കൊച്ചി: സാധാരണക്കാരായ കക്ഷികളെ കുടുംബകോടതിയില്‍ കേസ് ഫയല്‍ ചെയ്യുന്നതില്‍ നിന്നും ഒഴിവാക്കുന്നതാണ് ബജറ്റ് നിര്‍ദ്ദേശങ്ങളെന്നും ചെക്കു കേസുകള്‍, കുടുംബകോടതി കേസുകള്‍ എന്നിവയ്ക്ക് ഉയര്‍ന്ന കോര്‍ട്ട് ഫീസ് ഏര്‍പ്പെടുത്താനുള്ള ബജറ്റ് നിര്‍ദേശം സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും ബിജെപിലീഗല് സെല്‍ സംസ്ഥാന കണ്‍വീനര്‍ അഡ്വ. പി.കൃഷ്ണദാസ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
സാധാരണക്കാരായ കക്ഷികള്‍ക്ക് കേസ് ഫയല്‍ ചെയ്യുന്നത് ഉയര്‍ന്ന സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതാണ്. കോടതിയെ സമീപിക്കാനുള്ള അവരുടെ അവകാശത്തെ ഹനിക്കുന്നതാണ് ബജറ്റിലെ ഫീസ് വര്‍ധന നിര്‍ദേശം. ജുഡീഷ്യല്‍ സ്റ്റാമ്പിന്റെ നിരക്കു വര്‍ധന ഹര്‍ജികള്‍ ഫയല്‍ ചെയ്യുന്നത് കുറയ്ക്കും.
കുടുംബകോടതികളില് സ്വത്തുവകകള്‍ക്ക് ഫാമിലി കോര്‍ട്ട് ആക്ട് 7(1) ഇ പ്രകാരം ഉള്ള ഹര്‍ജിക്ക് 50 രൂപക്ക് പകരം ഒരു ലക്ഷം രൂപ വരെ 200 രൂപയും, അഞ്ച് ലക്ഷത്തിനു വരുന്ന തുകയ്ക്ക് അര ശതമാനവും തുടര്‍ന്ന് 5 ലക്ഷത്തിനു മേല്‍ ഒരു ശതമാനവും കോര്‍ട്ട് ഫീ ഏര്‍പ്പെടുത്താനുള്ള നിര്‍ദ്ദേശം സാധാരണക്കാരായ ഗാര്‍ഹിക പീഡന – കുടുംബ തര്‍ക്കങ്ങളിലെ ഇരകളായവര്‍ക്ക് മേല്‍ സര്‍ക്കാര്‍ നടത്തുന്ന ദ്രോഹനടപടിയാണ്.
പണം കൊടുത്ത് വഞ്ചിതരാകുന്നവര്‍ക്ക് കോടതിയില്‍ വരുന്നതിനും ചെക്കു കേസുകള്‍ നല്കി തങ്ങളുടെ പണം തിരികെ ലഭിക്കുന്നതിനും ശിക്ഷ ഉറപ്പാക്കുന്നതിനുമുള്ള സാധ്യത ഇല്ലാതാക്കും. പണക്കാര്‍ക്ക് മാത്രം നിയമത്തിന്റെ ഗുണഫലം ഉണ്ടായാല്‍ മതി എന്നതാണ് ഇടത് സര്‍ക്കാരിന്റെ നയം.
ക്രിമിനല്‍ ഹര്‍ജിക്ക് ഫീസ് ഈടാക്കുന്നതിനുള്ള നിര്‍ദ്ദേശം നിയമവിരുദ്ധമാണ്. നിരാലംബരായ സ്ത്രീകളുടെ സംരക്ഷണമല്ല അവകാശങ്ങള്‍ ഹനിക്കുന്നതാണ് ഇടത് സര്‍ക്കാര്‍ ബജറ്റ് നടപടി. വ്യക്തിഗത ചെക്ക് കേസുകള്‍ക്ക് ഉള്ള ഫീസ് നിര്‍ദ്ദേശം ഒഴിവാക്കണം. കോടതികളുടെ നവീകരണത്തിനും, ഡിജിറ്റൈസേഷനും കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച തുക കൃത്യമായി ചെലവഴിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടില്ല.
ലീഗല്‍ സെല്‍ സംസ്ഥാനത്തെ എല്ലാ കുടുംബകോടതികള്‍ കേന്ദ്രീകരിച്ചും 14 മുതല്‍ 17 വരെ കോര്‍ട്ട് ഫീ വര്‍ദ്ധനവിനെതിരെ ഒപ്പ് ശേഖരണം നടത്തും. ബിജെപി ജില്ലാ പ്രസിഡന്റ് കെ.എസ്. ഷൈജു, അഡ്വ. സിനു ജി. നാഥ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: