ഗുവാഹത്തി: അസമിൽ എൻഡിഎ സർക്കാർ അജയ്യരാണെന്ന് ഉറക്കെ പ്രഖ്യാപിച്ച് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 126 സീറ്റുകളിൽ 100 സീറ്റുകളെങ്കിലും ബിജെപി നേതൃത്വത്തിലുള്ള സഖ്യം നേടുമെന്നും അസമിൽ തുടർച്ചയായ മൂന്നാം എൻഡിഎ സർക്കാർ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ അവകാശപ്പെട്ടു.
തന്റെ സർക്കാർ ഒരു ആധുനിക അസമിന് അടിത്തറയിട്ടിരിക്കുന്നു. 2026ൽ 100 സീറ്റിൽ കുറയാതെ ഞങ്ങൾ സർക്കാർ രൂപീകരിക്കില്ല. എന്റെ സർക്കാരിന്റെ മൂന്ന് വർഷത്തെ ഭരണം വലിയ സമയമല്ല, എന്നാൽ ഈ മൂന്ന് വർഷത്തിനുള്ളിൽ നിരവധി സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടിട്ടുണ്ട്. അസമിന്റെ സുവർണ്ണ കാലഘട്ടമാണിതെന്ന് നിയമസഭയിൽ ഗവർണറുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തിന് മറുപടിയായി ശർമ്മ പറഞ്ഞു.
വികസനത്തിലും പുരോഗതിയിലും ജനങ്ങൾ വിശ്വസിച്ചിരുന്നതിനാൽ ഇക്കാലയളവിൽ ഒരു സമരമോ പ്രക്ഷോഭമോ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ കാലത്ത് മെഡിക്കൽ കോളേജുകളുടെ എണ്ണം മൂന്നിൽ നിന്ന് ആറായി ഉയർന്നപ്പോൾ ബിജെപിയുടെ ഭരണകാലത്ത് അത് 25 ആയി ഉയർന്നെന്ന് ശർമ്മ പറഞ്ഞു. ഏഴായിരത്തിലധികം യുവാക്കൾ ഇരുട്ടിൽ നിന്ന് പുറത്തുവന്ന് മുഖ്യധാരയിൽ ചേർന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ബ്രഹ്മപുത്രയുടെ കുറുകെയുള്ള പാലങ്ങളുടെ എണ്ണം ഇരട്ടിയിലധികമായി വർദ്ധിച്ചു, മൂന്നെണ്ണം കൂടി ഉടൻ ആരംഭിക്കും. അസമിനെ വിഭജിക്കാൻ ആവശ്യമുള്ളവരെ ഞങ്ങൾ ചർച്ചകളിലൂടെ മറുപടി നൽകിയെന്നും അദ്ദേഹം പറഞ്ഞു.
തന്റെ സർക്കാരിന്റെ മൂന്ന് വർഷം അസമിന്റെ ഭാവിയെ മാറ്റിമറിച്ചെന്നും രാജ്യം മുഴുവൻ അതിനെക്കുറിച്ച് സംസാരിക്കുകയാണെന്നും ശർമ്മ തന്റെ ഒരു മണിക്കൂർ നീണ്ട പ്രസംഗത്തിൽ പറഞ്ഞു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സംസ്ഥാനത്ത് 75 സീറ്റുകൾ നേടി. ബിജെപി 60 സീറ്റുകൾ നേടിയപ്പോൾ സഖ്യകക്ഷികളായ എജിപിയും യുപിപിഎല്ലും യഥാക്രമം ഒമ്പതും ആറ് സീറ്റുകളും നേടി.
എന്നാൽ പ്രതിപക്ഷത്ത് കോൺഗ്രസ് 29, എഐയുഡിഎഫ് 16, ബിപിഎഫ് നാലും സിപിഐ എം ഒരു സീറ്റും നേടി. റൈജോർ ദളും ഒരു സീറ്റ്നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: