ന്യൂദല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തെ പ്രശംസിച്ച് പാര്‍ലമെന്റില്‍ പ്രമേയം പാസാക്കി. ചരിത്രപരമായ ശ്രീരാമക്ഷേത്രത്തിന്റെ നിര്‍മാണവും ശ്രീരാംലല്ലയുടെ പ്രാണപ്രതിഷ്ഠയും എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചക്കൊടുവിലാണ് പ്രമേയം പാസാക്കിയത്. ലോക്സഭയില്‍ ബിജെപി എംപി സത്യപാല്‍ സിങ്ങാണ് പ്രമേയം അവതരിപ്പിച്ചത്. രാജ്യസഭയില്‍ ബിജെപി എംപി ഡോ. സുധാംശു ത്രിവേദിയാണ് അവതരിപ്പിച്ചത്. സിപിഎം, മുസ്ലീംലീഗ് അംഗങ്ങള്‍ ഇറങ്ങിപ്പോയപ്പോള്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. മോദി സര്‍ക്കാരിനെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള കോണ്‍ഗ്രസ് അംഗങ്ങളുടെ പ്രസംഗങ്ങള്‍ പലപ്പോഴും ഭരണപക്ഷാംഗങ്ങളുടെ ജയ് ശ്രീരാം വിളികളില്‍ മുങ്ങി.
അയോധ്യയില്‍ രാംലല്ലയുടെ പ്രാണപ്രതിഷ്ഠ നടന്ന ജനുവരി 22, മഹത്തായ ഭാരതത്തിലേക്കുള്ള യാത്രയുടെ തുടക്കമായിരുന്നുവെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.
ശ്രീരാമന് ഭാരതത്തിന്റെ ആത്മാവാണെന്നും രാമനില്ലാതെ രാജ്യം സങ്കല്പ്പിക്കാന് കഴിയില്ലെന്നും അമിത്ഷാ പറഞ്ഞു. രാമനില്ലാത്ത രാജ്യം സങ്കല്‍പ്പിക്കുന്നവര്‍ക്ക് രാജ്യത്തെ കുറിച്ച് നന്നായി അറിയില്ല. അവര്‍ കൊളോണിയലിസത്തിന്റെ നാളുകളെയാണ് പ്രതിനിധീകരിക്കുന്നത്. ഭാരത സംസ്കാരത്തെയും രാമായണത്തെയും വേര്‍തിരിക്കാനാവില്ല. രാമജന്മഭൂമി പ്രക്ഷോഭത്തെ അവഗണിച്ച് ആര്‍ക്കും രാജ്യത്തിന്റെ ചരിത്രം വായിക്കാനാവില്ല. രാംലല്ല പ്രതിഷ്ഠ 1528 മുതലുള്ള നീണ്ട പ്രക്ഷോഭത്തിനും 1858 മുതലുള്ള നിയമപോരാട്ടത്തിനും വിരാമമിട്ടു. 1528 മുതലുള്ള എല്ലാ തലമുറയും രാമജന്മഭൂമി പ്രക്ഷോഭത്തെ ഏതെങ്കിലും രൂപത്തില്‍ കണ്ടിട്ടുണ്ട്. അയോധ്യയില്‍ രാമക്ഷേത്രമെന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടത് നരേന്ദ്രമോദിയുടെ ഭരണകാലത്താണ്. ജനു. 22 വരും വര്‍ഷങ്ങളില്‍ ഒരു ചരിത്രദിനമായിരിക്കും. എല്ലാ രാമഭക്തരുടെയും പ്രതീക്ഷകളും അഭിലാഷങ്ങളും നിറവേറ്റിയ ദിവസമായിരുന്നു അത്.
രാമജന്മഭൂമി സംബന്ധിച്ച സുപ്രീംകോടതി വിധി ഭാരതത്തിന്റെ മതേതരത്വത്തെയാണ് കാണിക്കുന്നത്. മറ്റെവിടെയും ഒരു ഭൂരിപക്ഷ സമുദായവും തങ്ങളുടെ വിശ്വാസത്തിനായി ഇത്രയും കാലം നിയമപരമായി പോരാടിയിട്ടില്ല. സുപ്രീംകോടതി വിധിക്കുശേഷം മാത്രമാണ് രാമക്ഷേത്ര പ്രതിഷ്ഠ നടത്തിയത് എന്നത് ലോകമെമ്പാടുമുള്ള ജനാധിപത്യമൂല്യത്തോടുള്ള ആദരവായി കാണും. രാമക്ഷേത്ര നിര്‍ാണം സമരത്തില്‍ നിന്ന് ഭക്തിയിലേക്കുള്ള യാത്രയാണ്. ‘ജയ് ശ്രീരാം’ മുതല്‍ ‘ജയ് സിയ രാം’ വരെയുള്ള യാത്രയാണത്.
രാമക്ഷേത്രം പണിയുമെന്ന് ബിജെപി പ്രകടനപത്രികയില്‍ വാഗ്ദാനം നല്കിയപ്പോള് തെരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള തന്ത്രമാണെന്നായിരുന്നു പ്രതിപക്ഷം പറഞ്ഞത്. രാമക്ഷേത്രം നിര്‍മിക്കണമെന്ന് 1986 മുതല്‍ ബിജെപി പറയുന്നുണ്ട്. അതിന് വേണ്ടിയാണ് ബിജെപി എന്നും നിലകൊണ്ടത്. ആര്‍ട്ടിക്കിള്‍ 370, മുത്തലാഖ് തുടങ്ങിയ വാഗ്ദാനങ്ങള്‍ നിറവേറ്റുമ്പോഴെല്ലാം പ്രതിപക്ഷം എതിര്‍ക്കുന്നു. ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറയുന്നത് ചെയ്യുന്നു. രാമക്ഷേത്ര പ്രതിഷ്ഠാവേളയില്‍ പ്രധാനമന്ത്രി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഒപ്പം കൂട്ടി. അയോദ്ധ്യ വിമാനത്താവളത്തിന് ശ്രീരാമന്റെ പേര് നല്‍കണമെന്ന് നിര്‍ദ്ദേശങ്ങള്‍ വന്നെങ്കിലും വാല്മീകി മഹര്‍ഷിയുടെ പേരാണ് നല്‍കിയത്. രാജ്യം തെഞ്ഞെടുത്തത് സര്‍വഗുണ സമ്പന്നനായ നേതാവിനെയാണ്. മോദിയുടെ നേതൃത്വത്തിന് മുമ്പ് രാജ്യം ദിശയില്ലാത്ത അവസ്ഥയിലായിരുന്നു. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി തുടര്‍ച്ചയായി മൂന്നാം തവണയും അധികാരത്തില്‍ വരുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
ശ്രീരാമനെ തള്ളിക്കളഞ്ഞതുകൊണ്ടാണ് കോണ്‍ഗ്രസ് രാജ്യത്ത് ഇന്ന് ഈ അവസ്ഥയിലായതെന്ന് ചര്‍ച്ചക്ക് തുടക്കമിട്ട ബിജെപി എംപി സത്യപാല്‍ സിങ് അഭിപ്രായപ്പെട്ടു. മുലായംസിങ് സര്‍ക്കാര്‍ കര്‍സേവകരെ കൊലപ്പെടുത്തിയതില്‍ കോണ്‍ഗ്രസ് ഒരിക്കലും ഖേദം പ്രകടിപ്പിച്ചിട്ടില്ലെന്ന് ബിജെപി എംപി സാധ്വി നിരഞ്ജന് ജ്യോതി പറഞ്ഞു.
അന്നത്തെ മുലായംസിങ് സര്‍ക്കാരില്‍ കോണ്‍ഗ്രസും ഭാഗമായിരുന്നു. കര്‍സേവകരെ വെടിവെച്ചു കൊന്നപ്പോള്‍ കോണ്‍ഗ്രസ് എവിടെയായിരുന്നുവെന്നും സാധ്വി നിരഞ്ജന് ജ്യോതി ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: