ഡോ. മന്‍മോഹന്‍ വൈദ്യ
ആര്‍എസ്എസ് സഹസര്‍കാര്യവാഹ്
ഉത്തര്‍പ്രദേശിലെ മീററ്റിനടുത്തുള്ള മുസാഫര്‍നഗറില്‍ സംഘടിപ്പിച്ച ധര്‍മ്മസമ്മേളനത്തില്‍ സംസാരിക്കവേ അന്നത്തെ യുപി സര്‍ക്കാരിലെ മന്ത്രി ദാവുദയാല്‍ ഖന്നയാണ് അയോദ്ധ്യയിലേക്ക് ശ്രദ്ധ ക്ഷണിച്ചത്. അവിടെ ശ്രീരാംലല്ലയുടെ ക്ഷേത്രം പൂട്ടിയിരിക്കുകയാണെന്നും പൂജാരി ഒഴികെയുള്ള ഒരു രാമഭക്തനെയും അവിടേക്ക് കടത്തില്ലെന്നും അദ്ദേഹം പറഞ്ഞു. ശ്രീരാമലല്ലയുടെ ക്ഷേത്രം തകര്‍ത്ത് അതേ സ്ഥലത്ത് മുസ്ലീം പള്ളി പണിതു എന്ന കുറ്റമാണ് മുഗള്‍ ആക്രമണകാരിയായ ബാബര്‍ ചെയ്തത്. ഇസ്ലാമിക പണ്ഡിതര്‍ പറയുന്നത്, ബലം പ്രയോഗിച്ച് കൈവശപ്പെടുത്തിയ ഭൂമിയിലോ കെട്ടിടങ്ങളിലോ നടത്തുന്ന പ്രാര്‍ത്ഥനകള്‍ അല്ലാഹു സ്വീകരിക്കുന്നതല്ല എന്നാണ്. എന്നിട്ടും ഈ അനിസ്ലാമിക പ്രവര്‍ത്തി ഹിന്ദു സമൂഹത്തെ അപമാനിക്കാന്‍ വേണ്ടി മാത്രമായിരുന്നു.
ക്ഷേത്രം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നിരന്തര സമരം നടന്നു. ബ്രിട്ടീഷ് ഭരണകാലത്ത്, 1938ല്‍, കോടതി ഉത്തരവനുസരിച്ച്, ഈ തര്‍ക്ക സ്ഥലത്തിന്റെ 100 മീറ്റര്‍ പരിധിയില്‍ മുസ്ലീങ്ങള്‍ വരുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി. 1949ലാണ് രാംലല്ല അവിടെ പ്രത്യക്ഷപ്പെട്ടത്. അന്നുമുതല്‍ ക്ഷേത്രം പൂട്ടി, പക്ഷേ പതിവ് ആരാധന തുടര്‍ന്നു. പൂജാരിക്ക് മാത്രമേ പൂട്ട് തുറന്ന് ആരാധനയ്‌ക്കായി ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവാദമുള്ളൂ.
രാംലല്ലയുടെ ക്ഷേത്രത്തിന്റെ പൂട്ട് തുറക്കാന്‍ വിശ്വഹിന്ദു പരിഷത്ത് പൊതുജന ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു. 1986 ഫെബ്രുവരിയില്‍, അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവനുസരിച്ച്, പൂട്ട് തുറക്കുകയും രാമഭക്തര്‍ക്ക് ദര്‍ശനത്തിന് അനുമതി നല്‍കുകയും ചെയ്തു. ഈ വിജയം ഹിന്ദു സമൂഹത്തിന്റെ മനോവീര്യം വര്‍ധിപ്പിച്ചു. അധിനിവേശത്തിന്റെ അടയാളമായ തര്‍ക്കക്കെട്ടിടത്തിന്റെ സ്ഥാനത്ത് ശ്രീരാമക്ഷേത്രം നിര്‍മ്മിക്കാനുള്ള പദ്ധതി തയാറായി. ഇതിനായി പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി, രാമശിലാ പൂജാ പരിപാടികള്‍ സംഘടിപ്പിച്ചു. അയോദ്ധ്യയില്‍ ശ്രീരാമക്ഷേത്രം നിര്‍മ്മിക്കുന്നത് ഇസ്ലാമിനോടോ പള്ളിയോടോ ഉള്ള എതിര്‍പ്പ് മൂലമല്ല, മറിച്ച് ഭാരതത്തിന്റെ അഭിമാനം വീണ്ടെടുക്കുന്നതിന് വേണ്ടിയാണെന്ന ബോധം എല്ലാവരിലും നിറഞ്ഞു.
ഗ്രാമങ്ങളില്‍ നിന്ന് ശ്രീരാം എന്ന് എഴുതിയ ഇഷ്ടികകള്‍ ശേഖരിച്ച് ശിലാപൂജ നടത്തി അയോദ്ധ്യയിലേക്ക് അയയ്‌ക്കാന്‍ തീരുമാനിച്ചു. 2,75,000 ഗ്രാമങ്ങളിലായി ആറു കോടി ജനങ്ങള്‍ രാമശിലാപൂജയില്‍ പങ്കെടുത്തു. ഇത് ആര്‍എസ്എസിന്റെ സംഘടനാശക്തിയെക്കാളും എത്രയോ വലുതായിരുന്നു. അതുകൊണ്ട് ഇതെല്ലാം ചെയ്തത് സംഘമാണ് എന്നുപറയുന്നത് അഹങ്കാരമാകും. ഇതെല്ലാം ചെയ്തത് ഭാരതത്തിലെ ജനങ്ങളും രാമഭക്തന്മാരുമാണ്. സംഘവും ഒപ്പമുണ്ടായിരുന്നുവെന്ന് മാത്രം. സംഘമില്ലായിരുന്നെങ്കില്‍ ഇത്രയും വ്യാപകവും സുഗമവുമായ ജനസമ്പര്‍ക്കവും പൊതുബോധവല്‍ക്കരണവും ഒരുപക്ഷെ സംഭവിക്കുമായിരുന്നില്ല എന്നതും സത്യമാണ്. ഉദാഹരണത്തിന്, ഒരു കെട്ടിടം സ്ഥാപിക്കുമ്പോള്‍, അടിസ്ഥാനം നിര്‍മ്മിക്കുന്നത് അതിന്റെ എല്ലാ ഭാരവും താങ്ങാന്‍ കഴിയുന്ന ശക്തമായ തൂണുകള്‍ കൊണ്ടാവുമല്ലോ. ഈ തൂണുകള്‍ തീര്‍ക്കുന്നത് ഇരുമ്പ് കമ്പികള്‍ കൊണ്ടാണ്. ഈ കമ്പികള്‍ക്ക് കെട്ടിടത്തിന്റെ ഭാരം താങ്ങാനുള്ള ശേഷിയില്ല. പക്ഷേ തൂണുകള്‍ക്ക് ആ ശേഷി നല്‍കുന്നത് തൂണിനുള്ളില്‍, പുറമേ കാണാതെ അടങ്ങിയിരിക്കുന്ന ഈ ഇരുമ്പ് പഞ്ജരമാണ്. സമൂഹത്തെ മുഴുവന്‍ സംഘടിപ്പിക്കാനും സമൂഹഹിതത്തിനായി പ്രവര്‍ത്തിക്കാനുമുള്ള സംഘടിത സമാജത്തിന്റെ ‘പഞ്ജരശക്തി’യാവുകയാണ് സംഘം. ഉണര്‍ന്നിരിക്കുന്ന സമാജമാകും പ്രവര്‍ത്തിക്കുക. ഉണര്‍ത്തുക എന്നതാണ് സംഘത്തിന്റെ പ്രവര്‍ത്തനം.
1992 ഡിസംബര്‍ ആറിന് നടന്ന കര്‍സേവയില്‍ ഈ ഉണര്‍വെല്ലാം പ്രകടമായി. കോടതിയില്‍ മുഴുവന്‍ നടപടികളും പൂര്‍ത്തിയായിട്ടും, നീതി ലഭിക്കാന്‍ അനാവശ്യ കാലതാമസം നേരിടുന്നത് കണ്ട്, അയോദ്ധ്യയിലെത്തിയ രണ്ടരലക്ഷത്തിലധികം കര്‍സേവകര്‍ നിയന്ത്രണം വിട്ടു എന്നത് വാസ്തവമാണ്. ഇത്രയും ശക്തമായ ഒരു നിര്‍മിതി വെറും അഞ്ച് മണിക്കൂറിനുള്ളില്‍ തകരുക എന്നത് സങ്കല്പിക്കാനാവാത്തതും അസാധ്യവുമായിരുന്നു. അത് അവര്‍ സാധ്യമാക്കി. എന്നാല്‍ ഇത്രയും നിയന്ത്രണം വിട്ടിട്ടും അവര്‍ സ്വയം നിയന്ത്രിച്ചു എന്നത് അതിശയകരമായിരുന്നു. ക്രമക്കേടിലും ഒരു ക്രമം ഉണ്ടായിരുന്നുവെന്ന് സാരം. രാംലല്ലയുടെ വിഗ്രഹം സുരക്ഷിതമായി നീക്കാനും പുനഃസ്ഥാപിക്കാനും അവര്‍ ശ്രദ്ധിച്ചു.
55,000 ജനസംഖ്യയുള്ള അയോദ്ധ്യയില്‍ 10 ശതമാനം മുസ്ലീം സമുദായവും താമസിക്കുന്നുണ്ട്. ഏകദേശം 15 മസ്ജിദുകള്‍ അവിടെയുണ്ട്. ഈ ലക്ഷക്കണക്കിന് കര്‍സേവകര്‍ ആ പള്ളികളിലൊന്നിനുനേരയും ഒരു കല്ല് പോലും എറിഞ്ഞിട്ടില്ല. ഒരു മുസ്ലിമിനോടും മോശമായി പെരുമാറിയില്ല. ഇടതുപക്ഷക്കാര്‍ സമരം നടത്തുമ്പോള്‍ അക്രമാസക്തരാകുകയും വീടുകളും കടകളും വാഹനങ്ങളും നശിപ്പിക്കുകയുമൊക്കെ ചെയ്യുന്നത് സാധാരണ അനുഭവമാണ്. എന്നാല്‍ ഇവിടെ നാനാഭാഗത്തുനിന്നും രണ്ടര ലക്ഷം കര്‍സേവകര്‍ എത്തിയിരുന്നു. എത്രമാത്രം അനിയന്ത്രിതമായിരുന്നു അന്തരീക്ഷം. പക്ഷേ അവര്‍ അവരെ അതിശയകരമാംവിധം നിയന്ത്രിച്ചു. കാരണം ഈ ഉണര്‍വ് പള്ളിക്കെതിരെയോ മുസ്ലീം സമൂഹത്തിനെതിരെയോ ആയിരുന്നില്ല. ആ സമാജസംഘടനയുടെ അസ്ഥിവാരം സംഘത്തിന്റേതായതിനാല്‍ അവര്‍ക്ക് ശക്തിയുണ്ടായിരുന്നു, സംയമനവും ഉണ്ടായിരുന്നു.
വിദ്യാര്‍ത്ഥികള്‍, കര്‍ഷകര്‍, തൊഴിലാളികള്‍, ശാസ്ത്രജ്ഞര്‍, കലാകാരന്മാര്‍, അഭിഭാഷകര്‍ തുടങ്ങി ജീവിതത്തിന്റെ എല്ലാ മേഖലകളിലുമുള്ളവര്‍ ഭാരതീയതയുടെ പ്രകാശത്തില്‍ ഉയരണമെന്ന് ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന വ്യക്തികളെ സൃഷ്ടിക്കുന്ന അടിസ്ഥാന പ്രവര്‍ത്തനം ആര്‍എസ്എസ് ചെയ്യും. ഇതല്ലാതെ മറ്റൊന്നും സംഘം ചെയ്യില്ല. ഭാരതീയതയുടെ പ്രകാശത്തില്‍ ഉണരുന്ന ഈ സമൂഹത്തിന്റെ സഹായത്തോടെ പുതിയ സര്‍ഗ്ഗാത്മക സംവിധാനങ്ങള്‍ സൃഷ്ടിക്കപ്പെടും. രാഷ്‌ട്രത്തിന്റെ സര്‍വതോമുഖമായ പുരോഗതിക്കായി സംഘ സ്വയംസേവകര്‍ പ്രതിജ്ഞാബദ്ധരാണ്. ഭാരതീയമൂല്യങ്ങളെ ആധാരമാക്കി 12,000 വിദ്യാലയങ്ങളിലൂടെയും 84,000 ഏകല്‍ വിദ്യാലയങ്ങളിലൂടെയും നടപ്പാക്കുന്ന വിദ്യാഭ്യാസത്തിന്റെ വിജയകരമായ പരീക്ഷണങ്ങള്‍ ഇതിന്റെ ഭാഗമാണ്. സമാജത്തിന്റെ സംഘടിതമായ പ്രയത്‌നത്തിലൂടെ, സര്‍ക്കാരിനെ ആശ്രയിക്കാതെ 2000 ഗ്രാമങ്ങളുടെയും 8000 നഗര കോളനികളുടെയും വികസനം ഉറപ്പാക്കുന്നത് അതിന്റെ ഫലമാണ്.
അസമത്വം പാടേ തുടച്ചുനീക്കി സംയോജനത്തിന്റെയും സമന്വയത്തിന്റെയും സമൂഹ സൃഷ്ടി ഭാരതത്തിലുടനീളം ഈ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടക്കുന്നു. തൊഴില്‍ യാചിക്കുന്നതിനുപകരം തൊഴില്‍ സംരംഭങ്ങളിലൂടെ സ്വാശ്രയജീവിതത്തിലേക്ക് തലമുറകളെ നയിക്കുന്നു. ദേശീയമായ പ്രേരണയില്‍ ഉണരുന്ന സമൂഹമാണ് ഇതെല്ലാം ചെയ്യുന്നത്. സ്വയംസേവകരും ഈ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാണ്.
ഭാരതത്തിന്റെ തനിമയുടെ ആധാരം ആദ്ധ്യാത്മികതയാണ്. അതിന്റെ ഒരു അടയാളമാണ് ശ്രീരാമന്‍. കൊവിഡ് മാരകവ്യാധിയെ നേരിടാന്‍ ലോക രാജ്യങ്ങള്‍ പകച്ചുനിന്നപ്പോള്‍ ഭാരതം ഒറ്റക്കെട്ടായി അതിനെ പ്രതിരോധിച്ചു. അഞ്ചര ലക്ഷം സ്വയംസേവകര്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം സമാജത്തെ സഹായിക്കുന്നതിന് സന്നദ്ധരായി രംഗത്തിറങ്ങി. മഹാരോഗം സൃഷ്ടിച്ച പ്രതിസന്ധി ഘട്ടത്തില്‍ ഭാരതത്തിന്റെ പൊതുസമൂഹത്തില്‍ സൃഷ്ടിക്കപ്പെട്ട ഈ സമാജിക ഏകതയാണ് തനിമയുടെ മറ്റൊരു അടയാളം.
അനശ്വരമായ സമാജം ഉയരുന്നത് അധികാരത്തെ മാത്രം ആശ്രയിച്ചല്ല, ഉണര്‍ന്നെഴുന്നേറ്റ ജനങ്ങളിലൂടെയാണെന്ന് ആര്‍എസ്എസ് ശാഖകളില്‍ പാടുന്ന ഒരു പാട്ടില്‍ പറയുന്നുണ്ട്. വ്യക്തികളെ ഈ അര്‍ത്ഥത്തില്‍ ഉണര്‍ത്തുകയാണ് ആര്‍എസ്എസ് ശാഖകള്‍ ചെയ്യുന്നത്. ഉണരുന്ന ഈ പ്രവര്‍ത്തകര്‍ സാമൂഹിക ജീവിതത്തിന്റെ വിവിധ മേഖലകളില്‍ മാറ്റം സൃഷ്ടിക്കും. മാറുന്ന സമാജം മറ്റുള്ളതെല്ലാം ചെയ്യും. കെട്ടിടത്തെ താങ്ങുന്ന തൂണുകളിലെ അസ്ഥിപഞ്ജരം നിര്‍മ്മിക്കുന്നത് ജീവനില്ലാത്ത ഇരുമ്പുകമ്പികള്‍ കൊണ്ടാണ്. എന്നാല്‍ സംഘടിതസമാജത്തെ താങ്ങുന്ന തൂണുകള്‍ക്ക് കരുത്താവുന്നത് രാഷ്‌ട്രബോധത്താല്‍ പ്രേരിതരായ, ചേതനയുള്ള മനുഷ്യരാണ്. അത്തരം മനുഷ്യരെയാണ് ആര്‍എസ്എസ് തയാറാക്കുന്ന്. റോമാ നഗരം ഒരു ദിവസം കൊണ്ട് നിര്‍മ്മിച്ചതല്ലെന്ന് പറയാറുണ്ട്. അതുപോലെ ദേശീയ ബോധത്തിന്റെ ഈ ഉണര്‍വ് ഒരു ദിവസം കൊണ്ട് സാധ്യമായതല്ല, നിരന്തര പരിശ്രമവും സമാജത്തിന്റെ വര്‍ദ്ധിച്ചുവരുന്ന പിന്തുണയും അതിന് കാരണമാണ്.
2014ല്‍ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്നത് മെയ് 16നായിരുന്നു. ബ്രിട്ടനില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ദ ഗാര്‍ഡിയന്‍ ദിനപത്രത്തിന്റെ (മെയ് 18, 2014) എഡിറ്റോറിയല്‍ തുടങ്ങിയത് ഇങ്ങനെയാണ് – ‘ഇന്ന്, മെയ്18, 2014, ബ്രിട്ടന്‍ എന്നേക്കുമായി ഭാരതം വിട്ട ദിവസമായി ഇത് ചരിത്രത്തില്‍ ഇടംപിടിച്ചേക്കാം’. ദി ഗാര്‍ഡിയന്‍ തുടര്‍ന്നു എഴുതുന്നു, ഭാരതീയ സമൂഹത്തിലുണ്ടായ അടിസ്ഥാനപരമായ മാറ്റങ്ങളാണ് മോദിയെ അധികാരത്തിലേക്ക് കൊണ്ടുവന്നത്, മറിച്ചല്ല. (It should be obvious that underlying changes in Indian society have brought us Mr. Modi and not the other way around). ഈ ദേശീയ ഉണര്‍വ് ആരംഭിച്ചു കഴിഞ്ഞു. അത് തുടരുക ചെയ്യും. അയോദ്ധ്യയും പ്രാണപ്രതിഷ്ഠയും ദേശീയമായ ഈ ഉണര്‍വ് കൂടുതല്‍ എളുപ്പമാക്കിയിരിക്കുന്നു. ദിശ വ്യക്തമാണ്. പാതയും. ചരൈവേതി, ചരൈവേതി.
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക