കോഴിക്കോട്: ബെംഗളൂരു കെഎസ്ആര് സിറ്റി ജങ്ഷനില്‍ നിന്ന് രാത്രി പുറപ്പെടുന്ന 16562 നമ്പര്‍ കന്യാകുമാരി എക്സ്പ്രസിന് മാസങ്ങളായി റിസര്‍വേഷന്‍ ലഭിക്കുന്നില്ലെന്ന് യാത്രക്കാര്‍. കഴിഞ്ഞ മെയ് മൂന്നു മുതല്‍ ഓണ്‍ലൈനിലോ നേരിട്ടോ ബുക്ക് ചെയ്യാന്‍ സാധിക്കുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി.
സ്റ്റേഷനുകളില്‍ നിന്ന് യാത്രക്കാര്‍ക്ക് ഈ ട്രെയിന്‍ സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ നല്കാന് ഉദ്യോഗസ്ഥര്‍ക്ക് സാധിക്കുന്നില്ല. കെഎസ്ആര് സിറ്റി ജങ്ഷനില്‍ നിന്ന് വൈകിട്ട് 8.10ന് പുറപ്പെട്ട് പിറ്റേന്ന് വൈകിട്ട് മൂന്നുമണിയോടെ ട്രെയിന്‍ കന്യാകുമാരിയില്‍ എത്തും. നേരത്തെ ഐലന്‍ഡ് എക്സ്പ്രസ് എന്നപേരില്‍ അറിയപ്പെട്ടിരുന്ന ട്രെയിനാണിത്. ബെംഗളൂരില്‍ നിന്ന് രാത്രി പുറപ്പെടുന്നതിനാല്‍ പകല്‍ യാത്ര വേണ്ടാത്ത ദീര്‍ഘദൂര യാത്രയെന്ന സൗകര്യവമുണ്ട്.
സ്ലീപ്പര്‍ ക്ലാസുകള്‍ ഏറെയുള്ള ഈ ട്രെയിന്‍ ഇല്ലാതായതോടെ നൂറുകണക്കിന് യാത്രക്കാരാണ് വലയുന്നത്. കന്യാകുമാരി എക്സ്പ്രസിന് എന്തുസംഭവിച്ചുവെന്ന കാര്യത്തില്‍ കൃത്യമായ വിവരം നല്കാന് റെയില്‍വേ അധികൃതര്‍ക്ക് സാധിക്കുന്നില്ല. ഈ സാഹചര്യം മുതലാക്കി വന്‍തുകയാണ് സ്വകാര്യബസുകള്‍ ഈടാക്കുന്നത്. തൃശൂരില്‍ നിന്ന് ബെംഗളൂരുവിലേക്ക് 2000 മുതല്‍ 3000 വരെ തുക സ്വകാര്യബസുകള്‍ ഈടാക്കുന്നുണ്ട്. ഇതു സംബന്ധിച്ച് യാത്രക്കാര്‍ക്ക് പരാതി നല്‍കാമെന്നാണ് പാലക്കാട് ഡിവിഷനില്‍ നിന്ന് ലഭിക്കുന്ന വിവരം. യാത്രക്കാര്‍ക്ക് pgcell@pgt.rail.net.gove.in എന്ന ഇമെയിലില്‍ പരാതി നല്‍കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: