അരൂര്‍: തുറവൂര്‍-അരൂര്‍ ഉയരപ്പാതയുടെ നിര്‍മ്മാണം അതിവേഗത്തില്‍ പുരോഗമിക്കുന്നു. തൂണുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന കോണ്‍ക്രീറ്റ് ഗര്‍ഡര്‍ സ്ഥാപിക്കുന്ന ജോലികളാണ് നിലവില്‍ നടക്കുന്നത്. തുറവൂര്‍ ജങ്ഷനോടു ചേര്‍ന്നുള്ള തൂണുകള്‍ക്കു മുകളിലാണ് 32 മീറ്റര്‍ നീളവും 80 ടണ്‍ ഭാരവുമുള്ള 21 കോണ്‍ക്രീറ്റ് ഗര്‍ഡറുകള്‍ സ്ഥാപിച്ചത്. പൂര്‍ണമായി റിമോട്ടില്‍ പ്രവര്‍ത്തിക്കുന്ന ലോഞ്ചിങ് ഗാന്‍ട്രിയുടെ സഹായത്തോടെയാണു കോണ്‍ക്രീറ്റ് ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നത്.ചേര്‍ത്തല മായിത്തറയിലെ യാഡിലാണു ഗര്‍ഡറുകള്‍ കോണ്‍ക്രീറ്റ് ചെയ്തു സൂക്ഷിച്ചിരിക്കുന്നത്.
ദേശീയപാത 66ല്‍ അരൂര്‍ – തുറവൂര്‍ ഭാഗത്ത് ഉയരപാത നിര്‍മിക്കുന്നത് 24 മീറ്റര്‍ വീതിയിലാണ്. ഈ ഭാഗത്ത് ആകെ 30 മീറ്റര്‍ വീതിയിലാണു ദേശീയപാതയ്ക്കു ഭൂമിയുള്ളത്. ആകെ 12.75 കിലോമീറ്റര്‍ നീളത്തിലാണു നിര്‍മാണം. രാജ്യത്തെ തന്നെ ഒറ്റത്തൂണില്‍ നിര്‍മിക്കുന്ന ഏറ്റവും നീളം കൂടിയ ആറുവരി ഉയരപാതയാണ് ഇവിടെ നിര്‍മിക്കുന്നത്. ഉയരപാതയ്ക്കായി ആകെ അര ഏക്കറോളം സ്ഥലം മാത്രമാണ് ഏറ്റെടുക്കേണ്ടി വന്നത്. ആറു വരി ഉയരപാതയ്ക്കു പുറമേ ചേര്‍ത്തല ഭാഗത്തു നിന്നെത്തുന്ന വാഹനങ്ങള്‍ക്ക് വെണ്ടുരുത്തി പാലത്തിലേക്ക് ഇറങ്ങാനായി ഒരു റാംപും നിര്‍മിക്കുന്നുണ്ട്. 1,675 കോടി രൂപയുടേതാണ് നിര്‍മാണ കരാര്‍.
ഉയരപ്പാതയ്ക്കായി ആകെ വേണ്ടത് 356 തൂണുകളാണ്. നിലവിലെ ദേശീയപാതയ്ക്ക് നടുവില്‍ തയ്യാറാക്കുന്ന ഒറ്റത്തൂണുകളാണിവ.
മെറ്റില്, എം സാന്‍ഡ്, സിമന്റ്, കമ്പി തുടങ്ങിയ നിര്‍മാണ സാമഗ്രികളുടെ ലഭ്യതയാണ് ദേശീയപാത നിര്‍മാണത്തിന്റെ പല റീച്ചുകളിലും പ്രതിസന്ധി സൃഷ്ടിക്കുന്നത്. സംസ്ഥാന അതിര്‍ത്തിയായ പാലക്കാട്, തമിഴ്നാട്ടിലെ കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍നിന്നാണ് ഭൂരിഭാഗം അസംസ്കൃത വസ്തുക്കളും എത്തിക്കുന്നത്. നാല് യാര്‍ഡുകളിലായാണ് ഇവ സംഭരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: