ഡോ. മന്മോഹന് വൈദ്യ
ആര്‍എസ്എസ് സഹസര്‍കാര്യവാഹ്
ദേശീയ അഭിമാനത്തിന്റെ പ്രതീകമായ ശ്രീരാമജന്മഭൂമിയില് ബാലകരാമന്റെ പ്രാണപ്രതിഷ്ഠ നടന്ന മുഹൂര്‍ത്തം അമൂല്യമാണ്. അത് ഓരോ ഭാരതീയനും ആഹ്ലാദം നല്കുന്ന മുഹൂര്‍ത്തമാണ്. ഒരു ദീര്‍ഘകാല സങ്കല്പത്തിന്റെ പൂര്‍ത്തീകരണം സൃഷ്ടിച്ച സമാനതകളില്ലാത്ത ആവേശവും ആഘോഷവും എല്ലാ ഹിന്ദുക്കളിലും ഭാരതത്തെ സ്നേഹിക്കുന്ന ലോകമെമ്പാടുമുള്ള ജനങ്ങളിലും ദൃശ്യമാണ്. അസാധ്യമെന്നു തോന്നിയിരുന്ന, എന്നാല്‍ അനിവാര്യമായ ഈ ദൗത്യം എങ്ങനെ സാധ്യമായി എന്നത് ആളുകളെ അത്ഭുതപ്പെടുത്തി. അവര്‍ രാഷ്ട്രീയ സ്വയംസേവകസംഘത്തിലേക്കാണ് നോക്കുന്നത്.
സ്വാതന്ത്ര്യലബ്ധിക്കു ശേഷം ഭാരതത്തിന് സംഘം എന്ത് സംഭാവനയാണ് നല്‍കിയതെന്ന് ഒരിക്കല്‍ ഒരാള്‍ എന്നോട് ചോദിച്ചു. വ്യക്തിനിര്‍മാണവും സാമാജിക സംഘാടനവും ദേശീയ അവബോധം ഉണര്‍ത്തലും മാത്രമേ സംഘം ചെയ്യുന്നുള്ളൂ എന്നതാണ് അതിന് ഉത്തരം. ദേശീയഅവബോധം കൊണ്ട് പ്രബുദ്ധരാകുന്ന വ്യക്തികള്‍ സംഘടിതസമാജത്തിന്റെ പിന്തുണയോടെ ആവശ്യമുള്ളതെല്ലാം, രാഷ്ട്രം പ്രതീക്ഷിക്കുന്നതെല്ലാം ചെയ്യും. പക്ഷേ സംഘം ഉണ്ടായിരുന്നില്ലെങ്കില്‍ ഭാരതത്തില്‍ എന്തെല്ലാം സംഭവിക്കുമായിരുന്നില്ല എന്നതിന്റെ ഒരു വലിയ പട്ടിക തന്നെ തയാറാക്കാനാകും.
ഹിന്ദുത്വവിചാരധാരയെ മുന്നില്‍ നിന്ന് നയിക്കുകയും സമുദ്രം കടന്ന് അമേരിക്കയിലെത്തി ആ ആശയധാരയെ പ്രതിഷ്ഠിക്കുകയും ചെയ്ത സ്വാമി വിവേകാനന്ദന്റെ ജന്മശതാബ്ദി 1963ലാണ് ആരംഭിച്ചത്. അമേരിക്കയിലേക്ക് പോകുംമുമ്പ്, സ്വാമിജി രണ്ട് വര്‍ഷം ഭാരതമാകെ പര്യടനം നടത്തി, ഒടുവില്‍ 1892 ഡിസംബര്‍ 25ന് കന്യാകുമാരിയില്‍ കടലില്‍ സ്ഥിതി ചെയ്യുന്ന ശ്രീപാദശിലയിലേക്ക് നീന്തിക്കയറി. മൂന്നു രാവും പകലും അവിടെ ധ്യാനനിരതനായി, ജീവിതത്തിന്റെ ലക്ഷ്യവും ദിശയും തിരിച്ചറിഞ്ഞു. പിന്നീട് അമേരിക്കയിലേക്ക് പോയി. 1962ല്‍ അന്നത്തെ തമിഴ്നാട് സര്‍ക്കാര്‍ സ്വാമി വിവേകാനന്ദന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് അദ്ദേഹത്തിന്റെ സ്മാരകമായി ആ പാറയില്‍ മഹത്തായ പ്രതിമ സ്ഥാപിക്കാന്‍ ആലോചിച്ചു. എന്നാല്‍ ഒരു വിഭാഗം ക്രിസ്ത്യാനികള്‍ ആ പാറ കൈവശപ്പെടുത്തി അവിടെ വിശുദ്ധ സേവ്യറിന് സ്മാരകം സ്ഥാപിക്കാനുള്ള പദ്ധതി പ്രഖ്യാപിക്കുകയും ചെയ്തു. ഈ വിവാദമൊഴിവാക്കാന്‍ സ്വാമി വിവേകാനന്ദന് സ്മാരകം പണിയാനുള്ള പദ്ധതി തമിഴ്നാട് സര്‍ക്കാര്‍ ഉപേക്ഷിച്ചു. തുടര്‍ന്ന് ആര്‍എസ്എസിന്റെ അന്നത്തെ സര്‍സംഘചാലക് ശ്രീഗുരുജി ഈ ദൗത്യം പൂര്‍ത്തിയാക്കാനുള്ള ചുമതല അന്നത്തെ സര്‍കാര്യവാഹായിരുന്ന ഏകനാഥ്ജി റാനഡെയെ ഏല്‍പ്പിച്ചു. ആ പാറയില്‍ ക്രൈസ്തവരുടെ ആധിപത്യം അവസാനിപ്പിച്ച് സ്വാമി വിവേകാനന്ദ സ്മാരകം പണിയാന്‍ സ്വയംസേവകര്‍ രംഗത്തിറങ്ങി. സ്മാരകനിര്‍മ്മാണത്തിന് സാധാരണക്കാരില്‍ നിന്ന് ടോക്കണായി ഒന്നോ രണ്ടോ പരമാവധി അഞ്ച് രൂപ മാത്രം എടുക്കാന്‍ തീരുമാനിച്ചു. ഇതിനുശേഷം രാജ്യത്തുടനീളമുള്ള മുപ്പത് ലക്ഷം ആളുകളില്‍ നിന്ന് എണ്‍പത് ലക്ഷം രൂപ സമാഹരിച്ചു. മാത്രമല്ല, പ്രതീകാത്മക ധനസഹായം നല്‍കുമെന്ന് അന്നത്തെ എല്ലാ സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നും (1963ല്‍ മിക്ക സംസ്ഥാനങ്ങളും കോണ്‍ഗ്രസാണ് ഭരിച്ചിരുന്നത്) വാഗ്ദാനവും സ്വീകരിച്ചു. കേരളവും ജമ്മു കശ്മീരും ഒഴികെ എല്ലാ സംസ്ഥാന സര്‍ക്കാരുകളും ധനസഹായം നല്കി. അതുകൊണ്ടുതന്നെ എല്ലാ സംസ്ഥാനങ്ങളിലെയും എല്ലാ ഗ്രാമങ്ങളിലും പ്രദേശത്തിന്റെയും ഭാഷയുടെയും ആരാധനയുടെയും വൈവിധ്യങ്ങള്‍ക്കപ്പുറം ഹിന്ദുദേശീയതയുടെ ഉണര്‍വ് പ്രകടമായി. ദക്ഷിണമഹാസാഗരത്തില്‍ ഉയര്‍ന്ന സ്വാമി വിവേകാനന്ദ ശിലാസ്മാരകം ഇന്ന് ഭാരതത്തിലുടനീളമുള്ള ജനങ്ങളുടെ അഭിമാനകേന്ദ്രമായി മാറിയിരിക്കുന്നു. ഹിന്ദു സമൂഹമാണ് ഇത് ചെയ്തതെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ സംഘം ഉണ്ടായിരുന്നതുകൊണ്ടാണ് അത് പൂര്‍ത്തിയായത് എന്നതും വാസ്തവമാണ്.
ഹിന്ദു സമൂഹത്തില്‍, മോക്ഷപ്രാപ്തിക്കായി വിവിധ തരത്തിലുള്ള ആത്മീയ ആരാധന–സാധനാ പാരമ്പര്യങ്ങളുണ്ട്. അതിനോട് പുതിയ ആരാധനാ വഴികള്‍ കൂട്ടിച്ചേര്‍ക്കുന്നു, ഇനിയും കൂട്ടിച്ചേര്‍ക്കപ്പെടും. ഇതാണ് ഹിന്ദുചിന്തയുടെ പ്രത്യേകത. അത്തരത്തിലുള്ള സംന്യാസിമാര്‍, മഠാധിപതികള്‍ തുടങ്ങിയവരെ ഒരുമിച്ചുകൂട്ടുന്നതിലൂടെ, ഹിന്ദുസമൂഹത്തിന്റെ ഇന്നത്തെ അവസ്ഥയും ഭാവി പദ്ധതികളും ചര്‍ച്ച ചെയ്യുന്നതിന് ഒരു വേദി വേണമെന്ന ആഗ്രഹം ഉയര്‍ന്നു. ഇതിനായി 1964ല്‍ അന്നത്തെ സര്‍സംഘചാലക് ശ്രീഗുരുജിയുടെ ശ്രമഫലമായി വിശ്വഹിന്ദു പരിഷത്ത് രൂപംകൊണ്ടു. അതിന്റെ ആദ്യ യോഗത്തില്‍ ജൈന, സിഖ്, ബുദ്ധ, ഹിന്ദു സമൂഹത്തിലെ എല്ലാ പ്രധാന സമ്പ്രദായങ്ങളുടെയും പ്രമുഖരായ ആചാര്യന്മാര് സന്നിഹിതരായിരുന്നു.
വിശ്വഹിന്ദു പരിഷത്തിന്റെ ആദ്യ ധര്‍മ്മ സമ്മേളനം 1966ല്‍ പ്രയാഗില്‍ ചേര്‍ന്നു, നൂറുകണക്കിനു വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി നാല് ശങ്കരാചാര്യ പീഠങ്ങളിലെയും ശങ്കരാചാര്യന്മാര് ആ സമ്മേളനത്തില്‍ ഒത്തുചേര്‍ന്നു. എല്ലാ പ്രമുഖ മഠാധിപതികളും വിവിധ സമ്പ്രദായങ്ങളിലെ ആചാര്യന്മാരും പങ്കെടുത്തു. ഹിന്ദു സമൂഹത്തിന്റെ ദൗര്‍ബല്യങ്ങള്‍ കാരണം, നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയരായിപ്പോയിരുന്ന പല ഹിന്ദുക്കളും യഥാര്‍ത്ഥ പാരമ്പര്യത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിച്ച കാലമാണത്.
എന്നാല്‍ മതംമാറിയവരെ അശുദ്ധരെന്ന് പറഞ്ഞ് അകറ്റുന്നത് പതിവായിരുന്നു. തിരികെ വരാന്‍ ആഗ്രഹിച്ചവരെ സംരക്ഷിക്കാന്‍ ഹിന്ദുസമൂഹത്തിന് കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിതരായിപ്പോയവരെ മടക്കിക്കൊണ്ടുവരേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്ന് ധര്‍മാചാര്യന്മാരുടെ ആ സമ്മേളനം തീരുമാനമെടുത്തു. ന ഹിന്ദു പതിതോ ഭവേത് (ഹിന്ദുക്കളില്‍ പതിതരുണ്ടാവില്ല) എന്ന് സമ്മേളനം പ്രഖ്യാപിച്ചു.
വിശ്വഹിന്ദു പരിഷത്തിന്റെ രണ്ടാം ധര്‍മ്മാചാര്യ സമ്മേളനം 1969ല്‍ കര്‍ണാടകയിലെ ഉഡുപ്പിയിലാണ് നടന്നു. എല്ലാ ഹിന്ദുക്കളും ഒരേ ഈശ്വരന്റെ മക്കളാണെന്ന് വിശ്വസിച്ചിരുന്ന ഹിന്ദു സമൂഹത്തില്‍ നിര്‍ഭാഗ്യവശാല്‍ ജാതിവിവേചനത്തിന്റെയും തൊട്ടുകൂടായ്മയുടെയും മനോഭാവം സൃഷ്ടിക്കപ്പെട്ടു. ഉഡുപ്പി സമ്മേളനം തൊട്ടുകൂടായ്മ പോലുള്ള തെറ്റായ രീതികള്‍ക്ക് ഹിന്ദുധര്‍മ്മത്തില്‍ അടിസ്ഥാനമില്ലെന്ന് ഏകകണ്ഠമായി പ്രമേയം പാസാക്കി.
ഹിന്ദവഃ സോദരാ സര്‍വേ
ന ഹിന്ദു പതിതോ ഭവേത് എന്നത് മന്ത്രമായി. ഇതും സംഘം ചെയ്തതല്ല, പക്ഷേ സംഘമുള്ളതു കൊണ്ട് സംഭവിച്ചതാണ്.
സംഘടിതസമാജത്തിന്റെ പഞ്ജരശക്തി
1981ല്‍ തമിഴ്നാട്ടിലെ മീനാക്ഷിപുരത്ത് പട്ടികജാതിക്കാരെ കൂട്ടത്തോടെ ഇസ്ലാമിലേക്ക് മതംമാറ്റിയ സംഭവമുണ്ടായി. ഇത് ഭാരതമൊട്ടാകെയുള്ള ആളുകളുടെ മനസിനെ ഇളക്കിമറിച്ചു. വിശ്വഹിന്ദു പരിഷത്ത് മുഖേന, ഇത്തരം മതപരിവര്‍ത്തനങ്ങള്‍ തടയുന്നതിനും മതപരിവര്‍ത്തനത്തിന് വിധേയരായ, ചൂഷണം ചെയ്യപ്പെടുന്നവരും നിസ്സഹായരും ആയ പിന്നാക്ക സമുദായങ്ങള്‍ക്ക് സാമൂഹിക നീതി നല്‍കാനും അവരെ ബോധവല്‍ക്കരിക്കാനും വിവിധ പദ്ധതികള്‍ ആവിഷ്ക്കരിച്ചു. സേവന പദ്ധതികള്‍ ആസൂത്രണം ചെയ്തു. രാജ്യത്തുടനീളമുള്ള 5500 ഗ്രാമങ്ങളില്‍ സംസ്കൃതി രക്ഷാ നിധി ശേഖരിക്കുന്നതിനായി പൊതുബോധവല്‍ക്കരണം സംഘടിപ്പിച്ചു. മന്ത്രത്തോടൊപ്പം രണ്ട് വരി കൂടി കൂട്ടിച്ചേര്‍ത്തു.
ഹിന്ദവഃ സോദരാ സര്‍വേ
ന ഹിന്ദു പതിതോ ഭവേത്
മമ ദീക്ഷാ ഹിന്ദു രക്ഷ
മമ മന്ത്രഃ സമാനതാ
തമിഴ്നാട്ടിലെ ഒരു ചെറിയ ഗ്രാമത്തില്‍ നടന്ന ഈ കൂട്ട മതപരിവര്‍ത്തനത്തിന് രാജ്യത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലെയും ആളുകളില്‍ നിന്നും സമാനമായ പ്രതികരണമുണ്ടായി. രാജ്യം ഒരേ വികാരം പ്രകടിപ്പിക്കുകയും അനുഭവിക്കുകയും ചെയ്തു. ഇതില്‍ നിന്ന് പ്രേരണ ഉള്‍ക്കൊണ്ട്, രാജ്യത്തുടനീളം ഏകാത്മകതയുടെ സന്ദേശമെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഭാരതമാതാവിന്റെ പ്രതിമയും ഗംഗാജലം നിറച്ച കലശവുമായി മൂന്ന് വലിയ യാത്രകള്‍ നടത്താന്‍ വിശ്വഹിന്ദു പരിഷത്ത് പദ്ധതി തയാറാക്കി. ഏകാത്മതാ യജ്ഞ യാത്ര എന്ന പേരില്‍ കാഠ്മണ്ഡു മുതല്‍ രാമേശ്വരം വരെ (പശുപതി രഥം), ഹരിദ്വാര്‍ മുതല്‍ കന്യാകുമാരി വരെ (മഹാദേവ രഥം), ഗംഗാസാഗര്‍ മുതല്‍ സോമനാഥം വരെ (കപില രഥം) മൂന്ന് രഥങ്ങള്‍ യാത്ര നടത്തി.
ഈ മൂന്ന് പ്രധാന യാത്രകള്‍ക്കൊപ്പം, മുന്നൂറിലധികം ഉപയാത്രകള്‍ ഉണ്ടായിരുന്നു, ഇത് ആയിരം ദിവസം കൊണ്ട് രാജ്യത്തെ ഒട്ടുമിക്ക പ്രദേശങ്ങളെയും കൂട്ടിയിണക്കി. ഈ യാത്രകളില്‍ ആളുകള്‍ അതാത് സ്ഥലങ്ങളില്‍ നിന്ന് തീര്‍ത്ഥങ്ങള്‍ നിറച്ച കലങ്ങളുമായി പങ്കെടുത്തു. 38,526 സ്ഥലങ്ങളില്‍ നിന്നായി 77,440 കലശങ്ങളാണ് ആരാധനയ്ക്കായി എത്തിയത്. ഇതില്‍, രാജ്യത്തെ മൊത്തം 5,64,342 സ്ഥലങ്ങളില്‍ (കോളനികള്‍ ഉള്‍പ്പെടെ) 1,84,592 സ്ഥലങ്ങളില്‍ നിന്നുള്ള 7,28,05,520 പേര് പങ്കെടുത്തു, അതില്‍ 49 ശതമാനവും സ്ത്രീകളായിരുന്നു. ജാതി, പ്രദേശം, ഭാഷ, ആരാധന തുടങ്ങിയ എല്ലാ വൈവിധ്യങ്ങള്‍ക്കും അതീതമായി ഹിന്ദുഏകതയുടെ വികാരം എല്ലായിടത്തും പ്രകടമായി.
(നാളെ: അയോദ്ധ്യ സൃഷ്ടിച്ച ദേശീയ ഉണര്‍വ്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: