ആലപ്പുഴ: സിപിഎം നേതാക്കളുടെയും, ബന്ധുക്കളുടെയും അഴിമതി മറച്ചുവെക്കാന്‍ വേണ്ടി മാത്രമാണ് സംസ്ഥാനത്ത് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. കേരള പദയാത്ര നായകനായ സുരേന്ദ്രന് ആലപ്പുഴ പ്രസ്ക്ലബിന്റെ ജനസമക്ഷം- 2024 മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു.
മാസപ്പടി കേസില്‍ മകളെ രക്ഷിക്കാന്‍ കെഎസ്ഐഡിസിയെ മറയാക്കി പാവപ്പെട്ടവന്റെ നികുതി പണം ഉപയോഗിച്ച് കേസ് നടത്തുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്. കേരളാ ഹൈക്കോടതിയില്‍ തിരിച്ചടി ലഭിച്ച സാഹചര്യത്തിലാണ് കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത്.
മുന്‍ ധനമന്ത്രി തോമസ് ഐസക്ക് നാട്ടിലെ ജനങ്ങളെ പണയപ്പെടുത്തി കേരളത്തെ കൊള്ളയടിക്കുകയായിരുന്നു. കേസില്‍ നിന്ന് ഐസക്കിന് രക്ഷപ്പെടാനാകില്ല. മസാല ബോണ്ട് നമ്പര്‍ വണ്‍ തട്ടിപ്പാണ്. വന്‍ കമ്മിഷന് ഇടപാട് അതില്‍ നടന്നിട്ടുണ്ട്. കുറഞ്ഞ പലിശയ്ക്ക് നാട്ടില്‍ പണം ലഭിക്കുമായിരുന്നു. എന്നിട്ടും ഉയര്‍ന്ന പലിശയ്ക്ക് വിദേശത്ത് നിന്ന് വായ്പയെടുത്തത് കമ്മിഷന് വേണ്ടിയാണ്. ഐസക്കിന്റെ വിദേശ ബന്ധങ്ങളും, വിദേശ ഇടപാടുകളും അന്വേഷിക്കണം.
പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്, പിണറായി വിജയനുമായി ഒത്തുകളിക്കുകയാണ്. പിണറായി വിജയന്റെ മകളുടെ മാസപ്പടി വിഷയം നിയമസഭയില്‍ ചര്‍ച്ചയാകാതിരിക്കാന്‍ സതീശന് പരമാവധി ശ്രമിച്ചു. കര്‍ണാടകയില്‍ ഏക്സാലോജിക് കമ്പനി ഹര്‍ജിയുമായി പോയതിന് പിന്നില്‍ സതീശനാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇടതുവലതു മുന്നണികള്‍ ജനങ്ങളെ കബളിപ്പിക്കാന്‍ നാടകം കളിക്കുകയാണ്.
കേരളത്തില്‍ കേന്ദ്രസര്‍ക്കാര്‍ എന്തു നല്ല കാര്യം ചെയ്താലും സംസ്ഥാന സര്‍ക്കാര്‍ കുറ്റം പറയുകയാണ്. ഭാരത് അരിക്കെതിരായ സംസ്ഥാന മന്ത്രിമാരുടെ പരാമര്‍ശങ്ങള്‍ ജനങ്ങളെ അപമാനിക്കുന്നതാണ്. ഭാരത് അരി വിതരണം ചെയ്യുന്നത് കേരളത്തെ തകര്‍ക്കാനാണെന്നാണ് ഭക്ഷ്യമന്ത്രി പറയുന്നത്. വോട്ടിന് വേണ്ടിയാണെന്ന് മന്ത്രി രാജന് പറയുന്നു. സംസ്ഥാനത്തിന് വേണ്ടി ഒന്നും ചെയ്യാത്തവര്‍ കേന്ദ്രത്തെ അവഹേളിക്കുകയാണ്. ലഹരി മാഫിയ തഴച്ചു വളരുകയാണ്.
പോലീസ് കാഴ്ചക്കാരായി മാറി. ഈ സാഹചര്യത്തില്‍ മയക്കുമരുന്നു മാഫിയക്കെതിരെ സ്ത്രീകള്‍ ചൂലുംകെട്ടുമായി പ്രതിഷേധിക്കും, ഇതിനെ തടയാനാണ് ഡിവൈഎഫ്ഐ ശ്രമിക്കുന്നതെന്നും ചോദ്യത്തിന് ഉത്തരമായി പറഞ്ഞു.
കേരളത്തെ കേന്ദ്രം എത്രമാത്രം വിലമതിക്കുന്നുവെന്നതിന് ഉദാഹരണമാണ് എം. എസ്. സ്വാമിനാഥന് ഭാരതരത്ന കൊടുത്തത്. കോണ്‍ഗ്രസ് ഭരിച്ചിരുന്നപ്പോള്‍ എന്ത് പരിഗണനയാണ് നല്‍കിയതെന്നും സുരേന്ദ്രന് ചോദിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ. പന്തളം പ്രതാപന്, ആലപ്പുഴ ജില്ലാ പ്രസിഡന്റ് എം. വി. ഗോപകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: