പറവൂര്‍: സിപിഎം പ്രവര്‍ത്തകയും അയല്‍വാസിയുമായ സ്ത്രീയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ എസ്എഫ്ഐ പറവൂര്‍ ഏരിയാ സെക്രട്ടറിയെ തല്‍സ്ഥാനത്ത് നിന്ന് നീക്കി.
എസ്എഫ്ഐ ജില്ലാ സെക്രട്ടേറിയറ്റംഗം, ഡിവൈഎഫ്ഐ പറവൂര്‍ ബ്ലോക്ക് കമ്മിറ്റി അംഗം, ടൗണ്‍ പ്രസിഡന്റ് എന്നീ ചുമതലകളില്‍ നിന്ന് നീക്കാനും തീരുമാനമായി. ഏരിയാ കമ്മിറ്റിയുടെ സോഷ്യല്‍ മീഡിയയുടെ ചുമതലക്കാരനായിരുന്ന നേതാവിന്റെ ഭാഗത്ത് നിന്നുണ്ടായ അനാശാസ്യ നടപടിയെ തുടര്‍ന്ന് സിപിഎം പറവൂര്‍ ഏരിയാ നേതൃത്വം പ്രതിക്കൂട്ടിലായിരുന്നു. ഔദ്യോഗിക പക്ഷത്തിന്റെ വിശ്വസ്തനായിരുന്ന ഇയാളുടെ ദുഷ്പ്രവര്‍ത്തി ഏരിയാ നേതൃത്വത്തിലെ പ്രധാനികളെ ഞെട്ടിച്ചിരിക്കുകയാണ്. കുറച്ച് മാസങ്ങള്‍ക്കു മുമ്പ് മറ്റൊരു ഡിവൈഎഫ്ഐ ബ്ലോക്ക് നേതാവിനെതിരെ ശല്യം ആരോപിച്ച് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്കിയ പരാതി ഏരിയാ നേതൃത്വം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ വിദ്യാര്‍ത്ഥി നേതാവിനെതിരായും പ്രശ്നങ്ങള്‍ ഉയര്‍ന്നത് പാര്‍ട്ടി ഏരിയാ നേതൃത്വത്തിന് തലവേദനയായി.
മൂന്നാഴ്ച മുമ്പാണ് വീടിന് സമീപം താമസിക്കുന്ന യുവതിക്കു നേരെ എസ്എഫ്ഐ നേതാവിന്റെ പരാക്രമം ഉണ്ടായത്. ഇവര്‍ കുളിക്കാന്‍ ബാത്ത്റൂമില്‍ കയറിയപ്പോള്‍ ഇയാള്‍ ഇവരുടെ വീടിന്റെ മുകള്‍ഭാഗത്ത് കയറി കുളിമുറിയുടെ വെന്റിലേഷനിലൂടെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. സോഷ്യല്‍ മീഡിയ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ഏരിയാ കമ്മിറ്റിയുടെ പണം കൊടുത്ത് വാങ്ങിയ മൊബൈല്‍ ഫോണിലാണ് ഇയാള്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
ഏരിയാ സെക്രട്ടറിയുടെ പേരിലുള്ള സിം ആണ് ഫോണിലുള്ളത്. ഇയാള്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത് മനസിലാക്കിയ യുവതി പ്രശ്നമുണ്ടാക്കുകയും നേതാവിനെ മര്‍ദിക്കുകയും ചെയ്തു. തുടര്‍ന്ന് നേതാവിന്റെ കൈവശമുണ്ടായ പാര്‍ട്ടിയുടെ ഫോണ്‍ സ്ത്രീ ബലമായി പിടിച്ചുവാങ്ങി. ഏരിയാ നേതാക്കള്‍ പലവട്ടം ചര്‍ച്ച നടത്തി ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ തിരിച്ചുനല്‍കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു യുവതി.
പോലീസില്‍ പരാതി നല്കാതിരിക്കാനും ഇവര്‍ യുവതിക്കു മേല്‍ സമ്മര്‍ദം ചെലുത്തി. സോഷ്യല്‍ മീഡിയയില്‍ സംഭവം കാട്ടുതീ പോലെ പ്രചരിച്ചെങ്കിലും പാര്‍ട്ടി ഒന്നും അറിയാത്ത പോലെ മൗനത്തിലായിരുന്നു. പാര്‍ട്ടിയുടെ പണം കൊടുത്ത് വാങ്ങിയ മൊബൈല്‍ഫോണ്‍ സംഭവം നടന്ന് മൂന്നാഴ്ചയ്ക്ക് ശേഷവും തിരിച്ചുകിട്ടാത്തത് നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
ഇതിനിടെ ഏരിയാ സെക്രട്ടറിയും മറ്റൊരു നേതാവും കഴിഞ്ഞദിവസം യുവതിയുടെ വീട്ടില്‍ ചര്‍ച്ചക്ക് ചെന്നെങ്കിലും, കോണ്‍ഗ്രസ് നേതാവായ വാര്‍ഡ് കൗണ്‍സിലറെ യുവതിയുടെ വീട്ടില്‍ കണ്ടതിനെ തുടര്‍ന്ന് സെക്രട്ടറി ക്ഷുഭിതനായി ഇറങ്ങിപ്പോയി. യുവതിയുടെ വീട്ടുകാരുടെ നിര്‍ബന്ധം കൊണ്ടാണ് കൗണ്‍സിലര്‍ ചര്‍ച്ചയില്‍ പങ്കെടുത്തത്.
തെറ്റു ചെയ്ത നേതാവിനെ കൊണ്ട് മാപ്പ് എഴുതി നല്‍കണമെന്ന് യുവതി നിര്‍ബന്ധം പിടിച്ചു. ഒടുവില്‍ ആരോപണ വിധേയനായ യുവാവിനെ വിളിച്ചുവരുത്തി മാപ്പ് എഴുതി വാങ്ങി യുവതിക്ക് നല്കി. ഇതില്‍ ഏരിയാ കമ്മിറ്റി അംഗം സാക്ഷിയായി ഒപ്പിട്ടു നല്‍കുകയും ചെയ്തു. എല്ലാവരുടേയും മുന്നില്‍ വച്ച് പാര്‍ട്ടിയുടെ മൊബൈല്‍ ഫോണ്‍ യുവതി കത്തിച്ചു കളഞ്ഞു. അനാശാസ്യ പ്രവണതകളും, സ്ത്രീ വിഷയങ്ങളും നിരവധി ഉയര്‍ന്ന് വന്നിട്ടും കൃത്യസമയത്ത് നടപടി സ്വീകരിക്കാതെ ഒതുക്കാന്‍ ശ്രമിക്കുന്ന ഏരിയാ നേതൃത്വത്തിനെതിരെ അണികളില്‍ പ്രതിഷേധം ശക്തമാണ്. സംഭവം മുടിവയ്ക്കാന്‍ ശ്രമിച്ച പാര്‍ട്ടി ഏരിയാ നേതൃത്വത്തിന്റെ പിടിവാശിയാണ് പ്രശ്നങ്ങള്‍ വഷളാക്കിയതെന്നാണ് യുവതിയുടെ ബന്ധുക്കളുടെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: