മാനന്തവാടി: കണ്ടവരെല്ലാം ഞെട്ടിപ്പോയതും ഒരു നിമിഷത്തിന്റെ വിലയറിഞ്ഞതുമാണ് ചാലിഗദ്ദയിലെ പായിക്കണ്ടത്തില്‍ ജോമോന്റെ വീട്ടിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ആ ദൃശ്യം. ശനിയാഴ്ച രാവിലെ 7.09 നാണ് കാട്ടാന പടികയറി ഗേറ്റ് തകര്‍ത്തെത്തുന്ന ദൃശ്യം പതിഞ്ഞത്. 7.11 ന് ആന വീണുകിടക്കുന്ന അജീഷിനടുത്തെത്തി. ഈ രണ്ട് മിനിറ്റുകള്‍ക്കിടയിലാണ് എല്ലാം സംഭവിച്ചതെന്ന് നാടിനെ നടുക്കിയ ദുരന്തത്തിന് സാക്ഷിയായ ജോമോന് വിവരിക്കുന്നു. എറിഞ്ഞുകൊടുത്ത ആ താക്കോല്‍കൊണ്ട് ഗേറ്റ് തുറക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ നിലത്തു വീഴാതെ ഓടാമായിരുന്നു. അജീഷിന് രക്ഷപ്പെടാന്‍ കഴിയുമായിരുന്നു, ജോമോന് പറയുന്നു.
ജോമോന്റെ വീടിനു മുന്നിലെ റോഡിലൂടെ സ്വന്തംവീട്ടിലേക്ക് നടന്നുപോവുകയായിരുന്നു അജിയും സുഹൃത്തായ സഞ്ജുവും. ഇതിനിടയിലാണ് തൊട്ടുതാഴെയുള്ള പറമ്പിലൂടെ പോവുകയായിരുന്ന ആന പെട്ടെന്ന് റോഡിലേക്ക് കയറിയത്. പിന്നെ ഇവരുടെ പിന്നാലെ ഓടുകയായിരുന്നു. ആനയുടെ വരവുകണ്ടാണ് ഇരുവരും ഓടി ജോമോന്റെ വീട്ടിലേക്കുകയറാന്‍ ശ്രമിച്ചത്. ഉയരംകുറഞ്ഞ ഗേറ്റാണെങ്കിലും അടച്ചിട്ടതിനാല്‍ അജിക്ക് പെട്ടെന്ന് കടക്കാനായില്ല. മുന്നിലുള്ള സഞ്ജു ചാടിക്കടന്നു. തൊട്ടുപിന്നാലെ ചാടിയ അജീഷ് പക്ഷേ, ഭയന്നിട്ട് വീണുപോവുകയായിരുന്നുവെന്ന് ജോമോന് പറഞ്ഞു.
വീണിടത്തു നിന്ന് എഴുന്നേല്ക്കാന് ശ്രമിക്കുന്നതിനിടെത്തന്നെ രക്ഷപ്പെടാന്‍ ഒരുമാര്‍ഗവും കൊടുക്കാത്തവിധം ആന അടുത്തെത്തിക്കഴിഞ്ഞിരുന്നു. ആന അജിയെ മുറ്റത്തിനോട് ചേര്‍ന്ന പറമ്പിലേക്ക് എടുത്തെറിഞ്ഞു. അവിടെയിട്ട് ചവിട്ടി. പോവുന്നതിനിടെ വീണ്ടും ചവിട്ടി. അങ്ങനെയാണ് അജീഷ് ദാരുണമായി കൊല്ലപ്പെടുന്നത്. കലിതീര്ന്ന് അല്പനേരം അവിടെനിന്ന ശേഷമാണ് വീടിനുപുറകിലെ തോട്ടത്തിലേക്ക് കയറിപ്പോയത്. വനംവകുപ്പുകാര്‍ പിന്നാലെ പടക്കവുമായെത്തി തുരത്താന്‍ ശ്രമിച്ചെങ്കിലും ജോമോന്റെ വീടിനു പുറകിലുള്ള കുന്നില്‍ നാനൂറ് മീറ്റര്‍ അകലെയായി നിലയുറപ്പിച്ചു. സഞ്ജു വീടിന്റെ ഇടതുഭാഗത്തേക്ക് ഓടിയതുകൊണ്ടാണ് രക്ഷപ്പെട്ടത്. ആനവരുന്നതിനിടെ വീടിനുമുന്ഭാഗത്ത് കെട്ടിയ പ്ലാസ്റ്റിക് ഷീറ്റില്‍ തട്ടി കയറുപൊട്ടി താഴെവീണതിനാല്‍ വീടിന്റെ മുന്‍ഭാഗം ഷീറ്റുകൊണ്ട് മൂടിപ്പോയി. അതിനാല്‍ വീട് ആക്രമിച്ചില്ല, ജോമോന് പറഞ്ഞു.
ഓടിവരുന്നതുകണ്ട് ഗേറ്റ് തുറക്കാന്‍ ചെന്നു. പക്ഷേ, ഒന്നും ചെയ്യാനുള്ള സമയം കിട്ടിയില്ല എന്ന് 12 വയസുകാരന് രോമിത് എല്‍ദോ പറയുന്നു. ഗേറ്റുതുറക്കാന്‍ താക്കോലുമായി ചെന്നപ്പോള്‍ കൈയിലേക്ക് ഇട്ടുകൊടുക്കാന്‍ അജീഷും സഞ്ജുവും പറഞ്ഞു.
പക്ഷേ, ആന അടുത്തെത്താറായതിന്റെ ആധിയില്‍ താക്കോല്‍ അവര്‍ക്ക് പിടിക്കാനായില്ല. ഗേറ്റിനിപ്പുറത്തുതന്നെ താക്കോല്‍ വീണു. ആന അപ്പോഴേക്കും പടിക്കു താഴെയെത്തിയിരുന്നെങ്കിലും അതൊന്നും നോക്കാതെ നിലത്തുവീണ താക്കോല്‍ രോമിത് വീണ്ടും എടുത്തുകൊടുത്തു. പക്ഷേ, തുറക്കാന്‍ സാവകാശം കിട്ടാതെപോയി. അവര്‍ ഇരുവരും ഗേറ്റ് ചാടിക്കടന്നു. അതിവേഗമാണ് ആന വന്നത്. ആനയുടെ വരവുകണ്ട് എട്ടുവയസുകാരനായ രോഹിത്തിനെയും കൂട്ടി േരാമിത് എല്‍ദോ വീടിനകത്തേക്ക് ഓടി.
കരാട്ടെ ക്ലാസുള്ളതുകൊണ്ട് രാവിലെ സ്നാക്സ് വാങ്ങിക്കാനായി അടുത്തുള്ള കവലയില്‍ പോയതായിരുന്നു. അപ്പോള്‍ ആനയുണ്ടെന്ന് ഒരു ചേട്ടന് പറഞ്ഞതുകൊണ്ട് പകുതിവഴിയില്‍വെച്ച് തിരിച്ചുപോന്നു. വീട്ടിലെത്തി അധികസമയം കഴിയുന്നതിനുമുന്നെയാണ് ആന പാഞ്ഞെത്തിയത്.
അജീഷിന്റെ കൂടെയുണ്ടായിരുന്ന അയല്‍വാസിയായ സഞ്ജു ആനയിറങ്ങിയതറിഞ്ഞ് പടക്കവുമായാണ് ഒപ്പംചെന്നത്. താക്കോലിനൊപ്പം തീപ്പെട്ടിയും ഇട്ടുകൊടുത്തിരുന്നെങ്കിലും അത് കുനിഞ്ഞെടുക്കുന്നതിനിടയില്തന്നെ ആന തൊട്ടടുത്തെത്തിയെന്ന് സഞ്ജു വിവരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: