ഡെറാഡൂണ്‍ (ഉത്തരാഖണ്ഡ്): പൊതുസിവില്‍ കോഡ് ഇസ്ലാം വിരുദ്ധമാണെന്നതു തള്ളി ഉത്തരാഖണ്ഡ് വഖഫ് ബോര്‍ഡ്. ഉത്തരാഖണ്ഡ് നിയമസഭ പൊതുസിവില്‍ നിയമം പാസാക്കിയതിനു പിന്നാലെ ഉയര്‍ന്ന പ്രചാരണങ്ങളോടു പ്രതികരിക്കുകയായിരുന്നു വഖഫ് ബോര്‍ഡ് ചെയര്മാന് ഷബാദ് ഷംസ്.
പൊതുസിവില്‍ നിയമം ഇസ്ലാം വിശ്വാസങ്ങളെ ഒരുതരത്തിലും ഹനിക്കുന്നതല്ല. അത്തരത്തിലുള്ള പ്രശ്നങ്ങള്‍ നിലനില്ക്കുന്നില്ല. ഈ നിയമം രാജ്യം ഇരുകൈകളുമുയര്‍ത്തി സ്വീകരിക്കും. ഇത് ഇസ്ലാം വിരുദ്ധമാണെന്ന ചില ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. പൊതുസിവില്‍ നിയമം ഇസ്ലാം വിശ്വാസങ്ങളെ ഹനിക്കുന്നതല്ല.
ഉറച്ച മതവിശ്വാസിയെന്ന നിലയില്‍, പരിശുദ്ധ ഖുറാന്റെ പ്രകാശത്തില്‍ നിന്നുതന്നെയാണ് ഇതു പറയുന്നത്. യുസിസി അംഗീകരിക്കുന്നതില്‍ തടസമില്ല. പൊതുസിവില്‍ നിയമത്തെ അംഗീകരിക്കാത്തവര്‍ യഥാര്‍ത്ഥ മുസ്ലിങ്ങളല്ല. അവര്‍ രാഷ്ട്രീയ മുസ്ലിങ്ങളാണ്. കോണ്‍ഗ്രസുമായോ സമാജ്വാദി പാര്‍ട്ടിയുമായോ ബന്ധമുള്ളവരാകാം അവര്‍. എല്ലാ ഉത്തരവാദിത്തത്തോടെയും ഞാന്‍ ആവര്‍ത്തിക്കുന്നു, ഈ ബില്‍ ഇസ്ലാമിനെതിരല്ല. മുസ്ലിങ്ങള്ക്കിത് അംഗീകരിക്കാന്‍ കഴിയും, ഷബാദ് ഷംസ് പറഞ്ഞു.
ഉത്തരാഖണ്ഡ് നിയമസഭയുടെ പ്രത്യേക യോഗം കഴിഞ്ഞ ദിവസമാണ് പൊതുസിവില്‍ നിയമം അംഗീകരിച്ചത്. ഉത്തരാഖണ്ഡ് ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമെന്ന് ഇതിനെ മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി വിശേഷിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: