തൃശൂര്‍: ദേശീയ വിദ്യാഭ്യാസ നയത്തിന് അനുകൂലമായ സാഹചര്യം കേരളത്തില്‍ രൂപപ്പെടണമെന്ന് കേന്ദ്ര വിദ്യാഭ്യാസ വിദേശകാര്യ സഹമന്ത്രി ഡോ. രാജ്കുമാര് രഞ്ജന്‍ സിങ്. തൃശൂര്‍ ശ്രീശങ്കര ഹാളില്‍ നടന്ന ദേശീയ അധ്യാപക പരിഷത്ത് 45-ാമത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായം താറുമാറായിക്കൊണ്ടിരിക്കയാണ്. കുട്ടികള്‍ ഉന്നത വിദ്യാഭ്യാസത്തിനായി അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്നു. വിദേശ രാജ്യങ്ങളിലേക്കാണ് കുട്ടികള്‍ ചേക്കേറുന്നത്. കേരളത്തിലെ കലാലയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ ചേരാതെ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു. സമയബന്ധിതമായി കോഴ്സുകള്‍ പൂര്‍ത്തിയാക്കുന്നില്ല. കാമ്പസുകളിലെ ലഹരി ഉപയോഗവും അക്രമവും വര്‍ധിക്കുന്നു. ബിരുദപഠനം വിജയിക്കാത്തവര്‍ ബിരുദാനന്തര ബിരുദത്തിന് പ്രവേശനം നേടുന്നതും മൂല്യനിര്‍ണയം നടത്താത്ത ഉത്തരക്കടലാസുകളും സര്‍ട്ടിഫിക്കറ്റുകളും റോഡരികില്‍ നിന്ന് കണ്ടെടുക്കുന്നതുമെല്ലാം കേരളത്തിന്റെ വിദ്യാഭ്യാസ നിലവാര തകര്‍ച്ചയാണ് സൂചിപ്പിക്കുന്നത്. കേരളത്തിലെ യുവാക്കളുടെ കര്‍മശേഷി നമ്മുടെ നാടിന് പ്രയോജനപ്പെടുത്താനാവുന്നില്ല. ഇത് നാടിന്റെ പുരോഗതിക്ക് തടസമാവുന്നു. സമഗ്ര വികാസം സാധിപ്പിക്കുന്ന സ്കില്‍ ഡെവലപ്മെന്റ്, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം തുടങ്ങി നിരവധി പദ്ധതികളടങ്ങുന്ന ദേശീയ വിദ്യാഭ്യാസ നയം കേരളത്തില്‍ നടപ്പാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കാതെ വിദ്യാഭ്യാസ രംഗത്ത് കേരളം മുഖ്യധാരയില്‍ നിന്ന് മാറ്റപ്പെടുന്നുവെന്ന് മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചുകൊണ്ട് അഖില ഭാരതീയ രാഷ്ട്രീയ ശൈക്ഷിക് മഹാസംഘ് ദേശീയ സഹ സംഘടന സെക്രട്ടറി ജി. ലക്ഷ്മണ് പറഞ്ഞു. സംസ്ഥാന അധ്യക്ഷന്‍ പി. എസ്. ഗോപകുമാര്‍ അധ്യക്ഷനായി. അഖിലഭാരതീയ രാഷ്ട്രീയ ശൈക്ഷിക് മഹാസംഘ് ദേശീയ ജനറല്‍ സെക്രട്ടറി ശിവാനന്ദ സിന്തങ്കര, ദേശീയ ശിക്ഷ സംസ്കൃതി ഉത്ഥാന്‍ ന്യാസ് സഹസംയോജകന് എ. വിനോദ്, തൃശൂര്‍ കോര്പറേഷന് കൗണ്‍സിലര്‍ വിനോദ് പൊള്ളാഞ്ചേരി, ഫെറ്റോ സംസ്ഥാന പ്രസിഡന്റ് എസ്. കെ. ജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
യാത്രയയപ്പ് സമ്മേളനം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം. ടി. രമേശ് ഉദ്ഘാടനം ചെയ്തു. ദേശീയതക്ക് വിരുദ്ധമായ നിലപാടുകളാണ് കേരള സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയം കേരളത്തില്‍ നടപ്പിലാക്കാതെ വിദ്യാഭ്യാസ മേഖലയെ സര്‍ക്കാര്‍ തകര്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സമിതി അംഗങ്ങളായ പി. വെങ്കപ്പ ഷെട്ടി, എസ്. ശ്യാംലാല്‍, ജി. എസ്. ബൈജു, ജെ. രാജേന്ദ്രന്, വി. കെ. ഷാജി, രാജേഷ് തെരൂര്‍ എന്നിവര്‍ക്ക് യാത്രയയപ്പ് നല്കി. സംസ്ഥാന സെക്രട്ടറിമാരായ എ. ജെ. ശ്രീനി, ടി. ജെ. ഹരികുമാര്‍ എന്നിവര്‍ സംസാരിച്ചു. വിദ്യാഭ്യാസ സമ്മേളനം മാധ്യമ പ്രവര്‍ത്തക സുജയ പാര്‍വ്വതി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ. സ്മിത അധ്യക്ഷത വഹിച്ചു. സംസ്ഥാന വനിതാ വിഭാഗം കണ്‍വീനര്‍ പി.ശ്രീദേവി, സംസ്ഥാന സെക്രട്ടറി കെ.വി. ബിന്ദു തുടങ്ങിയവര്‍ സംസാരിച്ചു.
വൈകിട്ട് നടന്ന സമാപന സമ്മേളനം ആര്‍എസ്എസ് സഹ പ്രാന്ത പ്രചാരക് അനീഷ് ചന്ദ്രന് ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ് പ്രാന്ത കാര്യകാരി സദസ്യന്‍ എന്‍. കെ. ബാലകൃഷ്ണന് അധ്യക്ഷനായി. വിദ്യാഭ്യാസ മേഖലയിലെ പ്രധാന വിഷയങ്ങളെ അധികരിച്ച് പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. അടുത്ത പ്രവര്‍ത്തന വര്‍ഷത്തിലെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ദക്ഷിണ മേഖല സെക്രട്ടറി ജെ. രാജേന്ദ്രക്കുറുപ്പ് സ്വാഗതവും സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ കെ.കെ. ഗിരീഷ്കുമാര്‍ നന്ദിയും പറഞ്ഞു. വടക്കുന്നാഥ ക്ഷേത്ര മൈതാനിയില്‍ നടന്ന പ്രകടനത്തോടെ ദേശീയ അധ്യാപക പരിഷത്ത് 45-ാമത് സംസ്ഥാന സമ്മേളനത്തിന് സമാപനമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: