(കൃഷ്ണാര്‍ജുന സംവാദം)
പരമാത്മാവിനെ പ്രാപിക്കുന്ന മഹാപുരുഷന്മാരുടെ ജ്ഞാനം, വ്യവഹാര കാലത്ത് എങ്ങനെയായിരിക്കും?
തത്വജ്ഞാനിയായ മഹാപുരുഷന്, വിദ്വാനും വിനയാന്വിതനുമായ ബ്രാഹ്മണന്, പശു, ആന, നായ, ചണ്ഡാലന് ഇവരിലെല്ലാം സമരൂപത്തില്‍ പരമാത്മാവിനെയാണ് കാണുന്നത്, അല്ലാതെ കഴിക്കുക, കുടിക്കുക പോലുള്ള വ്യവഹാരത്തില്‍ അവയുമായി ഏകത കാണുകയല്ല.
സമദര്‍ശി ആയാല്‍ എന്തു സംഭവിക്കും?
ആരുടെ മനസ്സാണോ സമഭാവത്തില്‍ സ്ഥിതി ചെയ്യുന്നത്, അവര്‍ ഈ ജീവിതത്തില്‍ത്തന്നെ സംസാരത്തെ ജയിച്ചിരിക്കുന്നു. എന്തുകൊണ്ടെന്നാല്‍, ബ്രഹ്മം ദോഷരഹിതവും സമവും (ഏകരസമായ തത്ത്വം) ആണ്. അതിനാല്‍ അവര്‍ സച്ചിദാനന്ദഘന പരമാത്മാവില്‍ വര്‍ത്തിക്കുന്നു.
ഈ സാമ്യാവസ്ഥയില്‍ സ്ഥിതി ചെയ്യാന്‍ ഉപായമെന്താണ്?
വ്യവഹാരത്തില്‍ ഇഷ്ടലാഭത്തില്‍ സന്തോഷിക്കാതെയും, അനിഷ്ടമായതു വരുമ്പോള്‍ വ്യാകുലപ്പെടാതെയുമിരിക്കുന്ന സ്ഥിരബുദ്ധികളും സംശയരഹിതരും ബ്രഹ്മജ്ഞാനികളുമായവര്‍ സച്ചിദാനന്ദഘന പരബ്രഹ്മ പരമാത്മാവില്‍ ഏകീഭാവത്തോടെ സദാ സ്ഥിതിചെയ്യുന്നു.
ഭഗവാനെ, ഈ സ്ഥിതി ഏതു ക്രമത്തിലാണ് പ്രാപ്തമാവുന്നത്?
ബാഹ്യവിഷയങ്ങളില്‍ ആസക്തിരഹിതമായ അന്തഃകരണത്തോടു കൂടിയ സാധകന് ആദ്യം ആത്മാവില്‍ കുടികൊള്ളുന്ന ധ്യാനജന്യമായ സാത്ത്വികാനന്ദം ലഭിക്കുന്നു. പിന്നീട് ബ്രഹ്മത്തില്‍ ഐക്യം പ്രാപിച്ച ആത്മാവോടുകൂടിയ അയാള്‍ അനശ്വരമായ ആനന്ദം അനുഭവിക്കുന്നു.
ബാഹ്യ പദാര്‍ത്ഥങ്ങളോടുള്ള ആസക്തിയില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാം?
ഇന്ദ്രിയ വിഷയ സംയോഗത്തില്‍ നിന്നുണ്ടാകുന്ന സുഖാനുഭവങ്ങള്‍ ഏതൊക്കെയാണോ, അവയെല്ലാം വിഷയാസക്തന് സുഖമായി തോന്നുമെങ്കിലും, അവ നിശ്ചയമായും ദുഃഖകാരണങ്ങള്‍ തന്നെ. അവയ്ക്ക് ആദിയും അന്തവും ഉണ്ട്. (വരികയും പോകയും ചെയ്യും). ഇക്കാരണത്താല്‍, അര്‍ജുനാ, ജ്ഞാനി അതിലൊന്നും അഭിരമിക്കുന്നില്ല.
ഭഗവാനെ ഭോഗങ്ങളില്‍ രമിക്കാത്ത ആ മനുഷ്യരുടെ വിശേഷത എന്താണ്?
ഏതൊരു സാധകന് ശരീരമുപേക്ഷിക്കുന്നതിനുമുന്‍പ് ഇവിടെവച്ചുതന്നെ കാമ ക്രോധങ്ങളില്‍ നിന്നുണ്ടാകുന്ന വികാരത്തെ സഹിക്കാന്‍ ശക്തനാകുന്നുവോ, ആ മനുഷ്യന് യോഗിയാകുന്നു; അയാള്‍ മാത്രമാണ് സന്തുഷ്ടനായ മനുഷ്യന്.
അങ്ങനെ ആയാല്‍ എന്തു സംഭവിക്കും?
കാമത്തിന്റെയും ക്രോധത്തിന്റെയും വികാരം ഉണ്ടാകാതിരിക്കുന്നതിനാല്‍, അവര്‍ക്ക് പരമാത്മതത്വത്തിന്റെ സുഖം ലഭിക്കുന്നു, അവര്‍ പരമാത്മതത്വത്തില്‍ തന്നെ രമിക്കുന്നു, അവരുടെ ജ്ഞാനം എപ്പോഴും അചഞ്ചലമായി നിലകൊള്ളുന്നു. അങ്ങനെ ബ്രഹ്മസ്വരൂപമായിത്തീരുന്ന സാധകന് ശാന്തബ്രഹ്മത്തെ പ്രാപിക്കുന്നു.
ആ ശാന്തബ്രഹ്മത്തെ മറ്റാരൊക്കെ പ്രാപിക്കുന്നു?
പാപം നശിച്ചവരും ജ്ഞാനത്തിനാല്‍ സംശയങ്ങളെല്ലാം നീങ്ങിയവരും സര്‍വജീവികളുടെയും നന്മയില് തത്പരരും, മനസ്സ് പരമാത്മാവില്‍ നിശ്ചലഭാവത്തോടെ ലയിച്ചവരുമായ ബ്രഹ്മജ്ഞാനികള്‍ നിര്‍വാണ ബ്രഹ്മത്തെ പ്രാപിക്കുന്നു.
നിര്‍വാണ ബ്രഹ്മത്തെ പ്രാപിക്കുന്നവരുടെ ലക്ഷണങ്ങള്‍ എന്തൊക്കെയാണ്?
അവര്‍ കാമക്രോധരഹിതരും മനസ്സിനെ നിയന്ത്രിച്ചവരും പരബ്രഹ്മപരമാത്മാവിനെ സാക്ഷാത്കരിച്ചവരുമാണ്. അത്തരം സാംഖ്യ യോഗികള്‍ക്ക് ജീവനുള്ളപ്പോഴും മരിച്ചാലും ‘ബ്രഹ്മനിര്‍വാണം’അനായാസേന ലഭ്യമാണ്.
(ഗീതാപ്രസിന്റെ ‘ഗീതാമാധുര്യം’ മലയാള പരിഭാഷയില്‍ നിന്ന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: