തിരുവനന്തപുരം: രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ക്കെതിരെ ലൈംഗിക അധിക്ഷേപം നടത്തിയെന്ന കേസില്‍ വാട്ട്‌സ്ആപ്പ് സന്ദേശം ആദ്യം അയച്ച ആളുടെ എട്ടു വിവരങ്ങള്‍ നല്‍കാന്‍ സര്‍വീസ് പ്രൊവൈഡറോട് കോടതി ഉത്തരവിട്ടു.
തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയുടേതാണുത്തരവ്. വിസമ്മതം പ്രകടിപ്പിച്ചു കൊണ്ടുള്ള വാട്ട്‌സ്ആപ് സര്‍വ്വീസ് പ്രൊവൈഡര്‍ കൃഷ്ണമോഹന്‍ ചൗന്ദരി സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലം കോടതി തള്ളി.
17ന് വീണ്ടും കേസ് പരിഗണിക്കും. എട്ടു വിവരങ്ങള്‍ നല്‍കാനാണ് എസിജെഎം എല്‍സാ കാതറിന്‍ ജോര്‍ജ് ഉത്തരവിട്ടത്. തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്.ജെ. ശ്രീകാന്ത്മിശ്ര സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവുണ്ടായത്.
രാഷ്‌ട്രീയ പ്രവര്‍ത്തകയായ പരാതിക്കാരിയുടെ മാനത്തെ അധിക്ഷേപിക്കണമെന്നും പ്രതിച്ഛായ തകര്‍ക്കണമെന്നുമുള്ള ഉദ്ദേശ്യത്തോടെ വാട്‌സ്ആപ്പിലൂടെ പ്രതി നിന്ദ്യമായ അഭിപ്രായ പ്രകടനങ്ങളും പ്രസ്താവനകളും ലൈംഗികത കലര്‍ന്ന പരാമര്‍ശങ്ങളും നടത്തിയെന്നാണ് കേസ്. തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്.ജെ. ശ്രീകാന്ത്മിശ്ര സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
സൈബര്‍ ക്രൈം പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ 9747610773 നമ്പര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചയാള്‍ എന്നാണ് എഫ്‌ഐആറില്‍ പ്രതിയെന്ന് രേഖപ്പെടുത്തിയത്. സന്ദേശങ്ങള്‍ ഷെയര്‍ ചെയ്തവരുടെ വിവരങ്ങള്‍ മാത്രമേ ആദ്യ ഘട്ടത്തില്‍ ലഭിച്ചുള്ളു. യഥാര്‍ത്ഥ ഉറവിടം കണ്ടെത്താനാകാതെ അന്വേഷണം വഴി മുട്ടി നില്‍ക്കവേയാണ് കോടതി നിര്‍ണായക ഉത്തരവ് പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: