ന്യൂദല്‍ഹി: രഘുറാം രാജന് റിസര്‍വ്വ് ബാങ്ക് ഗവര്‍ണറായിരുന്നപ്പോഴുള്ള കാലഘട്ടത്തില്‍ ഇന്ത്യയില്‍ ബാങ്കുകള്‍ പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്. ഇന്ത്യാടുഡേയ്ക്ക് അനുവദിച്ച അഭിമുഖത്തിലായിരുന്നു ഈ പരാമര്‍ശം. വഴിവിട്ട് വായ്പകള്‍ക്കായി വന്ന ഫോണ്‍ വിളികള്‍ക്ക് ബാങ്കുകള്‍ വഴങ്ങിക്കൊടുത്തു. എന്നാല്‍ അന്ന് ബാങ്കുകളെ നിയന്ത്രിക്കേണ്ട റിസര്‍വ്വ് ബാങ്ക് ഒരു കാര്യം പറഞ്ഞില്ല- നിങ്ങള്‍ ബാങ്കുകളുടെ നിയമത്തില്‍ മാത്രം ശ്രദ്ധിച്ചാല്‍ മതി, അല്ലാതെ ഫോണ്‍ വിളികള്‍ക്ക് വഴങ്ങിക്കൊടുക്കേണ്ട എന്നൊന്നും റിസര്‍വ് ബാങ്ക് പറഞ്ഞില്ല. “- നിര്‍മ്മല സീതാരാമന് അന്നത്തെ റിസര്‍വ്വ് ബാങ്ക് ഗവര്‍ണറായിരുന്ന രഘുറാം രാജനെ വിമര്‍ശിച്ചുകൊണ്ട് പറഞ്ഞു.
വായ്പ നല്‍കുന്നതിന് പിന്നില്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് നിയമങ്ങള്‍ കാറ്റില്‍ പറത്തി അന്ന് പല ബിസിനസുകാര്‍ക്കും വായ്പ നല്കാന് ബാങ്കുകളെ നിര്‍ബന്ധിച്ചിരുന്നു. ഇത് പല ബാങ്കുകള്‍ക്കും പിന്നീട് തിരിച്ചടിയായി ഭവിച്ചു.
കോണ്‍ഗ്രസ് ഭരണകാലത്താണ് രഘുറാം രാജന് റിസര്‍വ്വ് ബാങ്ക് ഗവര്‍ണറായിരുന്നത്. എല്ലാ ചട്ടങ്ങളും കാറ്റില്‍ പറത്തി പല ഫോണ്‍വിളികളും നേരിട്ട് ബാങ്കുകളില്‍ അന്ന് എത്തിയിരുന്നു. -നിര്‍മ്മല സീതാരാമന് ആരോപിച്ചു. “അതുകൊണ്ട് സര്‍ക്കാരിനെതിരെ ചോദ്യങ്ങള്‍ ചോദിക്കാന്‍ മാധ്യമങ്ങളെ പ്രേരിപ്പിക്കുമ്പോള്‍ രഘുറാം രാജന് പണ്ട് ചെയ്ത കാര്യങ്ങളും ഓര്‍മ്മിയ്ക്കണം.”- നിര്‍മ്മല സീതാരാമന് പറയുന്നു.
രഘുറാം രാജന്റെ ഉപദേശം സ്വീകരിക്കാന്‍ കഴിയില്ലെന്നും നിര്‍മ്മല സീതാരാമന് പറഞ്ഞു. “കാരണം മോദി സര്‍ക്കാരിനോട് ഉല്പാദനത്തിലേക്ക് തിരിയുന്നത് അബദ്ധമാണെന്നും സേവനമേഖലയിലേക്കാണ് ഭാരതം ശ്രദ്ധയൂന്നേണ്ടതെന്നും ഉള്ള ഉപദേശം നല്‍കിയത് രഘുറാം രാജനായിരുന്നു.” – നിര്‍മ്മല സീതാരാമന് പറഞ്ഞു.
എന്നാല്‍ മോദിസര്‍ക്കാര്‍ ഉല്‍പാദനബന്ധിതമായ ഇളവുകള്‍ നല്‍കിയതിനാലാണ് ആപ്പിള്‍, തയ് വാനിലെ സെമികണ്ടക്ടര്‍ മേഖലയിലെ ആഗോള രാജാവായ ഫോക്സ് കോണ്‍ തുടങ്ങിയ ആഗോള ബ്രാന്റുകള്‍ ഇന്ത്യയിലെത്തിയത്. ഇലക്ട്രോണിക്സ് ഉല്പാദനരംഗത്തും മൊബൈല്‍ ഫോണ്‍ കയറ്റുമതിയിലും ഇന്ത്യ മുന്നേറിയത് ഉല്പാദനമേഖലയില് ഉല്പാദനവുമായി ബന്ധപ്പെട്ട് കമ്പനികള്‍ക്ക് ഉത്തേജനം നല്കുന്ന മോദിയുടെ നയം മൂലമായിരുന്നു.
രഘുറാം രാജന് നിഷ്പക്ഷ സാമ്പത്തികവിദഗ്ധനായാണ് ആദ്യമൊക്കെ അറിയപ്പെട്ടിരുന്നതെങ്കിലും ക്രമേണ അദ്ദേഹത്തിന്റെ രാഷ്ട്രീയ തനിനിറം വെളിപ്പെടുകയായിരുന്നു. ഏറ്റവുമൊടുവില്‍ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ അദ്ദേഹം കൂടെ നടക്കുക പോലും ചെയ്തു. അതുകൊണ്ടാണ് നിര്‍മ്മല സീതാരാമന് കുത്തുന്ന പരിഹാസത്തോടെ ഈ അഭിമുഖത്തില്‍ ചോദിച്ചത്:”രഘുറാം രാജന് എന്ന സാമ്പത്തിക വിദഗ്ധന്റെയോ അതോ രഘുറാം രാജന് എന്ന രാഷ്ട്രീയക്കാരന്റെയോ- ഇതില്‍ ആരുടെ ഉപദേശമാണ് ഞാന്‍ സ്വീകരിക്കേണ്ടത്?”.
പ്രതികരിക്കാൻ ഇവിടെ എഴുതുക: