പാലക്കാട്: സ്നേഹത്തിലൂടെയും സേവനത്തിലൂടെയും തൊഴിലാളികളുടെ മനം കവര്‍ന്ന ബിഎംഎസിനെ കേരളത്തില്‍ ഒന്നാം സ്ഥാനത്തെത്തിക്കണമെന്ന് ദക്ഷിണ ക്ഷേത്രീയ സംഘടനാ സെക്രട്ടറി എസ്. ദുരൈരാജ് പ്രവര്‍ത്തകരെ ആഹ്വാനം ചെയ്തു. ബിഎംഎസ് 20 ാം സംസ്ഥാന സമ്മേളനത്തില്‍ സമാപന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
ലക്ഷ്യം ചെറുതോ വലുതോ ആവട്ടെ, അത് പൂര്‍ത്തീകരിക്കുക എന്നതാണ് ദൗത്യം. നിരവധി വെല്ലുവിളികളെ അതിജീവിച്ച് ബിഎംഎസ് ഇന്ന് ഈ സ്ഥാനത്തെത്തിയെങ്കില്‍ ഒന്നാം നിരയിലെത്താനും കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല. നാം കണ്ട പല സ്വപ്നങ്ങളും ഓരോന്നായി സാക്ഷാത്കരിച്ചുവരികയാണ്. അയോദ്ധ്യയിലെ ശ്രീരാമ പ്രാണപ്രതിഷ്ഠ തന്നെ ഒടുവിലത്തെ ഉദാഹരണം. ഇനിയുമേറെയുണ്ട്. അവയില്‍ ഒന്നാണിത്. ശക്തിയുള്ളവനെ വിലയുള്ളൂ. സംഘടനക്കകത്തും പുറത്തും മനസിലും ഒരേ ചിന്താഗതി ഉണ്ടാകണം. എങ്കില്‍ നമ്മുടെ ലക്ഷ്യം നേടിയെടുക്കാന്‍ കഴിയും. വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ ചിന്താഗതിയുള്ള മുഴുവന്‍ പ്രവര്‍ത്തകരെയും ബിഎംഎസിനു പിന്നില്‍ അണിനിരത്തണം.
കൊവിഡ് കാലത്ത് എല്ലാംമറന്ന് അശരണരെ സഹായിക്കുന്നതില്‍ ബിഎംഎസ് ഒന്നാംനിരയിലായിരുന്നു. അത്തരമൊരു മനോഭാവം സംഘടനയെ വളര്‍ത്തിയെടുക്കുന്നതിന് ഉണ്ടാകണമെന്നും ദുരൈരാജ് ഓര്‍മപ്പെടുത്തി. രാജ്യത്ത് പല രംഗങ്ങളിലും ബിഎംഎസ് ഒന്നാം സ്ഥാനത്താണ്. കേരളത്തിലും ആ മാതൃക പിന്തുടരണം. വിവിധ സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളിലെ ഹിതപരിശോധനയില്‍ മുന്‍പന്തിയിലെത്താന്‍ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. ബംഗാളിലും ത്രിപുരയിലും കമ്മ്യൂണിസ്റ്റുകാര്‍ തൂത്തെറിയപ്പെട്ടു. നിര്‍ഭാഗ്യകരമെന്നു പറയട്ടെ കേരളത്തില്‍ രണ്ടാംതവണയും അവര്‍ക്ക് അധികാരം ലഭിച്ചു. എന്നാല്‍ ഇത് മാറ്റിയെടുക്കാന്‍ നാം വിചാരിച്ചാല്‍ കഴിയും. അത്തരമൊരു മനോഭാവം ഉണ്ടാക്കിയെടുക്കണമെന്നും ദുരൈരാജ് ആഹ്വാനം ചെയ്തു.
സംസ്ഥാന പ്രസിഡന്റ് ശിവജി സുദര്ശന് അധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറിമാരായ രാംനാഥ് ഗണേഷ്, വി. രാധാകൃഷ്ണന്, നേതാക്കളായ ജി.കെ. അജിത്, ഉണ്ണികൃഷ്ണന് ഉണ്ണിത്താന്, എം.പി. രാജീവന്, കെ. മഹേഷ്, കെ.കെ. വിജയകുമാര്‍ എന്നിവരും വേദിയിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: