ങള്‍ മതി. സമാന തസ്തികയിലുള്ള മറ്റ് സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് കേരളത്തിലേതിനേക്കാള്‍ ഉയര്‍ന്ന ശമ്പളമാണ് ലഭിക്കുന്നത്. ഡിഎ വര്‍ദ്ധന ശമ്പള വിതരണ വെബ്സൈറ്റായ സ്പാര്‍ക്കില്‍ കൂട്ടിച്ചേര്‍ത്തിട്ടുമില്ല. ഐപിഎസ് ഉദ്യോഗസ്ഥരുടെ കാര്യത്തിലും സമാന അവസ്ഥയാണ്.
ഏഴു മാസത്തെ കുടിശ്ശികയാണ് നിലവിലുള്ളത്. ഡിഎ വര്‍ദ്ധന നടപ്പാക്കാത്തത് സംബന്ധിച്ച് അസോസിയേഷന് നേരത്തെ ചീഫ് സെക്രട്ടറിയോട് ചര്‍ച്ച ചെയ്തിരുന്നു. എന്നിട്ടും നടപടി ഉണ്ടാകാതെ വന്നതോടെയാണ് രേഖാമൂലം കത്ത് നല്‍കിയത്. കത്തിന്റെ പകര്‍പ്പ് മുഖ്യമന്ത്രിക്കും കൈമാറിയിട്ടുണ്ട്. കത്ത് നല്കിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇത് സജീവമായി പരിഗണിക്കേണ്ടി വരും. മാത്രമല്ല അക്കൗണ്ടന്റ് ജനറലും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ മുഖ്യമന്ത്രി സംഭവത്തില്‍ ഇടപെട്ടേക്കുമെന്നാണ് സൂചന. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 21 ശതമാനം ഡിഎ കുടിശ്ശിക കിട്ടാനുണ്ട്. ആറ് ഗഡു കുടിശ്ശികയുള്ളതില് ഒരു ഗഡു ഏപ്രിലിലെ ശമ്പളത്തോടൊപ്പം നല്‍കുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: