കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ ഡിജിറ്റല്‍ ലാന്‍ഡ് സര്‍വേയുടെ ഭാഗമായി ക്ഷേത്രഭൂമികള്‍, ക്ഷേത്രക്കുളങ്ങള്‍, കാവുകള്‍ എന്നിവയെല്ലാം സര്‍വേ ചെയ്ത് പഞ്ചായത്തിന്റെ ഉടമസ്ഥതയിലേക്ക് മാറ്റിയതായി ക്ഷേത്രസംരക്ഷണ സമിതി. ദേവസ്വം ബോര്‍ഡ് ക്ഷേത്രം, ഊരാഴ്മ ക്ഷേത്രങ്ങള്‍, സ്വകാര്യ-പൊതു ക്ഷേത്രങ്ങള്‍, സമുദായങ്ങളുടെ ക്ഷേത്രങ്ങള്‍ എന്നിവയുടെ കൈവശമുള്ള ഭൂമികള്‍ ഇതുവഴി അന്യാധീനപ്പെടുമെന്നും ക്ഷേത്രസംരക്ഷണസമിതി മുന്നറിയിപ്പു നല്കി.
ഓരോ പ്രദേശത്തെയും ഡിജിറ്റല്‍ ലാന്‍ഡ് സര്‍വേ നടപടികള്‍ പൂര്‍ത്തീകരിക്കുന്ന മുറക്ക് ക്ഷേത്രഭൂമികള്‍ ദേവസ്വത്തിന്റെ ഭൂമിയായി രേഖപ്പെടുത്താതെയാണ് ഈ ഭൂമി പഞ്ചായത്ത് ഉടമസ്ഥതയുള്ള ഭൂമിയാക്കി മാറ്റുന്നത്.
ഇപ്രകാരം ക്ഷേത്രഭൂമികള്‍ അന്യാധീനപ്പെടുത്താനുള്ള നടപടിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും ഡിജിറ്റല്‍ ലാന്‍ഡ് സര്‍വേ നടപടികള്‍ പൂര്‍ത്തീകരിക്കുമ്പോള്‍ ക്ഷേത്രഭൂമികള്‍ ക്ഷേത്രത്തിന്റെ ഉടമസ്ഥതയില്‍ത്തന്നെ നിലനിര്‍ത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേരള ക്ഷേത്ര സംരക്ഷണ സമിതി റവന്യൂ മന്ത്രി, ചീഫ് സെക്രട്ടറി, ലാന്‍ഡ് റവന്യൂ കമ്മിഷണര്‍, സര്‍വേ ഡയറക്ടര്‍ എന്നിവര്‍ക്ക് പരാതി നല്കി.
സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ഇത് സംബന്ധിച്ച പ്രമേയം അംഗീകരിച്ചു. യോഗത്തില്‍ സമിതി അധ്യക്ഷന്‍ എം. മോഹനന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.എസ്. നാരായണന്‍, സംഘടന സെക്രട്ടറി ടി.യു. മോഹനന്‍, ട്രഷറര്‍ വി.എസ്. രാമസ്വാമി, കെ. നാരായണന്‍കുട്ടി, എം.വി. രവി, ലക്ഷ്മിപ്രിയ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: