കൊച്ചി: രാത്രികാലങ്ങളില്‍ തെരുവുവിളക്കിന്റെ വെളിച്ചത്തിലും ജോലിക്കിടയിലെ ഇടവേളകളിലും ജര്‍മന്‍ ഭാഷാ പഠനത്തിന് സമയം കണ്ടെത്തുന്ന പരിശ്രമശാലിയായ പാലക്കാട് സ്വദേശി അഖില്‍ ശിവദാസന്റെ ജര്‍മ്മന്‍ സ്വപ്നങ്ങള്‍ ലക്ഷ്യത്തിലെത്താന്‍ വഴിയൊരുങ്ങുന്നു.
ഓണ്‍ലൈന്‍ ഭക്ഷണ വിതരണത്തിന്റെ നിരന്തര ഓട്ടത്തിനിടയില്‍ തെരുവോരങ്ങള്പോലും പഠനയിടമാക്കുന്ന യുവാവിനെക്കുറിച്ചു കഴിഞ്ഞദിവസം മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത വൈറലായതോടെയാണ് അഖിലിന്റെ ഇച്ഛാശക്തിയും കഠിന പരിശ്രമവും പുറംലോകം അറിഞ്ഞത്. അച്ഛനും അമ്മയും നഷ്ടപ്പെട്ട ഈ ചെറുപ്പക്കാരന് മുത്തച്ഛനും മുത്തശ്ശിയും അടങ്ങിയ കുടുംബം പോറ്റാന്‍ രാപകലില്ലാതെ പായുമ്പോഴും വന്‍ സാമ്പത്തിക ചെലവ് വരുന്ന തന്റെ മോഹങ്ങള്‍ കൈവിടാന്‍ അഖില്‍ തയ്യാറല്ല. ഇതറിഞ്ഞ കൊച്ചി വൈറ്റിലയിലെ ഗ്ലാന്‍സന്റ് ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥിരോത്സാഹിയായ ഈ നിര്‍ധന യുവാവിന്റെ പഠനം മുതല്‍ ജര്‍മ്മനിയില്‍ ജോലി നേടുന്നതു വരെയുള്ള മുഴുവന്‍ സാമ്പത്തിക ഉത്തരവാദിത്വങ്ങളും ഏറ്റെടുക്കാന്‍ തീരുമാനിച്ചു.
ജര്‍മന്‍ ഭാഷ പഠിപ്പിക്കുന്ന ഗ്രൂപ്പിന്റെ കൊച്ചി സെന്ററിലാണ് പഠനം സൗകര്യം ഒരുക്കുക. കഴിഞ്ഞദിവസം കൊച്ചിയില്‍ ഗ്ലാന്‍സന്റ് സിഇഒ മാര്‍ക്ക് വിജയകുമാര്‍ ഇതുസംബന്ധിച്ച ധാരണപത്രം അഖിലിന് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: