ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ശീവേലിക്ക് കൊണ്ടുവന്ന ആനകള്‍ക്ക് പാപ്പാന്മാരുടെ ക്രൂരമര്‍ദനം. തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിത നടയ്‌ക്കിരുത്തിയ കൃഷ്ണയെന്ന ആനയ്‌ക്കും കേശവന്‍കുട്ടി എന്ന ആനയ്‌ക്കുമാണ് ക്രൂരമര്‍ദനമേറ്റത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
കുളിക്കാന്‍ കൂട്ടാക്കാത്തതിനായിരുന്നു മര്‍ദനം. കേശവന്‍കുട്ടി എന്ന ആനയെ തല്ലി എഴുന്നേല്‍പ്പിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ഒരു മാസം മുമ്പുള്ള ദൃശ്യങ്ങളെന്നാണ് ആനക്കോട്ട അധികൃതരുടെ വിശദീകരണം. വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഗുരുവായൂര്‍ ദേവസ്വം റിപ്പോര്‍ട്ട് തേടി.
ആനക്കോട്ടയുടെ ചുമതലയുള്ള ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്ററോടാണ് റിപ്പോര്‍ട്ട് തേടിയത്. ആനക്കോട്ടയിലെത്തി ഡോക്ടര്‍മാര്‍ ആനകളെ പരിശോധിച്ച് റിപ്പോര്‍ട്ട് നല്കിയിട്ടുണ്ട്. റിപ്പോര്‍ട്ട് പരിശോധിച്ചാവും തുടര്‍നടപടി സ്വീകരിക്കുക. സംഭവത്തിന് പിന്നാലെ രണ്ട് പാപ്പാന്‍മാരെ സസ്പെന്‍ഡ് ചെയ്തു. ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ദേവസ്വത്തോട് റിപ്പോര്‍ട്ട് തേടി. എരുമപ്പെട്ടി ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ആനത്താവളത്തിലെത്തി ആനകളെ പരിശോധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: