പാലക്കാട്: മോദിസര്‍ക്കാരിനെതിരെ സമരം ചെയ്യുന്ന തൊഴിലാളിസംഘടനകള്‍ പിണറായി സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധനയങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ബിഎംഎസ് ദേശീയ സെക്രട്ടറി വി. രാധാകൃഷ്ണന്‍. ബിഎംഎസ് 20 ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പാലക്കാട് കോട്ട മൈതാനിയില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംയുക്ത തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ ഏകപക്ഷീയമായ സമരമാണ് പലപ്പോഴും നടക്കാറുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ പോലും നല്‍കാന്‍ കഴിയാത്ത സര്‍ക്കാരാണ് ദല്‍ഹിയില്‍ പോയി സമരം ചെയ്യുന്നത്. സമസ്തരംഗത്തും പരാജയമായ സംസ്ഥാനസര്‍ക്കാര്‍ പ്രശ്നങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയാതെ കേന്ദ്രവിരുദ്ധ സമരവുമായി ഇറങ്ങിയിരിക്കുകയാണെന്ന് അദ്ദേഹം പരിഹസിച്ചു. പൊതുമേഖലാ സംരക്ഷണത്തിനുവേണ്ടി നിരന്തരം ശബ്ദമുയര്‍ത്തിക്കൊണ്ടിരിക്കുന്ന സിപിഎം നയിക്കുന്ന കേരളസര്‍ക്കാര്‍ പൊതുമേഖലയെ സ്വകാര്യവത്കരിക്കുമെന്ന് പുതിയ ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതവരുടെ കപടമുഖം തുറന്നുകാണിക്കുന്നു.
കേരള ചരിത്രത്തില്‍ തൊഴിലാളിവിരുദ്ധ നിലപാട് സ്വീകരിച്ച ഏക സര്‍ക്കാരാണിത്. ഒന്നുമില്ലാതെ വന്ന ഇടതുതൊഴിലാളി യൂണിയന്‍ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇന്ന് കോടീശ്വരന്മാരായി മാറിയിരിക്കുന്നു.
തൊഴിലാളികളുടെ അവകാശങ്ങള്‍ക്കായി പോരാടേണ്ട ഇടതുതൊഴിലാളി സംഘടനകള്‍ ഇന്ന് മുതലാളിമാരുടെ കുഴലൂത്തുകാരായി മാറി. പിണറായി സര്‍ക്കാര്‍ ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും തൊഴിലാളി വിരുദ്ധമായാണ്. ഇതിനെതിരെ, പ്രതികരിക്കാതെ ഇടതുതൊഴിലാളി സംഘടനകള്‍ നിശബ്ദരും അടിമകളുമായി മാറിയിരിക്കുകയാണ്. ഫാസിസ്റ്റ് വിരുദ്ധനയങ്ങള്‍ക്കെതിരെ പോരാടിയവരിന്ന് അവര്‍ക്കു മുന്നില്‍ നട്ടെല്ല് പണയംവച്ച് ഓച്ഛാനിച്ച് നില്‍ക്കുന്ന ഗതികേടിലാണ്.
രാജ്യത്തെ ഏറ്റവും സമ്പന്നരായ മുഖ്യമന്ത്രിമാരില്‍ ആദ്യത്തെ അഞ്ചുപേരിലൊരാളാണ് പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാര്‍ ജനവിരുദ്ധ, ദേശവിരുദ്ധ ശക്തികള്‍ക്ക് പ്രത്യക്ഷമായും, പരോക്ഷമായും കുടപിടിക്കുകയാണെന്നും വി. രാധാകൃഷ്ണന്‍ കുറ്റപ്പെടുത്തി.
തൊഴിലാളികളുടെ അവകാശങ്ങള്‍ക്കും, സംരക്ഷണത്തിനും, മുന്നേറ്റത്തിനുമായാണ് ബിഎംഎസ് നിലകൊള്ളുന്നതെന്നും, തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെ രാഷ്‌ട്രീയം നോക്കാതെ പോരാടുമെന്നും അദ്ദേഹം പറഞ്ഞു. ജനവിരുദ്ധ-തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭപരിപാടികള്‍ക്ക് 20-ാം സംസ്ഥാന സമ്മേളനം രൂപംനല്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബിഎംഎസ് സംസ്ഥാന അധ്യക്ഷന്‍ ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ അധ്യക്ഷത വഹിച്ചു. ബിഎംഎസ് ദേശീയ സെക്രട്ടറി രാംനാഥ് ഗണേഷ്, ദക്ഷിണക്ഷേത്രീയ സംഘടനാ സെക്രട്ടറി എസ്. ദുരൈരാജ്, സഹസംഘടനാ സെക്രട്ടറി എം.പി. രാജീവന്‍, ബിഎംഎസ് തമിഴ്നാട് സംസ്ഥാന സംഘടനാ സെക്രട്ടറി തങ്കരാജ്, സംസ്ഥാന സെക്രട്ടറി പ്രഭു, ആര്‍എസ്എസ് വിഭാഗ് സംഘചാലക് വി.കെ. സോമസുന്ദരം, സ്വാഗതസംഘം ചെയര്‍പേഴ്സണ്‍ റിട്ട. ജില്ലാ ജഡ്ജ് ടി. ഇന്ദിര, നേതാക്കളായ അഡ്വ. എസ്. ആശാമോള്‍, ചന്ദ്രലത, കെ.കെ. വിജയകുമാര്‍, ഡി. ശിവജി സുദര്‍ശന്‍, പാലക്കാട് ജില്ലാ അധ്യക്ഷന്‍ സലീം തെന്നിലാപുരം, സെക്രട്ടറി കെ. രാജേഷ് എന്നിവര്‍ സംസാരിച്ചു.
പൊതുസമ്മേളനത്തിന് മുന്നോടിയായി ഗവ. വിക്ടോറിയ കോളജ് ഗ്രൗണ്ടില്‍ നിന്നാരംഭിച്ച പ്രകടനത്തില്‍ കാല്‍ലക്ഷം തൊഴിലാളികള്‍ പങ്കെടുത്തു. സംസ്ഥാന- ജില്ലാ നേതാക്കള്‍ നേതൃത്വം നല്‍കി. ഇന്ന് രാവിലെ 10.30ന് പ്രസന്നലക്ഷ്മി കല്യാണമണ്ഡപത്തില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം ബിഎംഎസ് മുന്‍ അഖിലേന്ത്യ അധ്യക്ഷന്‍ സി.കെ. സജിനാരായണന്‍ ഉദ്ഘാടനം ചെയ്യും.
അഖിലേന്ത്യ സെക്രട്ടറി രാംനാഥ് ഗണേഷ് മുഖ്യാതിഥിയായിരിക്കും. 11 മണിക്ക് നടക്കുന്ന ട്രേഡ് യൂണിയന്‍ സമ്മേളനത്തില്‍ സിഐടിയു സംസ്ഥാന ജന. സെക്രട്ടറി എളമരം കരീം, ഐഎന്‍ടിയുസി സംസ്ഥാന പ്രസി: ആര്‍. ചന്ദ്രശേഖരന്‍, എഐടിയുസി സംസ്ഥാന ജന. സെക്രട്ടറി കെ.പി. രാജേന്ദ്രന്‍, യുടിയുസി അഖിലേന്ത്യ പ്രസി: എ.എ. അസീസ്, എസ്ടിയു സംസ്ഥാന പ്രസി: അഡ്വ. എ.എ. റഹ്മത്തുള്ള, എസ്ഇഡബ്ല്യുഎ സംസ്ഥാന ജന. സെക്രട്ടറി സോണി ജോര്‍ജ് പങ്കെടുക്കും. തുടര്‍ന്ന് സംഘടനാ സമ്മേളനം നടക്കും. നാളെ സംഘടനാ തെരഞ്ഞെടുപ്പോടെ സമ്മേളനം സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: