ജി.കെ. അജിത്
സംസ്ഥാന ജന.സെക്രട്ടറി
1967ല്‍ ദല്‍ഹിയില്‍ നടന്ന ബിഎംഎസിന്റെ ദേശീയ സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ടാണ് ആര്‍. വേണുഗോപാല്‍ കേരളത്തിലെ പ്രവര്‍ത്തനത്തിന് തുടക്കമിട്ടത്. കോഴിക്കോട്, ആലുവ, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു തുടക്കം. തൊഴിലാളി പ്രവര്‍ത്തനം കമ്മ്യൂണിസ്റ്റ് നിയന്ത്രണത്തിലായിരുന്ന സമയത്താണ് കേരളത്തില്‍ ബിഎംഎസ് പ്രവര്‍ത്തനം ആരംഭിച്ചത്. തങ്ങളുടെ കോട്ടകളിലേക്ക് ബിഎംഎസ് കടന്നുവരാതിരിക്കാന്‍ കമ്മ്യൂണിസ്റ്റുകാര്‍ എല്ലാ അടവുകളും കൈയിലെടുത്തിരുന്നു. നിരവധി പ്രവര്‍ത്തകര്‍ ബലിദാനികളായിട്ടുണ്ട്. അനേകംപേര്‍ ജീവച്ഛവങ്ങളായി ഇന്നും ജീവിക്കുന്നു.
കോഴിക്കോട്ട് കെ. ഗംഗാധരന്‍, പാലക്കാട്ട് ടി. ചന്ദ്രശേഖരന്‍, തൃശൂരില്‍ ടി.വി. ശങ്കരനാരായണന്‍ എന്നിവരും വേണുവേട്ടനോടൊപ്പം മുഴുവന്‍സമയ പ്രവര്‍ത്തകരായി എത്തിയതിനെ തുടര്‍ന്ന് വേണുവേട്ടന്റെ പ്രവര്‍ത്തനകേന്ദ്രം എറണാകുളത്തേക്ക് മാറ്റി. തുടര്‍ന്ന് വേണുവേട്ടന്‍ സംഘടനാ ജന.സെക്രട്ടറിയും അഡ്വ. കെ. രാംകുമാര്‍ പ്രസിഡന്റുമായി ആദ്യ സംസ്ഥാനസമിതി രൂപീകരിച്ചു. സംസ്ഥാന സമിതിയുടെ ഓഫീസ് എറണാകുളത്ത് ആരംഭിക്കുകയും ചെയ്തു. അഖിലേന്ത്യ ജന.സെക്രട്ടറിയായ ദത്തോപാന്ത് ഠേംഗ്ഡിജി നിരന്തരം കേരളത്തിലെത്തുകയും പ്രവര്‍ത്തകയോഗത്തിലും പഠനശിബിരങ്ങളിലും മറ്റും പങ്കെടുത്ത് പ്രവര്‍ത്തനത്തിന് മാര്‍ഗനിര്‍ദേശം നല്‍കി. എറണാകുളം കേന്ദ്രമായി ബാങ്ക് ജീവനക്കാരുടെ സംഘടനയുടെയും (എന്‍ഒബിഡബ്ല്യു) പാലക്കാട് കേന്ദ്രമായി റെയില്‍വെ ജീവനക്കാരുടെ സംഘടനയുടെയും പ്രവര്‍ത്തനം തുടങ്ങിയതും ആദ്യകാല പ്രവര്‍ത്തനത്തിന് ഉത്തേജനം നല്‍കി.
1975-77 കാലഘട്ടത്തിലെ അടിയന്തരാവസ്ഥക്കുശേഷം സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയിലും (എന്‍ജിഒ സംഘ്) പ്രവര്‍ത്തനം ആരംഭിച്ചു. അപ്പോഴേക്കും സംസ്ഥാനാടിസ്ഥാനത്തില്‍ കെട്ടുറപ്പുള്ള ഒരു സംഘടനയായി ബിഎംഎസ് മാറിയിരുന്നു.
കേരളത്തിലെ എല്ലാ ജില്ലകളിലും നിര്‍ണായക സ്വാധീനമുള്ള തൊഴിലാളി സംഘടനയായി ഇന്ന് ബിഎംഎസ് മാറിക്കഴിഞ്ഞു. ജില്ലാ സമിതികളുടെ മേല്‍നോട്ടത്തില്‍ മേഖലാ കമ്മിറ്റികളും അതിനുതാഴെ പഞ്ചായത്ത് കമ്മിറ്റികളും പ്രവര്‍ത്തിക്കുന്നു. സംഘടിത മേഖലയിലും അസംഘടിത മേഖലയിലുമായി നിരവധി യൂണിയനുകളാണ് ബിഎംഎസില്‍ അഫിലിയേറ്റ് ചെയ്ത് പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാര്‍ – അര്‍ധസര്‍ക്കാര്‍ മേഖലയിലും നിര്‍ണായക സ്വാധീനമുള്ള സംഘടനകളാണ് ബിഎംഎസിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നത്.
കേരളത്തിലെ ഏറ്റവും വലിയ ട്രേഡ് യൂണിയനായ സിഐടിയു, രാഷ്‌ട്രീയ നേതാക്കളും മുതലാളിമാരും തമ്മിലുള്ള ചങ്ങാത്തം കാരണം തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ഉന്നയിക്കാന്‍തന്നെ തയറാവാത്ത സ്ഥിതിയാണ് ഇന്നുള്ളത്. ഭരണം നടത്തുന്നത് രാഷ്‌ട്രീയ യജമാനന്മാര്‍തന്നെയായതിനാല്‍ സര്‍ക്കാരിന്റെ മുന്നിലും ഡിമാന്റുകള്‍ ഉന്നയിക്കാന്‍ അവര്‍ തയാറല്ല. ഭരണസ്തംഭനത്തിന്റെയും സര്‍ക്കാരിന്റെ ധൂര്‍ത്തും അഴിമതിയും മൂലം ഉണ്ടായിട്ടുള്ള സാമ്പത്തിക പ്രതിസന്ധിമൂലം തൊഴിലാളികള്‍ക്കടക്കം ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ യഥാസമയം കിട്ടാത്ത അവസ്ഥയാണുള്ളത്. സാമൂഹ്യ പെന്‍ഷനുകളെല്ലാം മാസങ്ങളിലായി കുടിശ്ശികയാണ്. നേരത്തെ സമ്പന്നമായിരുന്ന നിര്‍മാണ തൊഴിലാളി ക്ഷേമനിധിയടക്കം ദരിദ്രമായിരിക്കുന്നു. അതുമൂലം ക്ഷേമനിധികളില്‍നിന്ന് പെന്‍ഷന്‍ ലഭിക്കേണ്ടവരും ദുരിതത്തിലാണ്. ക്ഷേമനിധിയില്‍നിന്ന് യഥാസമയം ലഭിക്കേണ്ട ചികിത്സാ സഹായം പ്രസവാനുകൂല്യം, കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് എന്നിവ ഒന്നുംതന്നെ കിട്ടുന്നില്ല.
കെഎസ്ആര്‍ടിസിയില്‍ മാനേജ്‌മെന്റിന്റെ സൗകര്യം കണക്കിലെടുത്ത് ജീവനക്കാരുടെ ശമ്പളം രണ്ട് ഗഡുക്കളായി നല്‍കാന്‍ നിശ്ചിച്ചിട്ടും കൃത്യമായ തീയതികളില്‍ വിതരണം ചെയ്യാന്‍ കഴിയുന്നില്ല. സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത നല്‍കാതായിട്ട് 3 വര്‍ഷം കഴിഞ്ഞു. നിലവില്‍ 7 ഗഡുക്കളായി 21 ശതമാനം ക്ഷാമബത്ത കുടിശികയുള്ളപ്പോള്‍ രണ്ട് ശതമാനം വരുന്ന ഒരു ഗഡു മാത്രം നല്‍കുമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനം. 2019ലെ ശമ്പളം/ പെന്‍ഷന്‍ പരിഷ്‌കരണ കുടിശിക ഗഡുക്കളായി നല്‍കുമെന്ന് പറഞ്ഞതും പിടിച്ചുവെച്ചിരിക്കുകയാണ്. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിച്ച് സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പദ്ധതിയിലേക്ക് പോകുമെന്ന വാഗ്ദാനത്തില്‍നിന്ന് സര്‍ക്കാര്‍ പിന്നോട്ടുപോയിരിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ സ്വന്തമായി പെന്‍ഷന്‍ പദ്ധതി ആവിഷ്‌കരിക്കുമെന്നാണ് ബജറ്റ് പ്രസംഗത്തില്‍ ധനകാര്യമന്ത്രി പ്രഖ്യാപിച്ചിട്ടുള്ളത്.
തൊഴിലാളികളുടെ പാര്‍ട്ടിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മുതലാളിത്ത പാതയിലാണ് മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്. ചൈനീസ് മാതൃകയില്‍ സ്വകാര്യ സംരംഭകരുമായി ചേര്‍ന്ന് വ്യവസായങ്ങള്‍ ആവിഷ്‌കരിക്കുമെന്നും വിദേശ സര്‍വകലാശാലകള്‍ക്കടക്കം പ്രവര്‍ത്തിക്കാന്‍ സൗകര്യം നല്‍കുമെന്നുമാണ് ബജറ്റ് പ്രഖ്യാപനം. ഭൂമിയുമായി ബന്ധപ്പെട്ടുള്ള നികുതികളും ഫീസുകളും വര്‍ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നു. വൈദ്യുതിചാര്‍ജ് വര്‍ഷത്തില്‍ പലതവണ പലപേരില്‍ വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നു.
പുതിയ കെട്ടിടനിര്‍മാണ നിര്‍മാണങ്ങള്‍ അസാധ്യമാക്കുന്ന തരത്തിലാണ് കഴിഞ്ഞവര്‍ഷം കെട്ടിടനിര്‍മാണ അനുമതിക്കുള്ള ഫീസ് വര്‍ധിപ്പിച്ചത്. ഇത്തവണ കുടുംബകോടതിയില്‍ കേസുകൊടുക്കാന്‍ പോകുന്ന അശരണരെയാണ് ക്രമാതീതമായ ഫീസ് വര്‍ധന ബാധിച്ചിട്ടുള്ളത്. ഇത്തര ജനവിരുദ്ധ നയങ്ങള്‍ തിരുത്തിയെടുക്കുന്നതിനുള്ള പ്രക്ഷോഭ പരിപാടികള്‍ക്ക് സംസ്ഥാന സമ്മേളനം രൂപം നല്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക