ന്യൂദല്‍ഹി: രാജ്യത്തെ ഡിജിറ്റല്‍ പേമെന്റ് പ്ലാറ്റ്ഫോമായ പേടിഎമ്മിന് വ്യവസ്ഥകള്‍ പാലിക്കാന്‍ മതിയായ സമയം നല്‍കിയിട്ടുണ്ടെന്ന് ഭാരതീയ റിസര്‍വ് ബാങ്ക്. മുന്നറിയിപ്പുണ്ടായിട്ടും വ്യവസ്ഥകള്‍ പാലിക്കാതിരുന്നതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. പണവായ്പാ നയ തീരുമാനങ്ങള്‍ വിശദീകരിക്കുന്നതിനിടെയായിരുന്നു പേടിഎമ്മിനെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമര്‍ശം.
വ്യവസ്ഥകള്‍ പാലിക്കുന്നതിന് അവരെ പ്രേരിപ്പിക്കുന്നതിലാണ് ആര്‍ബിഐ ശ്രദ്ധചെലുത്തുന്നത്. നിക്ഷേപകര്‍ക്കാണ് മുന്‍ഗണന. സാമ്പത്തിക സ്ഥിരതയിലാണ് പ്രധാന ശ്രദ്ധ. ആര്‍ബിഐ ഉത്തരവാദിത്തമുള്ള സ്ഥാപനമാണ്. ഇതിന്റെ എല്ലാ വ്യവസ്ഥകളും പാലിക്കുന്ന ഒരു പ്ലാറ്റ്ഫോമിനെതിരെ വെറുതെ നടപടിയെടുക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വ്യവസ്ഥകള്‍ തുടര്‍ച്ചയായി ലംഘിച്ചതിനാലാണ് പേടിഎം പേമെന്റ് ബാങ്കിനെതിരെ നടപടിയെടുത്തതെന്ന് റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ ജെ. സ്വാമിനാഥന് പറഞ്ഞു. മുന്നറിയിപ്പുകള്‍ നല്‍കിയതാണ്. തിരുത്തല്‍ നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യമായ സമയം അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫെബ്രുവരി 29 മുതലാണ് ആര്‍ബിഐ പേടിഎമ്മിന്റെ പുതിയ നിക്ഷേപങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പിന്നാലെ പേടിഎമ്മിന്റെ ഓഹരി വിലയില്‍ ഇടിവ് നേരിട്ടിരുന്നു. ഇതിപ്പോള്‍ മെച്ചപ്പെട്ടിട്ടുണ്ട്.
പ്രതിസന്ധി പരിഹരിക്കാനായി പേടിഎം സിഇഒ വിജയ് ശേഖര്‍ ശര്‍മ കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമനുമായും ആര്‍ബിഐ ഉദ്യോഗസ്ഥരുമായും കഴിഞ്ഞദിവസം ചര്‍ച്ച നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: