മാനന്തവാടി: കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പയ്യമ്പള്ളി പടമല ചാലിഗദ്ദ പനച്ചിയില്‍ അജീഷിന്റെ ഭാര്യയ്‌ക്ക് സ്ഥിര ജോലിയും കുടുംബത്തിന് നഷ്ടപരിഹാരമായി പത്ത് ലക്ഷം രൂപ നല്‍കാനും ധാരണ. പണം തിങ്കളാഴ്ച കൈമാറും.സര്‍വകക്ഷി യോഗത്തിലാണ് ധാരണ. പ്രതിഷേധക്കാരുമായി ജില്ലാ കളക്ടര്‍ രേണു രാജാണ് ചര്‍ച്ച നടത്തിയത്.
അജീഷിന്റെ മക്കളുടെ ഉന്നതവിദ്യാഭ്യാസ ചെലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യം സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്യും. കുടുംബത്തിന്റെ 40 ലക്ഷം രൂപ കടബാധ്യത എഴുതി തള്ളുന്നതിനും സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്യുമെന്ന് കളക്ടര്‍ പറഞ്ഞു.
ആനയെ മയക്കുവെടിവച്ച് പിടികൂടി മുത്തങ്ങയിലെ ക്യാമ്പിലേക്ക് മാറ്റുമെന്നും സര്‍ക്കാര്‍ അറിയിച്ചു.ആനയുടെ ആക്രമണത്തില്‍ അജീഷ് കൊല്ലപ്പെട്ടതോടെ വന്‍ പ്രതിഷേധമാണ് മാനന്തവാടി സബ് കളക്ടര്‍ ഓഫീസില്‍ ഉണ്ടായത്. നാട്ടുകാരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതിനെ തുടര്‍ന്ന് പ്രതിഷേധം അവസാനിപ്പിച്ചു.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും. ഇന്ന് രാവിലെ കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അജീഷിനെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഇതോടെയാണ് വന്‍ പ്രതിഷേധമുണ്ടായത്. മാനന്തവാടിയില്‍ തടിച്ചുകൂടിയ ജനക്കൂട്ടം റോഡുകള്‍ ഉപരോധിച്ചു. എസ്പിയെയും ജില്ലാ കളക്ടറെയും പ്രതിഷേധക്കാര്‍ വഴിയില്‍ തടഞ്ഞു.
പിന്നീട് ജില്ലാ കളക്ടര്‍ പ്രതിഷേധക്കാരുമായി സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിനുപിന്നാലെ അജിയുടെ മൃതദേഹവുമായി നാട്ടുകാര്‍ റോഡിലൂടെയും സബ് കളക്ടര്‍ ഓഫീസിലേക്കും പ്രതിഷേധ പ്രകടനം നടത്തി. ഇതോടെയാണ് കളക്ടര്‍ പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: