മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ദല്‍ഹിയില്‍ നടന്ന സമരം കാര്യമായ ഒരു ചലനവുമുണ്ടാക്കാതെ അവസാനിച്ചിരിക്കുകയാണ്. സിപിഎമ്മിനും ഇടതുമുന്നണിക്കും പുറത്തുനിന്ന് മോദി വിരോധം തലയ്ക്കു പിടിച്ച ചില പരിചിത മുഖങ്ങള്‍ പിണറായി വിജയനുമായി കൈകോര്‍ക്കാന്‍ എത്തിയെങ്കിലും അത് തുല്യദുഃഖിതരുടെ ഐക്യപ്രകടനമായേ ജനങ്ങള്‍ കാണുകയുള്ളൂ. സിപിഎം വിധേയത്വം കൈമുതലാക്കിയ ചില മലയാള മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും ദല്‍ഹിയിലെ പിണറായിയുടെ പ്രതിഷേധ പ്രകടനം വലിയ സംഭവമായി ചിത്രീകരിച്ചുവെങ്കിലും കേരളം നേരിടുന്ന ഒരു പ്രശ്നവും പരിഹരിക്കാനുള്ളതല്ല ഇതെന്ന് സാമാന്യബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാവും. കേരളത്തെ കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുന്നു എന്നു പറയുന്നത് വെറും കള്ളപ്രചാരണമാണ്. ഇതിന് സിപിഎമ്മും ഇടതുമുന്നണി സര്‍ക്കാരും പറയുന്ന കാരണങ്ങള്‍ വസ്തുതാവിരുദ്ധവും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതുമാണെന്നും ബിജെപി നേതാക്കളും കേന്ദ്രമന്ത്രിമാരും പലതവണ കണക്കു നിരത്തി സ്ഥാപിച്ചിട്ടുള്ളതാണ്. അര്‍ഹതപ്പെട്ട ഒരു ആനുകൂല്യവും നരേന്ദ്ര മോദി സര്‍ക്കാര്‍ കേരളത്തിന് നല്‍കാതിരുന്നിട്ടില്ല. കിട്ടാനുള്ളത് മുഴുവന്‍ വാങ്ങി ധൂര്‍ത്തടിക്കുകയും, പാര്‍ട്ടിക്കായി വകമാറ്റുകയും ചെയ്തശേഷം കൂടുതല്‍ കടമെടുക്കാന്‍ അനുവദിക്കണമെന്ന് മുറവിളി കൂട്ടുകയാണ്. ദുര്‍ഭരണംകൊണ്ട് സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥ തകര്‍ക്കുകയും ഖജനാവ് കാലിയാക്കുകയും ചെയ്തിരിക്കുന്നു. ക്ഷേമ പെന്‍ഷനുകള്‍പോലും മുടങ്ങിയിരിക്കുകയാണ്. ഇതിന്റെ ഉത്തരവാദിത്വം കേന്ദ്രസര്‍ക്കാരിന്റെ തലയില്‍ കെട്ടിവയ്ക്കാനുള്ള കള്ളക്കളിയാണ് നടത്തുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഎമ്മിനും ഇടതുമുന്നണിക്കും ഇങ്ങനെയൊരു രാഷ്ട്രീയ തട്ടിപ്പ് നടത്താതെ നിവൃത്തിയില്ല.
കേന്ദ്രസര്‍ക്കാര്‍ വിവിധ പദ്ധതികള്‍ക്കായി നല്കിയ പണം വകമാറ്റി ചെലവഴിച്ചും, പദ്ധതികള്‍ നടപ്പാക്കാതെയും കേരളത്തിലെ ജനങ്ങളെ ദ്രോഹിക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്തത്. കേന്ദ്രം പണം നല്കുന്ന പല പദ്ധതികളും സ്വന്തം പേരില്‍ അവതരിപ്പിച്ച് രാഷ്ട്രീയനേട്ടമുണ്ടാക്കുകയും ചെയ്തു. എന്നിട്ടും കേന്ദ്രത്തെ കുറ്റപ്പെടുത്തുന്ന നന്ദികേടാണ് പിണറായി സര്‍ക്കാര്‍ കാണിക്കുന്നത്. കേന്ദ്രസര്‍ക്കാരിനെതിരെ ദല്‍ഹിയില്‍ സംഘടിപ്പിച്ചത് സിപിഎമ്മിന്റെ രാഷ്ട്രീയ സമരമാണ്. ഇതിനുവേണ്ടി ചെലവഴിച്ച ലക്ഷക്കണക്കിന് രൂപയിലും കേന്ദ്രം നല്കുന്ന പണമുണ്ടാവാം. കേന്ദ്രസര്‍ക്കാര്‍ സാമ്പത്തികമായി ഞെരുക്കുകയാണ് എന്നു പറയുന്നത് പതിവു പല്ലവിയാണ്. ഈ ആരോപണവുമായി സുപ്രീംകോടതിയില്‍ കേസിനു പോയത് വലിയ തിരിച്ചടിയായിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ വീഴ്ചകള്‍ സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ അക്കമിട്ടു നിരത്തിയതോടെ പിണറായിക്കും ധനമന്ത്രി ബാലഗോപാലിനും മിണ്ടാട്ടമില്ല. ഇനി കോടതിയില്‍ എന്തു പറഞ്ഞ് പിടിച്ചുനില്‍ക്കുമെന്ന ആശങ്കയിലാണ് ഇവര്‍. ഇതിനിടെയാണ് തികച്ചും രാഷ്ട്രീയപ്രേരിതമായി ദല്‍ഹിയില്‍ സമരം സംഘടിപ്പിച്ചത്. നരേന്ദ്ര മോദി സര്‍ക്കാര്‍ മൂന്നാം തവണയും അധികാരത്തില്‍ വരുമെന്ന് ഉറപ്പായതോടെ പരിഭ്രാന്തരായിരിക്കുന്ന അഴിമതിക്കാരായ ചില രാഷ്ട്രീയ നേതാക്കള്‍ സമരത്തെ പിന്തുണയ്ക്കാനെത്തിയത് സ്വാഭാവികമാണ്. ഇന്നു ഞാന്‍ നാളെ നീ എന്ന രീതിയില്‍ ഇവരില്‍ പലരും അഴിമതിക്കേസില്‍ അഴിയെണ്ണാന്‍ പോവുകയാണ്. വിളിക്കേണ്ട താമസമേയുള്ളൂ, മോദി സര്‍ക്കാരിനെതിരെ ഇവരൊക്കെ ഓടിയെത്തും.
നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ തുല്യദുഃഖിതരാണ് ദല്‍ഹിയില്‍ ഒത്തുചേര്‍ന്നതെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന് ഇതില്‍ വ്യക്തിപരമായ അജണ്ടയുമുണ്ട്. സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനമായ കെഎസ്ഐഡിസിയെ മറയാക്കി ഒരു സ്വകാര്യ കമ്പനിയില്‍നിന്ന് മകള്‍ മാസപ്പടി കൈപ്പറ്റിയെന്ന കേസില്‍ അന്വേഷണം നടക്കുകയാണ്. മുഖ്യമന്ത്രിയെന്ന നിലയ്ക്കുള്ള പിണറായിയുടെ സ്വാധീനമുപയോഗിച്ചാണ് മകള്‍ ഈ അഴിമതി നടത്തിയതെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. അന്വേഷണം വീണയുടെ വീട്ടുപടിക്കല്‍ എത്തിനില്‍ക്കുകയാണ്. പിടിക്കപ്പെട്ടാല്‍ ഒരുപാട് അസ്ഥികൂടങ്ങള്‍ അലമാരയില്‍നിന്നു വീഴുമെന്ന് പിണറായിക്ക് നന്നായറിയാം. ഇതുകൊണ്ടാണ് മകളെ രക്ഷിക്കാന്‍ പാര്‍ട്ടിതന്നെ രംഗത്തെത്തിയത്. കോടിയേരി ബാലകൃഷ്ണന്റെ മക്കള്‍ കേസില്‍പ്പെട്ടപ്പോള്‍ ഇടപെടാതിരുന്ന പാര്‍ട്ടിയാണ് പിണറായിയുടെ മകളെ രക്ഷിക്കാന്‍ എടുത്തുചാടിയിരിക്കുന്നത്. തന്റെ കൈകള്‍ ശുദ്ധമാണെന്നും മറ്റും പിണറായി വിജയന് അവകാശപ്പെടുന്നുണ്ടെങ്കിലും മകളുടെ അഴിമതി വ്യക്തമാണ്. കേന്ദ്ര ഏജന്‍സികള്‍ക്കു മുന്നില്‍ അവര്‍ക്ക് ഹാജരാവേണ്ടിവരും. പിന്നെ എന്തു സംഭവിക്കുമെന്ന് ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. ഇങ്ങനെ സംഭവിക്കാതിരിക്കാന്‍ കേന്ദ്രസര്‍ക്കാരിനെ ഒന്നു വിരട്ടിനോക്കുകയാണ് പിണറായി. ഇതിനാണ് താന്‍ ഒറ്റയ്ക്കല്ലെന്നും മറ്റു ചിലര്‍ ഒപ്പമുണ്ടെന്നും കാണിക്കുന്നത്. മകള്‍ക്കെതിരായ അന്വേഷണം തന്നിലേക്കു നീങ്ങുമെന്ന് പിണറായിക്ക് നന്നായി അറിയാമല്ലോ. അങ്ങനെ സംഭവിച്ചാല്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രതികാര നടപടിയാണെന്ന് വരുത്തിത്തീര്‍ക്കുക ദല്‍ഹി സമരത്തിന്റെ ദുഷ്ടലാക്കുകളിലൊന്നാണ്. വരുംദിവസങ്ങളില്‍ ഈ കള്ളപ്രചാരണം ശക്തമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: