ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരായ കേരളത്തിന്റെ സമരം അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന പഴമൊഴി പോലെയെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്.
കേന്ദ്രധനമന്ത്രി പറഞ്ഞ വസ്തുതകള്‍ തെറ്റാണ് എന്ന് തെളിയിക്കാന്‍ അവരെ വെല്ലുവിളിക്കുന്നു. ജന്തര്‍മന്ദറില്‍ മൈക്ക് കെട്ടിയല്ല സഭയിലാണ് മറുപടി വേണ്ടതെന്നും മുരളീധരന് പറഞ്ഞു. ധനമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചു എന്നാണെങ്കില്‍ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കാം. മാധ്യമങ്ങളെ ഉപയോഗിച്ച് കള്ള പ്രചരണം നടത്തുകയാണ് ഇടതുസര്‍ക്കാരെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.
ഇടത് പിന്തുണയോടെ യുപിഎ ഭരണം നടന്നപ്പോള്‍ കേരളത്തിന് ലഭിച്ചതിന്റെ നാലിരട്ടി ഇന്ന് ലഭിക്കുന്നുണ്ട്. 57,000 കോടിയുടെ കണക്ക് പാര്‍ലമെന്റില്‍ ആരും ഉന്നയിച്ചില്ല. പത്ത് ചോദ്യങ്ങള്‍ താന്‍ ചോദിച്ചതിന് ഇതുവരെ മറുപടി ലഭിച്ചില്ല. അഴിമതിക്കാരെല്ലാം ഒരുമിച്ച് വന്നിരുന്നാല്‍ സമരം വിജയിക്കുമെന്ന് കരുതേണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
മകളുടെ കാര്യത്തില്‍ കള്ളം പറയുന്ന പിണറായി കേന്ദ്രം നല്കിയ പണത്തിന്റെ കണക്കില്‍ സത്യം പറയുമോ എന്നും കേന്ദ്രമന്ത്രി ചോദിച്ചു. കൈക്കൂലി ന്യായീകരിക്കാന്‍ പാടുപെടുന്ന മുഖ്യമന്ത്രി മദ്യഅഴിമതി നടത്തിയ കേജ്രിവാളിനെ കൂട്ടുപിടിച്ച് ദല്‍ഹിക്ക് വന്നിട്ട് കാര്യമില്ല.
ധനകാര്യ കമ്മിഷന്റെ മാനദണ്ഡം തിരുത്തണം എന്നാണ് ആവശ്യമെങ്കില്‍ ജന്തര്‍മന്ദറില്‍ സമരം ചെയ്യുക അല്ല വേണ്ടതെന്നും സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്താണ് ധനകാര്യ കമ്മീഷന് മാനദണ്ഡം രൂപീകരിച്ചതെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: