ന്യൂദല്‍ഹി: മുന്‍ പ്രധാനമന്ത്രിമാരായ ചൗധരി ചരണ്‍ സിങ്, പി.വി. നരസിംഹറാവു, ഹരിതവിപ്ലവത്തിന്റെ പിതാവും പ്രമുഖ കാര്‍ഷിക ശാസ്ത്രജ്ഞനുമായ എം.എസ്. സ്വാമിനാഥന് എന്നിവരെ ഭാരതരത്ന നല്കി ആദരിക്കുമെന്ന വിവരം പ്രധാന മന്ത്രി നരേന്ദ്ര മോദി എക്സ് പ്ലാറ്റ്ഫോമിലെ കുറിപ്പിലൂടെയാണ് രാജ്യത്തെ അറിയിച്ചത്.
മുന്‍ പ്രധാനമന്ത്രി ചൗധരി ചരണ്‍ സിങ്ങിന് ഭാരത രത്ന നല്കി ആദരിക്കാന്‍ കഴിഞ്ഞത് ഈ സര്‍ക്കാരിന്റെ ഭാഗ്യമാണെന്ന് മോദി അഭിപ്രായപ്പെട്ടു. ഈ ബഹുമതി രാജ്യത്തിന് അദ്ദേഹം നല്കിയ അനുപമമായ സംഭാവനകള്‍ക്ക് സമര്‍പ്പിക്കുന്നു. കര്‍ഷകരുടെ അവകാശങ്ങള്‍ക്കും ക്ഷേമത്തിനുമായി അദ്ദേഹം തന്റെ ജീവിതം മുഴുവന്‍ ചെലവഴിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായും കേന്ദ്ര ആഭ്യന്തര മന്ത്രിയായും എംഎല്‍എ എന്ന നിലയിലും അദ്ദേഹം രാഷ്ട്രനിര്‍മ്മാണത്തിന് ഊര്‍ജം പകര്‍ന്നു. അടിയന്തരാവസ്ഥയ്ക്കെതിരായ പ്രതിഷേധത്തിലും നിലകൊണ്ടു. കര്‍ഷക സഹോദരീസഹോദരന്മാരോടുള്ള അദ്ദേഹത്തിന്റെ അര്‍പ്പണബോധവും അടിയന്തരാവസ്ഥക്കാലത്ത് ജനാധിപത്യത്തോട് കാണിച്ച പ്രതിബദ്ധതയും മുഴുവന്‍ രാജ്യത്തിനും പ്രചോദനമാമെന്നും പ്രധാനമന്ത്രി കുറിച്ചു.
മുന്‍ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിന് ഭാരതരത്ന നല്കി ആദരിക്കുമെന്ന് അറിയിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് മാദി എക്സില്‍ കുറിച്ചു. പണ്ഡിതനും രാഷ്ട്രതന്ത്രജ്ഞനുമായിരുന്ന നരസിംഹ റാവു ഭാരതത്തെ വിവിധ തലങ്ങളില്‍ സേവിച്ചു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി, കേന്ദ്രമന്ത്രി, പാര്‍ലമെന്റംഗം, നിയമസഭാംഗം എന്നീ നിലകളില്‍ വര്‍ഷങ്ങളോളം ചെയ്ത പ്രവര്‍ത്തനങ്ങളുടെ പേരില്‍ അദ്ദേഹം സ്മരിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വം ഭാരതത്തിന് സാമ്പത്തിക മുന്നേറ്റമൊരുക്കു ന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു, രാജ്യത്തിന്റെ അഭിവൃദ്ധിക്കും വളര്‍ച്ചയ്ക്കും ശക്തമായ അടിത്തറ പാകി. അദ്ദേഹം പ്രധാനമന്ത്രിയായിരുന്ന കാലയളവില്‍ ഭാരതത്തെ ആഗോളവിപണിക്ക് തുറന്നുകൊടുക്കുകയും സാമ്പത്തിക വികസനത്തിന്റെ ഒരു പുതിയ യുഗം വളര്‍ത്തിയെടുക്കുകയും ചെയ്തു. നിര്‍ണായകമായ പരിവര്‍ത്തനങ്ങളിലൂടെ ഭാരതത്തെ നയിക്കുക മാത്രമല്ല, രാജ്യത്തിന്റെ സാംസ്കാരികവും ബൗദ്ധികവുമായ പൈതൃകത്തെ അദ്ദേഹം സമ്പന്നമാക്കുകയും ചെയ്തുവെന്നും പ്രധാനമന്ത്രി കുറിച്ചു.
കൃഷിയിലും കര്‍ഷകക്ഷേമത്തിലും രാഷ്ട്രത്തിന് നല്കിയ മഹത്തായ സംഭാവനകളെ മാനിച്ച്, ഡോ. എം.എസ്. സ്വാമിനാഥന് ഭാരതരത്ന നല്കി ആദരിക്കുന്നതില്‍ അത്യധികം സന്തോഷമുണ്ടെന്ന് മോദി കുറിച്ചു. വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍ ഭാരതത്തിന്റെ കാര്‍ഷികമേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ സഹായിക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു. കാര്‍ഷിക മേഖലയെ ആധുനികവല്‍ക്കരിക്കുന്നതിനുള്ള മികച്ച ശ്രമങ്ങള്‍ നടത്തുകയും ചെയ്തു. നൂതനാശയങ്ങളുടെ ഉപജ്ഞാതാവ് എന്ന നിലയിലും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പഠനവും ഗവേഷണവും പ്രോത്സാഹിപ്പിക്കുന്ന ഉപദേഷ്ടാവ് എന്ന നിലയിലും അദ്ദേഹത്തിന്റെ അമൂല്യമായ പ്രവര്‍ത്തനങ്ങളെ വിലമതിക്കുന്നു. ഡോ. സ്വാമിനാഥന്റെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വം ഭാരതത്തിന്റെ കാര്‍ഷിക മേഖലയെ മാറ്റിമറിക്കുക മാത്രമല്ല, രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയും സമൃദ്ധിയും ഉറപ്പാക്കുകയും ചെയ്തു. അടുത്തറിയാവുന്ന ഒരാളായിരുന്നു അദ്ദേഹം, അദ്ദേഹത്തിന്റെ ഉള്‍ക്കാഴ്ചകള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും താന്‍ എപ്പോഴും വില കല്പിച്ചിരുന്നതായും മോദി കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: