ഭോജിപുര(ഉത്തര്‍പ്രദേശ്): മുന്‍ വിദേശകാര്യ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സല്മാന് ഖുര്‍ഷിദിന്റെ ഭാര്യ ലൂയിസ് ഖുര്ഷിദടക്കം രണ്ട് പേര്‍ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു.
ലൂയിസ് ഖുര്‍ഷിദ് പ്രൊജക്ട് ഡയറക്ടറായ ഫറൂഖാബാദിലെ ഡോ. സക്കീര്‍ ഹുസൈന് മെമ്മോറിയല്‍ ട്രസ്റ്റ് ദിവ്യാംഗര്‍ക്ക് കൃത്രിമ കൈകാലുകള്‍ വിതരണം ചെയ്തതിന്റെ പേരില്‍ 71 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലാണിത്. പലതവണ സമന്‍സ് അയച്ചിട്ടും രണ്ട് പ്രതികളും കോടതിയില്‍ ഹാജരാകാത്തതിനെത്തുടര്‍ന്നാണ് ഭോജിപുര പ്രത്യേക കോടതി വാറന്റ് പുറപ്പെടുവിച്ചത്. കേസ് 16ന് വാദം കേള്‍ക്കും.
ഭോജിപുര പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ട്രസ്റ്റ് സെക്രട്ടറി മുഹമ്മദ് അത്തര്‍ ഫാറൂഖിക്കെതിരെയും വാറന്റുണ്ട്.
2009-10 വര്‍ഷത്തില്‍ ഭോജിപുരയില്‍ ദിവ്യാംഗര്‍ക്ക് കൃത്രിമ കൈകാലുകളും ഉപകരണങ്ങളും വിതരണം ചെയ്യുന്ന പരിപാടി സംഘടിപ്പിച്ചെന്നും ഇതില്‍ വ്യാജ സീലുകളും ഒപ്പുകളും ഉപയോഗിച്ച് സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്തതതെന്നും സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അചിന്ത്യ ദ്വിവേദി കോടതിയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: