അമേരിക്കയിലെ ഹൈന്ദവ സംഘടന പുരസ്കാരം നല്‍കിയതിലും കേരള സാഹിത്യ അക്കാദമി കേരളഗാനം നിരസ്സിച്ചതും തമ്മില്‍ ബന്ധമുണ്ടെന്നാണ് ശ്രീകുമാരന്‍തമ്പി പറയുന്നത്. കേരളഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയാണ് ആര്‍ഷദര്‍ശന പുരസ്ക്കാരം ശ്രീകുമാരന്‍തമ്പിക്ക് നല്‍കിയത്. വേദ സാഹിത്യത്തിന്റെ ധര്‍മ്മ സന്ദേശം രചനകളിലൂടെ പ്രതിഫലിപ്പിക്കുന്ന സാഹിത്യകാരനു നല്കുന്ന പുരസ്കാരമാണിത്. ആദ്യപുരസ്കാരം മഹാകവി അക്കിത്തത്തിന് തൃശ്ശൂരിലെ സാഹിത്യ അക്കാദമി ഹാളില്‍ വെച്ച് സമ്മാനിച്ചു. ശ്രീകുമാരന്‍ തമ്പിക്ക് തിരുവനന്തപുരത്ത് ഗവര്‍ണര്‍ ആരീഫ്മുഹമ്മദ് ഖാനും പുരസ്കാരം സമ്മാനിച്ചു. സി.രാധാകൃഷ്ണന് ചെയര്‍മാനായ പുരസ്കാര നിര്‍ണ്ണയസമിയില്‍ പ്രഭാവര്‍മ്മ, കെ.ജയകുമാര്‍ എന്നിവരും അംഗങ്ങളായിരുന്നു.
ഹിന്ദു സംഘടനകളുടെ പുരസ്കാരം വാങ്ങരുതെന്നും ശ്രീകുമാരന്‍ തമ്പിക്ക് പുരസ്കാരം നല്കുന്ന പരിപാടിക്ക് ആരും പോകരുതെന്നും കേരള സാഹിത്യ അക്കാദമി ചെയര്മാന് സച്ചിദാനന്ദന് തിട്ടൂരമിറക്കി. തിട്ടൂരത്തിന് വഴങ്ങിയോണോ എന്നറിയില്ല, നോട്ടീസില്‍ പേരുണ്ടായിരുന്ന പ്രഭാവര്‍മ്മയും അടൂര്‍ ഗോപാലകൃഷ്ണനും ചടങ്ങിനെത്തിയില്ല. സച്ചിദാനന്ദന്റെ കാപട്യങ്ങള്‍ പൊളിച്ച് ‘സര്‍വം സച്ചിദാനന്ദം’ എന്ന ശീര്‍ഷകത്തില്‍ ഭാഷാപോഷിണിയില്‍ ലേഖനം എഴുതിയിട്ടുള്ള പ്രഭാവര്‍മ്മയ്ക്ക് ശാസന അനുസരിക്കേണ്ട കാര്യമില്ലായിരുന്നു.
പുരസ്കാരം സ്വീകരിച്ചുകൊണ്ടുള്ള മറുപടി പ്രസംഗത്തില്‍ സ്വതസിദ്ധശൈലിയില്‍ ശ്രീകുമാരന്‍ തമ്പി സച്ചിദാനന്ദനെ പഞ്ഞിക്കിട്ടു. ”ഹിന്ദു കോണ്‍ക്ലേവിനെ എല്ലാ എഴുത്തുകാരും ബഹിഷ്കരിക്കണമെന്ന് ‘സ്വയം പ്രഖ്യാപിത അന്തര്‍ദേശീയ കവി’യില്‍ നിന്നുണ്ടായിരിക്കുന്ന പ്രസ്താവന അത്ഭുതപ്പെടുന്നു. സനാതന ധര്‍മം അന്ധവിശ്വാസമാണെന്ന് ആരെങ്കിലും പറഞ്ഞാല്‍, അത് എത്ര വലിയ കവിതയെഴുതിയ ആളാണെങ്കിലും ശുദ്ധ വിവരദോഷിയാണ്. ആരൊക്കെ ബഹിഷ്കരിച്ചാലും സനാതന ധര്‍മം ഇല്ലാതാകില്ല. ‘ലോകാസമസ്താ സുഖിനോ ഭവന്തു’ എന്നതില്‍ അപ്പുറം ഒരു സോഷ്യലിസവും കമ്മ്യൂണിസവുമില്ല” എന്നായിരുന്നു ശ്രീകുമാരന്‍ തമ്പി പറഞ്ഞത്. അതൊടെ ‘അന്തര്‍ദേശീയ കവി’ എന്ന ചെല്ലപ്പേര് സച്ചിദാനന്ദന് സ്വന്തമാകുകയും ചെയ്തു.
അതിനുള്ള പ്രതികാരമാണ് ഇപ്പോള്‍ ചെയ്യുന്നതെന്ന ശ്രീകുമാരന്‍ തമ്പിയുടെ സംശയത്തില്‍ കഴമ്പുണ്ട്. ഒരോരുത്തരും അവരവുടെ തരത്തിലാണല്ലോ പകരം വീട്ടുന്നത്. അവസരത്തിന് കാത്തിരിക്കാതെ അവസരം ഉണ്ടാക്കി പകരം ചെയ്യുകയായിരുന്നു സച്ചിദാനന്ദന്. കേരളഗാനം വേണമെന്നും തമ്പിസാര്‍ എഴുതിയാല്‍ മാത്രമേ ശരിയാകൂ എന്നു നിര്‍ബന്ധിച്ചതും അവസരം സൃഷ്ടിക്കലായിരുന്നു. എഴുതിക്കഴിഞ്ഞപ്പോള്‍ ചവറ് എന്നു പറഞ്ഞ് പരസ്യമായി ആക്ഷേപിക്കുകയും ചെയ്തു. ശതാഭിഷേക നിറവില്‍ എത്തിനില്‍ക്കുന്ന, ആറു പതിറ്റാണ്ടോളം മലയാളികളുടെ ഹൃദയത്തിന്റെ ഭാഗമായ മഹാപ്രതിഭയെ അപമാനിക്കാന്‍ ഇതുതന്നെ ധാരാളം. ബാലചന്ദ്രന് ചുള്ളിക്കാടിനെ ക്ഷണിച്ചു വരുത്തി പ്രസംഗിപ്പിച്ചിട്ട് വണ്ടിക്കാശ് പോലും കൊടുക്കാതെ മടക്കിയതൊക്കെ നിസ്സാരം.
ഇതും ഇതിലപ്പുറവും ചെയ്യുന്ന ആളാണ് സ്വയം പ്രഖ്യാപിത അന്തര്‍ദേശീയ കവി എന്നതാണ് ചരിത്രം. 1996ല്‍ കോണ്‍ഗ്രസ് ഭരിക്കുമ്പോഴാണ് സച്ചിദാനന്ദന് കേന്ദ്ര സാഹിത്യഅക്കാദമി സെക്രട്ടറിയാകുന്നത്. എ.ബി.വാജ്പേയി പ്രധാനമന്ത്രി ആയിരുന്ന മുഴുവന്‍ സമയത്തും കമ്യൂണിസ്റ്റുകള്‍ നിയന്ത്രിച്ച ഐക്യമുന്നണി ഭരണത്തിലും വീണ്ടും കോണ്‍ഗ്രസ് അധികാരത്തിലെത്തിയപ്പൊഴും സ്ഥാനം പോകാതിരിക്കാനുള്ള വഴക്കം മുന്‍ നക്സലേറ്റിന് ഉണ്ടായിരുന്നു.
‘ദളിത് സാഹിത്യം എന്നൊന്ന് ഇല്ല’, ‘മുസല്മാന് ഇന്ത്യയില്‍ ജീവിക്കാന്‍ കഴിയില്ല’ എന്നൊക്കെ പറഞ്ഞ് ‘ബിജെപി വിരുദ്ധന്‍’ കയ്യടി വാങ്ങി. തിരുവനന്തപുരത്ത് 2004ല്‍ ന്യൂ വോയ്സ് എന്ന പേരില്‍ സംഘടിപ്പിച്ച യുവ സാഹിത്യസംഗമം ഉള്‍പ്പടെ നടത്തിയ പരിപാടികളെല്ലാം വിവാദത്തിലായി. നക്ഷത്രഹോട്ടലിന്റെ ശീതളച്ഛായയില്‍ ആറ് ലക്ഷം രൂപ മുടക്കി സംഘടിപ്പിച്ച യുവ സാഹിത്യസംഗമത്തിനെത്തിയവര്‍ സച്ചിദാനന്ദന്റെ കുറെ ആശ്രിതരും വൃദ്ധകവികളും. ദേശീയ കവി സമ്മേളനം തോന്നയ്ക്കല്‍ ആശാന് സ്മാരകത്തില്‍ ഭംഗിയായി നടത്തിയിട്ടുള്ള പശ്ചാത്തലത്തില്‍ മസ്ക്കറ്റ് ഹോട്ടലില്‍ യുവ എഴുത്തുകാരുടെ സംഗമം നടത്തിയത് വിമര്‍ശിക്കപ്പെട്ടു. വേദി മാത്രമല്ല പങ്കെടുക്കേണ്ടവരെ തെരഞ്ഞെടുത്ത മാനദണ്ഡവും പ്രാതിനിധ്യ സ്വഭാവവും പ്രതിഷേധത്തിന് വിഷയമായി.
ന്യൂറൈറ്റേഴ്ഫോറത്തിന്റെ നേതൃത്വത്തില്‍ സംഗമവേദിക്കുമുന്നില്‍ പ്രതിഷേധ സമരം നടന്നു. സുകുമാര്‍ അഴിക്കോടും ബാലചന്ദ്രന് ചുള്ളിക്കാടും ലേഖനങ്ങളെഴുതി. ആറു ലക്ഷം രൂപ എന്തിനു ചെലവിട്ടു എന്നുപോലും പറയാതെ സച്ചിദാനന്ദന് മുങ്ങി. കേന്ദ്ര സാഹിത്യ അക്കാദമിയുടെ പ്രധാന ആളായി വിലസി. ഉപജാപക സംഘത്തിന്റെ കട്ടസപ്പോര്‍ട്ട് തുണയായി. നോബല്‍ സമ്മാനത്തിന് ഭാരതത്തില്‍ നിന്ന് തന്റെ പേര് പരിഗണിക്കുന്നതായി വാര്‍ത്ത വരുത്തി ആളായി. കേന്ദ്രത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ വന്നതൊടെ ദല്‍ഹിയില്‍നിന്ന് പെട്ടിയും കിടക്കയും എടുത്തു. ഇനി തന്റെ തട്ടകം കേരളമെന്നു പറഞ്ഞ് നാട്ടിലേയ്ക്ക് പോന്നു.
മോദി സര്‍ക്കാരിനോടുള്ള കലിപ്പ് തീര്‍ക്കാന്‍ ചില സാഹിത്യകാരന്മാര് അക്കാദമി അവാര്‍ഡ് തിരിച്ചുകൊടുക്കല്‍ പഹസനം നടത്തിയപ്പോള്‍ കേന്ദ്ര സാഹിത്യ അക്കാദമി അംഗത്വം രാജിവെച്ചുകൊണ്ട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. പ്രഖ്യാപനമല്ലാതെ അവാര്‍ഡ് തുകയൊന്നും ആരും തിരിച്ചുകൊടുത്തിരുന്നില്ല. കേന്ദ്ര വിരുദ്ധതയുടെ പേരില്‍ രാജിവെച്ച സച്ചിദാനന്ദന്, സിംലയിലെ കേന്ദ്ര സര്‍സര്‍വകലാശാലയിലെ ഫെലോ പദവിയില്‍ തുടരുന്നതും കാല്‍ലക്ഷം രൂപ പ്രതിമാസം വാങ്ങുന്നതും വിവാദമായി.
കേരളത്തിലെത്തി കേരളസാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തു. വൈസ് ചാന്‍സലറായി ഇരുന്ന ആള് എല്‍പി സ്ക്കൂള് പ്രധാനാധ്യാപകനാകും പോലെ. ആ സ്ഥാനത്തിരുന്നും തന്റെ അവസരവാദസ്വഭാവം ഇടയ്ക്കിടെ പുറത്തെടുത്ത സ്വയം പ്രഖ്യാപിത കവി, പദവി സമ്മാനിച്ചവര്‍ക്കും തലവേദന സൃഷ്ടിച്ചു. പിണറായി സര്‍ക്കാരിന്റെ നേട്ടം അക്കാദമി പുസ്തകങ്ങളുടെ പുറം ചട്ടയാക്കിയതും മൂന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വരരുതെന്നു പ്രാര്‍ത്ഥിക്കുന്നു എന്ന് പരസ്യമായി പറഞ്ഞതുമൊക്കെ ന്യായീകരിക്കാന്‍ സൈബര്‍ സഖാക്കള്‍ ബുദ്ധിമുട്ടി. പറഞ്ഞതു മാറ്റിപ്പറഞ്ഞും എഴുതിയത് പിന്‍വലിച്ചും നിലപാടില്ലായ്മ അടിവരയിടുകയായിരുന്നു സച്ചിദാനന്ദന്.
രചനാ വൈഭവം കൊണ്ട് പണ്ഡിതനേയും പാമരനേയും ഒരുപോലെ ആനന്ദിപ്പിച്ച ശ്രീകുമാരന്‍ തമ്പിയുടെ രചന ക്ലീഷേ ആണെന്നു എങ്ങനെ വിലയിരുത്താനാകും. ആരെക്കുറിച്ചാണ് പറയുന്നതെന്ന് ബോധ്യമുണ്ടാകണം. ശ്രീകുമാരന്‍ തമ്പി ആരാണെന്ന് തിരിച്ചറിയണം. കയ്യും കാലും പിടിക്കാതെ പ്രതിഭ കൊണ്ട് മാത്രം മലയാളസമൂഹത്തില്‍ നിലകൊള്ളുന്ന പ്രതിഭ. മലയാളികളുടെ അഭിമാനം. ആര്‍ഷദര്‍ശന പുരസ്കാരം ശ്രീകുമാരന്‍ തമ്പിക്ക് നല്കാന് ശൂപാര്‍ശ ചെയ്ത് കവി പ്രഭാവര്‍മ്മ പറഞ്ഞ വാക്കുകളെങ്കിലും സച്ചിദാനന്ദന് വായിച്ചിരുന്നെങ്കില്‍.
‘കവി, ചലച്ചിത്രനിര്‍മാതാവ്, സംവിധായകന്, ഗാനരചയിതാവ് എന്നിങ്ങനെ വ്യത്യസ്ത നിലകളില്‍ ശ്രീകുമാരന്‍ തമ്പി നല്‍കിയിട്ടുള്ള സംഭാവനകള്‍ നമ്മുടെ സാംസ്കാരിക ജീവിതത്തിന്റെ വിലപ്പെട്ട ഈടുവെയ്പ്പാണ്. പല പതിറ്റാണ്ടുകളായി കവിതയ്ക്കും ഗാനരംഗത്തും അദ്ദേഹം നല്കിപ്പോരുന്ന സേവനം മലയാള ഭാഷയെ നവീകരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും വഴിവെച്ചിട്ടുണ്ട്. കേരളീയതയുടെ സാംസ്കാരിക സത്ത പാലില്‍ പഞ്ചസാര എന്നവണ്ണം ശ്രീകുമാരന്‍ തമ്പിയുടെ ഗാനങ്ങളില്‍ നിറഞ്ഞുനില്ക്കുന്നു’ എന്ന പ്രഭാവര്‍മ്മയുടെ വിലയിരുത്തലിനെ ആര് എതിര്‍ക്കും. ഇടതുപക്ഷ സഹയാത്രികര്‍ എന്ന ലേബലില്‍ നിലവാരമില്ലാത്ത സാഹിത്യം പടച്ചുവിടുന്നവരുടെ കൂട്ടായ്മയായ പുരോഗമനകലാ സാഹിത്യ സംഘത്തിലെ വലിയ എഴുത്തുകാരനായ സച്ചിദാനന്ദന് സാധിക്കുമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: