Categories: India

അപകട ഇൻഷുറൻസ് ഏതെടുക്കണമെന്ന ആലോചനയിലാണോ? നേരെ തപാൽ ഓഫീസിലേക്ക് വിട്ട് ഗ്രൂപ്പ് ആക്സിഡന്റ് ഗാർഡ് എടുത്തോളൂ….

Published by

സാമ്പത്തിക ഭദ്രതയെന്നത് ഏതൊരു വ്യക്തിയുടെയും സ്വപ്‌നമാണ്. എന്നാൽ ഒരു അപകടം സംഭവിക്കുകയോ ആശുപത്രിയിൽ കിടക്കേണ്ടതായ സാഹചര്യമോ ഉണ്ടായാൽ സാ്മ്പത്തിക പ്രതിസന്ധി നേരിട്ടേക്കാം. സാമ്പത്തികമായി ഞെരുക്കം അനുഭവിക്കാതെ ഇത് എങ്ങനെ പരിഹരിക്കാമെന്ന് ചിന്തിക്കുന്നവരാണ് നിങ്ങളെങ്കിൽ അതിന് ചില മാർഗ്ഗങ്ങളുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം…

ഇനി തപാൽ ഓഫീസ് മുഖേന അപകട ഇൻഷുറൻസിൽ പങ്കാളിയാകുകയാണെങ്കിൽ ഇതിന് ഒരു പരിഹാരമാണ്. 396 രൂപയുടെ ചെറിയ പ്രീമിയത്തിൽ 10 ലക്ഷം രൂപ വരെ കവറേജ് നൽകുന്ന സുരക്ഷയാണ് നൽകുന്നത്. ഇതിലൂടെ ഗ്രൂപ്പ് ആക്സിഡന്റ് ഗാർഡ് ആണ് ലഭ്യമാകുന്നത്.

ഗ്രൂപ്പ് ആക്സിഡന്റ് ഗാർഡ്

18-65 പ്രായപരിധിയിൽ ഉള്ള ഉപയോക്താക്കൾക്ക് 396 രൂപ പ്രീമിയത്തിൽ ഒരു വർഷത്തേക്ക് 10 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് ലഭിക്കും. തപാൽ വകുപ്പിന്റെ ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് മുഖേനയാകും പദ്ധതി നടപ്പിലാക്കുക. ഉപയോക്താക്കൾക്ക് അവരുടെ സമീപത്തുള്ള പോസ്റ്റ് ഓഫീസിലെത്തി പദ്ധതിയിൽ അംഗമാകാവുന്നതാണ്.മോട്ടോർ വാഹന അപകടത്തിന് പുറമെ തീപ്പൊള്ളൽ, വീഴ്ച. വിഷജന്തുക്കൾ മൂലമുണ്ടാകുന്ന അപകടങ്ങൾ എന്നിവയ്‌ക്ക് കവറേജ് ലഭ്യമാകും.

അപകട മരണം, അപകടത്തിൽ സ്ഥിരമായ അല്ലെങ്കിൽ പൂർണമായ അംഗവൈകല്യം, സ്ഥിരമായ ഭാഗിക അംഗവൈകല്യം, പക്ഷാഘാതം ഇവ സംഭവിച്ചാൽ 10 ലക്ഷം രൂപ ലഭ്യമാകും. അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിച്ചാലുള്ള ആശുപത്രി ചെലവിൽ 60,000 വരെ ക്ലെയിം ലഭിക്കും. ഇതിന് പുറമെ പ്രതിദിനം 1,000 രൂപ 10 ദിവസത്തേക്ക് ലഭിക്കും. അപകട മരണം സംഭവിക്കുന്ന വ്യക്തിയുടെ കുട്ടികൾക്ക് പരമാവധി ഒരു ലക്ഷം രൂപ വരെ വിദ്യാഭ്യാസ ധനസഹായം ലഭ്യമാക്കും.

അപകടത്തിൽപ്പെട്ട വ്യക്തി ചികിത്സയിൽ കഴിയുന്നിടത്തേക്ക് കുടുംബാംഗങ്ങൾക്ക് എത്തുന്നതിനായി യാത്രാ ചെലവ് വകയിൽ 25,000 രൂപ വരെ ലഭിക്കും. അപകടത്തിൽ പരിക്കേറ്റയാൾക്ക് ജീവഹാനി ഉണ്ടായാൽ മരണാനന്തര ചടങ്ങിനായി 5,000 രൂപ ലഭിക്കും. കൂടാതെ 755 രൂപ പ്രീമിയത്തിൽ 15 ലക്ഷം രൂപയുടെ കവറേജ് നൽകുന്ന പദ്ധതിയും പോസ്റ്റൽ ബാങ്കിൽ ലഭ്യമാകും. ഇൻഷുറൻസിൽ ചേരാൻ താത്പര്യമുള്ളവർക്ക് ഈ മാസം 19 മുതൽ 23 വരെ എല്ലാ തപാൽ ഓഫീസുകളിലും പ്രത്യേക സജ്ജീകരണം ഒരുക്കിയിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക